|    Dec 11 Tue, 2018 3:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിട പറഞ്ഞത് ചരിത്രത്തിലെ മികച്ച സെക്രട്ടറി ജനറല്‍

Published : 19th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും മികച്ച യുഎന്‍ സെക്രട്ടറി ജനറല്‍ എന്ന് വിശേഷണത്തിനുടമയാണ് വിടപറഞ്ഞ കോഫി അന്നന്‍.
സമാധാനത്തിനുള്ള നൊേബല്‍ പുരസ്‌കാര ജേതാവായ അന്നന്‍ നേതൃസ്ഥാനത്തിരിക്കുമ്പോഴാണ് യുഎന്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ കരുത്ത് നേടിയെടുത്തത്. യുഎസിന്റെ കൈയിലെ കളിപ്പാവ എന്ന വിശേഷണവും തകര്‍ന്ന പ്രതിച്ഛായയും സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടുന്ന സമയത്തായിരുന്നു അദ്ദേഹം യുഎന്നിനെ നയിക്കാനെത്തിയത്. യുഎസിനോട് കടുത്ത ഭാഷയില്‍ സംസാരിക്കാന്‍ മടിയില്ലെന്ന് അധികാരം ഏല്‍ക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അന്നന്റെ കാലത്തായിരുന്നു യുഎസിന്റെ ഇറാഖ് അധിനിവേശം. സമാധാനത്തിനായി ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസയ്‌നുമായും ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുമായും ചര്‍ച്ചകള്‍ക്ക് തയ്യാറായതും ഐക്യരാഷ്ട്രസഭയുടെ കരുത്ത് വര്‍ധിപ്പിച്ച നീക്കങ്ങളായിരുന്നു.
സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ തന്റെ അവസാനത്തെ പ്രസംഗത്തില്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ് ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബുഷ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തിലും ജോര്‍ദാനിലും ഇറാഖിലും കുടുങ്ങിയ രണ്ടുലക്ഷം മലയാളികളുള്‍പ്പെടെയുള്ളവരെ രക്ഷിക്കാനായി യുഎന്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അന്നത്തെ അണ്ടര്‍ സെക്രട്ടറിയായ അന്നനായിരുന്നു.
യുഎന്നിന് അതിന്റേതായ കുറവുകളുണ്ടെന്നു കഴിഞ്ഞ ഏപ്രിലില്‍ തന്റെ 80ാം ജന്‍മദിനാഘോഷത്തിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയെ മെച്ചപ്പെടുത്താന്‍ കഴിയും. അത് പരിപൂര്‍ണമല്ല. പക്ഷേ, അത് നിലനില്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിനെ നിര്‍മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയില്‍ തന്നെ സേവനം അനുഷ്ഠിച്ച് സെക്രട്ടറി ജനറല്‍ പദവിയിലേക്കുയര്‍ന്ന ആദ്യ വ്യക്തിയാണ് അന്നന്‍.
ജനീവയില്‍ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് ബജറ്റ് ഓഫിസറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ഫിനാന്‍സ് ഡയറക്ടര്‍, ഡെപ്യൂട്ടി ചീഫ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍, അഭയാര്‍ഥികള്‍ക്കുള്ള ഹൈക്കമ്മീഷന്‍ മേധാവി തുടങ്ങിയ പ്രധാന സ്ഥാനങ്ങള്‍ അലങ്കരിച്ച ശേഷം ബുത്രോസ് ഗാലിയുടെ പിന്‍ഗാമിയായാണ് 1997ല്‍ ഐക്യരാഷ്ട്രസഭ അധ്യക്ഷസ്ഥാനത്തെത്തിയത്. ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ യുഎന്‍ വഹിച്ച പങ്ക് മുന്‍നിര്‍ത്തി 2001ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss