|    Oct 17 Wed, 2018 5:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിട പറഞ്ഞത് സൗഹാര്‍ദത്തിന്റെ രാഷ്ട്രീയം; പ്രതികാരത്തിന്റെയും

Published : 8th August 2018 | Posted By: kasim kzm

ചെന്നൈ: സ്വാതന്ത്ര്യാനന്തര തമിഴ്‌നാടിന്റെ രാഷ്ട്രീയ ഗതിവിഗതികളെ സമ്പൂര്‍ണമായി കൈപിടിയിലൊതുക്കിയ എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കപ്പെടുന്ന നാമമാണ് കലൈഞ്ജര്‍ കരുണാനിധിയുടേത്. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകനായ അണ്ണാദുരൈയില്‍ നിന്നു രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ കരുണാനിധിയും എംജിആറും അധികാര രാഷ്ട്രീയത്തിലേക്കെത്തിയതോടെ ഉറ്റ സൗഹൃദത്തില്‍നിന്നു നിതാന്ത വൈരത്തിലേക്ക് എടുത്തെറിയപ്പെടുന്നതാണ് കണ്ടത്. കൊണ്ടും കൊടുത്തുമുള്ള രാഷ്ട്രീയ ചുവടുവയ്പുകളാണ് പിന്നീട് തമിഴകം ദര്‍ശിച്ചത്.
കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി മുഖ്യമന്ത്രിപദത്തിലെത്തിയ അണ്ണാദുരൈയുടെ മരണത്തോടെയാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രിയായത്. എംജിആറിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കരുണാനിധി മുഖ്യമന്ത്രിപദത്തിലെത്തിയതെങ്കിലും ആശയവ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീട് ഇരുവരും വഴിപിരിഞ്ഞു.
1972ല്‍ ഡിഎംകെ വിട്ട് എംജിആര്‍ രൂപീകരിച്ച ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഡിഎംകെക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. എംജിആറിന്റെ മരണശേഷം എഐഎഡിഎംകെ, എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ രണ്ടായി പിളര്‍—ന്നു. ജാനകി രാമചന്ദ്രന്റെ വിഭാഗത്തിന് അധികം ആയുസ്സുണ്ടായില്ല. പുറന്തള്ളപ്പെട്ട ജയലളിത പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി.
രാഷ്ട്രീയമായും വ്യക്തിപരമായും ബദ്ധവൈരികളായിരുന്നു ജയലളിതയും കരുണാനിധിയും. അടുത്ത സുഹൃത്തുക്കളായിരുന്ന എംജിആറിനെയും കരുണാനിധിയെയും തമ്മിലകറ്റിയത് ജയലളിതയാണെന്നും ഇതാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമെന്നും ശ്രുതിയുണ്ട്.
1989ലാണ് കരുണാനിധിയും ജയലളിതയും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടിയ സംഭവം നടന്നത്. കരുണാനിധി മൂന്നാം വട്ടവും മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ സമയം. ധനകാര്യം കൈകാര്യം ചെയ്തിരുന്നതും കരുണാനിധിയായിരുന്നു. സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ജയലളിത. ബജറ്റ് അവതരണത്തിനിടെ ഡിഎംകെ അംഗങ്ങളും എഐഎഡിഎംകെ അംഗങ്ങളും തമ്മില്‍ പിടിവലിയും ബഹളവുമായി. സഭയില്‍നിന്നു പുറത്തേക്ക് വരുകയായിരുന്ന ജയലളിതയെ പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകന്‍ വഴി തടഞ്ഞുനിര്‍ത്തുകയും സാരിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു.
ആക്രമണത്തില്‍ അവരുടെ സാരി കീറി. നിയമസഭയില്‍ ജയലളിത അപമാനിക്കപ്പെട്ടു എന്ന വാര്‍ത്തയും അതേത്തുടര്‍ന്ന് അവരുടെ ശപഥവും ഏറെ മാധ്യമശ്രദ്ധ നേടി. ഈ സംഭവത്തില്‍ ഡിഎംകെയും കരുണാനിധിയും ഏറെ പഴികേള്‍ക്കേണ്ടിയും വന്നു. പിന്നീട് 2001ല്‍ ജയലളിത അധികാരത്തിലെത്തിയപ്പോള്‍ മേല്‍പ്പാലം അഴിമതിക്കേസില്‍ കരുണാനിധിയെ അറസ്റ്റ് ചെയ്തു പകരം വീട്ടി. അര്‍ധരാത്രിയിലെ ആ അറസ്റ്റ് ജയലളിത-കരുണാനിധി ശത്രുതയുടെ തോത് വെളിപ്പെടുത്തുന്നതായിരുന്നു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജ്വലിച്ചുനിന്ന മൂന്നു നക്ഷത്രങ്ങള്‍ക്കൊപ്പം നിതാന്ത ശത്രുത—യുമാണ് കാണാമറയത്തേക്ക് മറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss