|    Jan 21 Sat, 2017 9:00 pm
FLASH NEWS

വിട്ടുവീഴ്ച- തുടരുന്ന എപ്പിസോഡുകള്‍

Published : 2nd December 2015 | Posted By: SMR

കേരളം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്ത പഠന റിപോര്‍ട്ടുകളിലൊന്ന് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ടാണ്. പിന്നാക്ക സമുദായങ്ങളുടെ സംവരണ നഷ്ടത്തേക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ 2000 ഫെബ്രുവരി 11ന് ഇ കെ നായനാര്‍ സര്‍ക്കാരാണ് ജ. കെ കെ നരേന്ദ്രനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. പിഎസ്‌സി മുഖേനയുള്ള നിയമനങ്ങളില്‍ സംസ്ഥാനത്തെ എല്ലാ സംവരണ സമുദായങ്ങള്‍ക്കും സംവരണ നഷ്ടം സംഭവിച്ചതായാണ് കമ്മീഷന്‍ കണ്ടെത്തിയത്. ഏറ്റവുമധികം സംവരണ നഷ്ടമുണ്ടായത് മുസ്‌ലിംകള്‍ക്ക്- 7200ലേറെ. ഈഴവ സമുദായത്തിന് വെറും അഞ്ചു നിയമനങ്ങള്‍ മാത്രമായിരുന്നു നഷ്ടം. നായനാര്‍ സര്‍ക്കാരിനു പിന്നാലെ വന്ന എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട് സമര്‍പ്പിച്ചത്. സംവരണ നഷ്ടം നികത്തണമെന്നും അതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വേണമെന്നുമുള്ള ആവശ്യം ശക്തമായി. അതിനെതിരേയും വാദങ്ങള്‍ ഉയര്‍ന്നു. സാമുദായിക- രാഷ്ട്രീയ മേഖല പിടിച്ചുകുലുക്കിയാണ് ആ വിവാദം ശക്തിപ്പെട്ടത്. മുഖ്യമന്ത്രി ആന്റണിയും മുസ്‌ലിംലീഗ് രണ്ടാം കക്ഷിയായ യുഡിഎഫും ആ മുന്നണിയുടെ സര്‍ക്കാരും അനങ്ങിയില്ല. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂക്കുകുത്തി വീണു. 20ല്‍ ഒരു സീറ്റ് മാത്രമാണു ലഭിച്ചത്. ലീഗിന്റെ രണ്ടില്‍ ഒന്നു മാത്രം. കോണ്‍ഗ്രസ്സിന് ഒരു സീറ്റുമില്ല. ഫലം വന്ന തൊട്ടുപിന്നാലെയല്ലെങ്കിലും ആന്റണി രാജിവച്ചു. 2004 ആഗസ്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. 21 മാസത്തെ അദ്ദേഹത്തിന്റെ ഭരണകാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണ പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചു. ആ പാക്കേജിന്റെ ഭാഗമായി മുസ്‌ലിം സമുദായം ചെയ്ത ഏറ്റവും വലിയ വിട്ടുവീഴ്ച കേരളം ഇതേവരെ വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ടാണ് അര്‍ഹതയില്ലാത്തതു നേടി എന്ന പഴികേട്ട് ‘പ്ലിങ്’ ആവുന്നത്.
പോയതുപോവട്ടെ, ഇനി വരാനുള്ളതു നോക്കാം എന്നായിരുന്നു നരേന്ദ്രന്‍ പാക്കേജിലെ മുഖ്യ ഉപാധി. അതായത് കഴിഞ്ഞകാല സംവരണ നഷ്ടം നികത്തുക അസാധ്യമാണ്, അതു മറക്കണം. ഇനി സംവരണം നഷ്ടപ്പെടാതിരിക്കാന്‍ നോക്കാം. അനന്തമായി നീളുന്ന തര്‍ക്കങ്ങളില്‍ കുടുങ്ങി നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് ഒട്ടും നടപ്പാക്കാതിരിക്കുന്നതിലും ഭേദം വിട്ടുവീഴ്ചയാണെന്ന് സംവരണ സമുദായങ്ങള്‍ അംഗീകരിക്കുകയാണു ചെയ്തത്. ഏറ്റവും കൂടുതല്‍ നഷ്ടം മുസ്‌ലിം സമുദായത്തിനായതുകൊണ്ട് ഏറ്റവും വലിയ വിട്ടുവീഴ്ചയും അവരുടേതു തന്നെയായി. മുന്‍കാല സംവരണനഷ്ടം കൂടി പരിഹരിച്ച് പാക്കേജ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചങ്ങനാശ്ശേരി പെരുന്നയില്‍ നിന്ന് എന്‍എസ്എസിന്റെ ഭീഷണിയുണ്ടായിരുന്നു. വെള്ളാപ്പള്ളിക്കാവട്ടെ ചേതമൊന്നുമുണ്ടായിരുന്നുമില്ല.
പിഎസ്‌സി നിയമനങ്ങളിലെ സംവരണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഈഴവ സമുദായമാണ്. അത് കേരളത്തിലെ ഏറ്റവും അംഗസഖ്യയുള്ള സമുദായമായിരുന്നപ്പോള്‍ നിശ്ചയിച്ച ക്രമം. പക്ഷേ, കാലം മാറി. ജനസംഖ്യയില്‍ മുന്നില്‍ മുസ്‌ലിം സമുദായമായി. പക്ഷേ, ഇപ്പോഴും സംവരണ നിയമനക്രമം പഴയതുതന്നെ. ഇതു വെള്ളാപ്പള്ളി പറയില്ല. സംഘപരിവാരത്തിന്റെ മുസ്‌ലിംവിരുദ്ധ വാദങ്ങളെല്ലാം ഏറ്റുപറയുന്ന വെള്ളാപ്പള്ളി മുസ്‌ലിം സമുദായം എണ്ണത്തില്‍ ഒന്നാമതായ കാര്യം മാത്രം പറയാറില്ല. അനര്‍ഹമായി പരിഗണനകളും ആനുകൂല്യങ്ങളും അനുഭവിക്കുന്നത് ആരാണെന്നു വ്യക്തമാവും എന്നതാണു കാരണം.
ജനസംഖ്യ വര്‍ധിക്കുന്നതിനെക്കുറിച്ച് ആര്‍എസ്എസും സംഘപരിവാരം ആകെയും പ്രചരിപ്പിക്കുന്ന നിഷേധാത്മക നിലപാടുകള്‍ സ്വാഭാവിക സാമൂഹിക വികാസത്തെ പരിഹസിക്കുന്നതാണെന്ന് മതേതര നിലപാടുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടാറുണ്ട്. അവര്‍ ആരുടെയും പക്ഷംപിടിക്കുന്നില്ല അക്കാര്യത്തില്‍. എക്കാലവും എല്ലാ സമൂഹവും വളര്‍ന്നുകൊണ്ടാണിരിക്കുന്നത്. പുരോഗതി എന്നത് ജീവിതസാഹചര്യങ്ങളില്‍ ഉണ്ടാവുന്ന പുരോഗതി മാത്രമല്ലതാനും. വളര്‍ച്ച എന്നത് ജനതയുടെ എണ്ണത്തിലെ വളര്‍ച്ചയുമാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സിഖും ജൂതരുമെല്ലാം ഇങ്ങനെ എണ്ണത്തില്‍ കൂടുന്നുണ്ട്. അതിന്റെ പേരില്‍ ഒരു സമുദായവും മറ്റൊന്നിനോടു ക്ഷമാപണം ചെയ്യേണ്ടതില്ല എന്ന തിരിച്ചറിവാണു ശരി. എണ്ണത്തിലെ പെരുപ്പം എല്ലാ വിഭാഗങ്ങളിലും ഒരേ അനുപാതത്തിലായിരിക്കില്ല എന്നതും സ്വഭാവികം. കേരളത്തില്‍ ഈഴവ സമുദായമായിരുന്നു എണ്ണത്തില്‍ മുന്നില്‍. എന്നാല്‍, ആ സ്ഥിതി മാറിയെന്നും ഇപ്പോള്‍ മുസ്‌ലിം സമുദായമാണ് ഒന്നാമത് എന്നും കണ്ടെത്തി വെളിപ്പെടുത്തിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ്. വിശദമായ സര്‍വേയുടെയും സൂക്ഷ്മമായ പരിശോധനയുടെയും അടിസ്ഥാനത്തില്‍ പരിഷത്ത് 2006ല്‍ പ്രസിദ്ധീകരിച്ച കേരളപഠനം ഇക്കാര്യത്തിലെ ആധികാരിക റിപോര്‍ട്ടാണ്. അതിനുശേഷം അങ്ങനെയൊന്നു തയ്യാറാക്കിയിട്ടുമില്ല.
മുസ്‌ലിംകള്‍ കേരള ജനസംഖ്യയുടെ 26.68 ശതമാനവും ഈഴവര്‍ 22.91 ശതമാനവുമാണെന്നു കേരളപഠനം വ്യക്തമാക്കുന്നു. പിന്നാക്ക ഹിന്ദുക്കളും മുസ്‌ലിംകളും ആദിവാസികളും ദലിതുകളും ചേര്‍ന്നാല്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിനു മുകളില്‍ വരുമെന്ന് കേരളപഠനം വിശദീകരിക്കുന്നു. വെള്ളാപ്പള്ളി പറയുന്നതുപോലെ ആദിവാസികളെയും ദലിതുകളെയും പിന്നാക്ക ഹിന്ദുക്കളുടെ കള്ളിക്കുള്ളില്‍പ്പെടുത്താന്‍ പരിഷത്ത് തയ്യാറായില്ല എന്നതു ശ്രദ്ധേയം. എണ്ണത്തില്‍ കൂടുതലുള്ളവര്‍ക്കും കുറവുള്ളവര്‍ക്കും നല്‍കിയിരുന്ന പരിഗണനകള്‍ പരസ്പരം വച്ചുമാറേണ്ടതാണെന്ന് ആവശ്യമുയരുന്നതില്‍ അസ്വാഭാവികതയില്ല, ഉയരുകയും ചെയ്തു. സംവരണസമുദായ പട്ടികയില്‍ ഈഴവ സമുദായത്തിന്റെ ഒന്നാംസ്ഥാനം മുസ്‌ലിം സമുദായത്തിനു വേണമെന്ന ആ ആവശ്യം സര്‍ക്കാരുകളോ പിഎസ്‌സിയോ അംഗീകരിച്ചില്ല. എന്നാല്‍, അതിന്റെ പേരില്‍ വര്‍ഗീയമായി വിഷം ചീറ്റാനോ സംഘര്‍ഷത്തിനോ മുസ്‌ലിം സംഘടനകളില്‍ ഒന്നുപോലും തയ്യാറായില്ല എന്നതാണു കാര്യം. വിട്ടുവീഴ്ചയുടെ മറ്റൊരു എപ്പിസോഡ് തന്നെയായി അതും മാറി.
കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് ഹൈക്കോടതിയില്‍ ഒരു റിട്ട് ഹരജി സമര്‍പ്പിച്ചുവെന്നു മാത്രം. സംവരണഘടന പുനക്രമീകരിക്കണം എന്ന ആ ഹരജിയില്‍ ഇതേവരെ തുടര്‍നടപടികളുണ്ടായിട്ടില്ല.
(തുടരും)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക