|    Nov 17 Sat, 2018 2:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും സമരക്കാരും; ശബരിമല ആശങ്കയില്‍

Published : 1st November 2018 | Posted By: kasim kzm

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി 5ന് വൈകീട്ട് ശബരിമല നട തുറക്കും. സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരും സംഘപരിവാര സംഘടനകളും വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നതിനാല്‍ ശബരിമല വീണ്ടും ആശങ്കയുടെ നിഴലിലാണ്. ആറിനാണ് ചിത്തിര ആട്ടവിശേഷം. അന്നുരാത്രി 10ന് നട അടയ്ക്കും. സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
എന്നാല്‍, ആചാരലംഘനം നടത്തി ഒരു യുവതിയെപ്പോലും ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഹിന്ദുത്വ സംഘടനകളുടെയും ബിജെപിയുടെയും നിലപാട്. ഈ സാഹചര്യത്തില്‍ തുലാമാസ പൂജാദിവസങ്ങളില്‍ ശബരിമലയിലും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും സംഘപരിവാരം അഴിച്ചുവിട്ട അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് ഭക്തജനങ്ങള്‍ക്കുള്ളത്.
യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കാനും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഐജിമാരുടെയും സിറ്റി പോലിസ് കമ്മീഷണര്‍മാരുടെയും നിയന്ത്രണത്തില്‍ 5, 6 തിയ്യതികളില്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കും. മൂന്നു മുതല്‍ ശബരിമലയും പരിസരവും പോലിസിന്റെ നിയന്ത്രണത്തിലായിരിക്കും. അതിനിടെ ബിജെപി രണ്ടാംഘട്ട സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലും പത്തനംതിട്ടയിലും ഉപവാസസമരം നടത്തി. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ എസ്പി ഓഫിസ് മാര്‍ച്ചും നടന്നു. നാളെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആചാര സംരക്ഷണ പ്രതിജ്ഞയെടുക്കും. എട്ടിന് കാസര്‍കോട് നിന്നാരംഭിക്കുന്ന രഥയാത്ര 13ന് പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ഒരുലക്ഷം യുവതികളെ പങ്കെടുപ്പിച്ചുള്ള സംഗമം നടത്താനാണ് ശ്രമം. ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന ദിവസങ്ങളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്ത് ഉണ്ടാവുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതിയില്‍ പരിഗണനയ്ക്ക് വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss