|    Jun 20 Wed, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിട പറഞ്ഞത് പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ നേതാവ്

Published : 11th January 2017 | Posted By: fsq

kottumala-babbu-musliyar

മലപ്പുറം: പാണ്ഡിത്യവും നേതൃഗുണവും സമഞ്ജസമായി സമ്മേളിച്ച വ്യക്തിത്വമായിരുന്നു കോട്ടുമല ബാപ്പുമുസ്ല്യാര്‍. ഓത്തുപള്ളിയില്‍ അറിവിന്റെ പിച്ചവച്ച അദ്ദേഹം ജാമിഅ നൂരിയയില്‍നിന്നും ബിരുദമെടുത്താണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അറിവിന്റെ ഗാംഭീര്യവും മനക്കരുത്തും അദ്ദേഹത്തെ എല്ലാ രംഗത്തും മുന്നോട്ടു പോകാന്‍ സഹായിച്ചു. ഭാര്യാപിതാവ് ചാപ്പനങ്ങാടി ബാപ്പു മുസ്്‌ല്യാര്‍, വല്യുപ്പ അബ്ദുല്‍ബാരി കോമു മുസ്‌ല്യാര്‍, പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നിവരെല്ലാം സമസ്തയുടെ നേതാക്കളായിരുന്നു. ഇവരുടെ കൂടെയാണ് ബാപ്പു മുസ്‌ല്യാര്‍ ജീവിച്ചതും വളര്‍ന്നതും. 24ാം വയസ്സില്‍ സമസ്ത മലപ്പുറം മണ്ഡലം സെക്രട്ടറിയായി പൊതുപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് സമസ്തയിലെ ഏറ്റവും പ്രബലനായ നേതാവായി. സമസ്ത സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡിന്റെ ജന. സെക്രട്ടറി, സുപ്രഭാതം മാനേജിങ് ഡയറക്ടര്‍, കടമേരി റഹ്്മാനിയ കോളജ് പ്രിന്‍സിപ്പാള്‍ എന്നു തുടങ്ങി സമസ്തയുടെ എല്ലാ സുപ്രധാന ഘടകങ്ങളുടെയും അവസാന വാക്കായിരുന്നു. പരമ്പരാഗത രീതികളില്‍നിന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഗുണകരമായ രീതിയില്‍ പുതിയ പാതകളിലേക്ക് അദ്ദേഹം കൈപിടിച്ച് ആനയിച്ചു. സ്വന്തം സംഘടനയുടെ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ മറ്റ് മതസാമൂഹിക സംഘടനകളുമായി ഉറ്റ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മതവും സമൂഹവും വെല്ലുവിളികള്‍ നേരിട്ടപ്പോഴൊക്കെ ഐക്യത്തിന്റെ കാഹളം മുഴക്കി പ്രതിരോധത്തിന് അദ്ദേഹം നേതൃത്വം നല്‍കി. ശരിഅത്ത്, ഏക സിവില്‍കോഡ്, വിവാഹപ്രായം, മുത്വലാഖ് എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ മുസ്്‌ലിം സമൂഹത്തിന്റെ പൊതുവക്താവാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും മോദിക്കുമെതിരേ സംസ്ഥാനത്തുടനീളം സമസ്തയുടെ പേരില്‍ പ്രചാരണം നടത്താന്‍ അദ്ദേഹമുണ്ടായിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും ജനാധിപത്യവും തകരാതിരിക്കാന്‍ ബിജെപിയെ തോല്‍പിക്കണമെന്നും അദ്ദേഹം എല്ലായിടത്തും ആവശ്യപ്പെട്ടിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഹാജിമാരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഹജ്ജ് ക്വാട്ട നേടിയെടുത്ത് തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിനും അദ്ദേഹം നന്നായി പാടുപെട്ടു. ഒടുവില്‍ അതിനുള്ള അംഗീകാരമെന്നോണം കേരള ഹജ്ജ് കമ്മിറ്റിയെ എല്ലാവരും മാതൃകയാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കാര്യങ്ങള്‍ മനസ്സിലാക്കാനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും ബാപ്പു മുസ്‌ല്യാര്‍ ബദ്ധശ്രദ്ധനായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സമസ്തയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ബാപ്പു മുസ്‌ല്യാരുടെ അഭിപ്രായങ്ങളായിരുന്നു നിര്‍ണായകമായത്. സമസ്തയുടെ ആശയങ്ങളും ആദര്‍ശങ്ങളും നയങ്ങളും നിലപാടുകളും പൊതുജനത്തെ അറിയിക്കാന്‍ പുതിയ സ്വന്തം പത്രം എന്ന ആശയവും മുന്നോട്ടുവച്ചത് അദ്ദേഹമായിരുന്നു. അങ്ങിനെയാണ് സുപ്രഭാതം പത്രം ഉണ്ടായത്. അതിന്റെ മാനേജിങ് ഡയറക്ടറും അദ്ദേഹം തന്നെയായിരുന്നു. സമസ്തയില്‍നിന്ന് പിരിഞ്ഞുപോയ വിഭാഗവുമായിപ്പോലും പൊതുപ്രശ്‌നങ്ങളില്‍ കൂടിയാലോചനകള്‍ നടത്താനും അദ്ദേഹം മടിച്ചിരുന്നില്ല. ഒരേ സ്ഥാപനത്തില്‍ 35 വര്‍ഷം സേവനമനുഷ്ഠിച്ച മതപണ്ഡിതന്‍മാര്‍ ഏറെയുണ്ടാവില്ല. മുസ്‌ലിം മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ എല്ലാവരുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന്റെ അടുത്തദിവസം തലസ്ഥാനത്തുപോയി സമുദായത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിന് നേതൃത്വം കൊടുത്തത് കോട്ടുമലയായിരുന്നു. ഭരിക്കുന്നവര്‍ ആരെന്നതല്ല, സമുദായത്തിന്റെ ആവശ്യങ്ങളായിരുന്നു അദ്ദേഹത്തിന് എന്നും വലുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss