|    Dec 14 Fri, 2018 3:29 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വിട്ടുവീഴ്ചയല്ല, വെറും വീഴ്ച

Published : 8th December 2018 | Posted By: kasim kzm

പി എ എം ഹാരിസ്

അധ്യാപക സമരങ്ങളുടെ കാലമായിരുന്നു എഴുപതുകള്‍. സമരം തകര്‍ക്കാനായി സ്‌കൂളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ അധ്യാപനം നടത്തുമെന്ന് ഭരണപക്ഷ നേതാക്കളുടെ പ്രഖ്യാപനം. ടോംസ് മനോരമ ആഴ്ചപ്പതിപ്പിലെ ‘ബോബനും മോളിയും’ പംക്തിയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. പഞ്ചായത്ത് പ്രസിഡന്റായ ചേട്ടന്‍ കുസൃതികളുടെ ക്ലാസില്‍ അധ്യാപകനായി. പാഠഭാഗത്തിനിടയില്‍ ‘വിട്ടുവീഴ്ച’ എന്ന പദം വന്നപ്പോള്‍ മോളിയുടെ സംശയം: എന്താണ് വിട്ടുവീഴ്ച? ചേട്ടന്റെ വിശദീകരണം: തെങ്ങില്‍ കയറുന്നയാള്‍ പിടി വിട്ടാല്‍ സംഭവിക്കുന്നതാണ് വിട്ടുവീഴ്ച.
ബാബരി മസ്ജിദ് ഭൂമിയില്‍ മസ്ജിദ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ മുസ്‌ലിം സമൂഹത്തിന് അകത്തും പുറത്തുമുള്ള പലരും കാര്യമായി മുന്നോട്ടുവെക്കുന്ന വിട്ടുവീഴ്ചാ വാദം കാണുമ്പോള്‍ ഓര്‍മയിലെത്തുന്നത് ടോംസിന്റെ കാര്‍ട്ടൂണാണ്.
പ്രമുഖ രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ഈ വാദം ഉന്നയിക്കുന്നത് കേള്‍ക്കാം. കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ സര്‍വകലാശാല പണിയാന്‍ ആവശ്യപ്പെട്ടത്. പള്ളി തകര്‍ക്കുന്നതിനു മുമ്പ്, 1980കളുടെ അവസാനത്തില്‍ തന്നെ അവിടെ മ്യൂസിയം പണിയാന്‍ നിര്‍ദേശം വച്ചയാളാണ് ഇഎംഎസ്. താഴെ ക്ഷേത്രം, മീതെ പള്ളി എന്ന നിര്‍ദേശവും ഇഎംഎസ് മുന്നോട്ടുവച്ചിരുന്നു. ചില മുസ്‌ലിം പ്രഭാഷകരും വിട്ടു വീഴ്ചാ വാദം ഉയര്‍ത്തുന്നത് കേള്‍ക്കാം.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ട് സംഘപരിവാര വേദിയായ സമന്വയം ഒരുക്കിയ വേദിയില്‍ അത്തരമൊരു പ്രഭാഷണം നടന്നു. പ്രസംഗം ഉടനെ ആര്‍എസ്എസിന്റെ ചാനലില്‍ വന്നു: ‘ബാബരി മസ്ജിദ് പണിയണമെന്ന് ഖുര്‍ആനിലില്ല.’
പ്രഭാഷകനെയും അദ്ദേഹത്തിന്റെ ശൈലിയും അതിന്റെ മുനകളും അടുത്തറിയാം എന്നതുകൊണ്ടുതന്നെ ചാനല്‍ വാര്‍ത്ത കണ്ടപ്പോള്‍ പ്രസംഗത്തിന്റെ ഏതാണ്ടൊരു ആശയം മനസ്സില്‍ രൂപപ്പെട്ടിരുന്നു. പിന്നീട് പ്രസംഗത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ഊഹം നൂറ്റിയൊന്നു ശതമാനവും ശരിയായിരുന്നുവെന്ന് ഉറപ്പായി.
സാധാരണക്കാരനായ മുസ്‌ലിമിന്റെ ഹൃദയനൊമ്പരമായിരുന്നു ആ വാക്കുകളെന്നു വ്യക്തം. മാധ്യമയുദ്ധമുഖത്ത് തുടക്കത്തിലേ പരാജയപ്പെട്ട മുസ്‌ലിം സമുദായം രാഷ്ട്രീയ പോര്‍മുഖത്തും അപഹാസ്യമായ നിലയിലായി. പള്ളി തകര്‍ക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും മുസ്‌ലിം ഇന്ത്യയുടെ ഭാഗത്തു നിന്നും അതു സംരക്ഷിക്കാന്‍ ശ്രമമുണ്ടായില്ല. ബാബരി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ മുസ്‌ലിം ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നുവെന്ന വരികള്‍ വിളിച്ചുപറയുന്നത് ആ വേദനയാണ്. ബാബരി മസ്ജിദ് നിലകൊള്ളുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ഉന്നയിച്ച അവകാശവാദം അനാവശ്യവും അസ്ഥാനത്തുമായിരുന്നു എന്നുകൂടി എടുത്തുപറയുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്.
മസ്ജിദ് തകര്‍ത്ത് ഇന്ന് എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പലരും വിട്ടുവീഴ്ചയെക്കുറിച്ചു പറയുന്നത്. അതു പണ്ടേ പലരും പറഞ്ഞതാണ്. അതിനു മാതൃകയായി നബിചര്യയില്‍ നിന്നു ഹുദൈബിയാ സന്ധിയുടെ എഴുത്തും വെട്ടിയെഴുത്തും സമര്‍പ്പിക്കുന്നതും പുതിയ കാര്യമല്ല. ഈ പറഞ്ഞതിലെ വസ്തുതകള്‍ പൂര്‍ണമായി അംഗീകരിക്കാതെ വയ്യ. ശിലാന്യാസവേളയിലും പള്ളി തകര്‍ന്നപ്പോഴും മതേതര രാഷ്ട്രീയ സംഘടനകള്‍ കളിച്ച അതേ കളിയുടെ മറ്റൊരു രൂപമാണ് കാര്യത്തോടടുക്കുമ്പോള്‍ മിക്കവാറും മുസ്‌ലിം സംഘടനകളും സ്വീകരിച്ചത്.
ബാബരിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ ആദര്‍ശപൂര്‍വം നടത്തിയ കള്ളക്കളികളുടെ സാംപിള്‍ ഇതിനകം പുറത്തുവന്നതാണ്. ബാബരിക്കു വേണ്ടി നിയമപോരാട്ടം നടത്തുന്ന അഡ്വക്കറ്റ് കോഴിക്കോട്ട് വിളിച്ച യോഗത്തില്‍ പങ്കെടുത്തവരോട് വിശദീകരണം ചോദിച്ച അനുഭവം ഒരു ചെറിയ ഉദാഹരണം മാത്രം. ബാബരി പോരാട്ടം എന്തുകൊണ്ട് വിജയിച്ചില്ല എന്നതിന് ഈ ഇരട്ടത്താപ്പു തന്നെ സൂചനകള്‍ നല്‍കുന്നുണ്ട്. ബാബരി സമിതികള്‍ അഖിലേന്ത്യാ നേതൃത്വങ്ങളുടെ പങ്കാളിത്തത്തോടെ തീരുമാനിക്കുന്ന സമരപരിപാടികള്‍ കേരളത്തിലെ ജനസമൂഹത്തെ അറിയിക്കുന്നതില്‍ പോലും സ്വീകരിച്ച മൗനം ഇന്നും ഓര്‍മയിലുണ്ട്.
1984ലാണ് രാമജന്മഭൂമി പ്രക്ഷോഭം ഹിന്ദുത്വശക്തികള്‍ സജീവമാക്കുന്നത്. 1986 ഫെബ്രുവരി ഒന്നിനു ബാബരി മസ്ജിദ് പൂട്ടു തുറക്കാനുള്ള കോടതിവിധിയോടെയാണ് പ്രശ്‌നം ദേശീയതലത്തിലേക്കു വളരുന്നത്. സ്വാതന്ത്ര്യാനന്തരം 1986 വരെ ഈ പ്രശ്‌നം മുസ്‌ലിംകള്‍ക്ക് പ്രാദേശിക പ്രശ്‌നം മാത്രമായിരുന്നു. അബുല്‍ ഹസന്‍ നദ്‌വി, മുഹമ്മദ് ഇസ്മായീല്‍ സാഹിബ്, ഇബ്രാഹീം സുലൈമാന്‍ സേട്ട്, മൗലാനാ അബുല്ലൈസ്, മൗലാനാ മുഹമ്മദ് യൂസുഫ് തുടങ്ങിയ പണ്ഡിതരും നേതാക്കളുമൊന്നും പ്രശ്‌നം വിട്ടുവീഴ്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാകും? ഹുദൈബിയാ പാഠങ്ങള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നില്ലല്ലോ.
അയോധ്യയില്‍ ശ്രീരാമ ജന്മസ്ഥാന്‍ എന്ന് അവകാശപ്പെടുന്ന ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് എന്നത് പുതിയ അറിവല്ല. അവിടത്തെ പൂജാരിമാരെല്ലാം അവകാശപ്പെടുന്നത് ആ ക്ഷേത്രം രാമജന്മഭൂമിയിലാണ് എന്നുമാണ്. ഈ ക്ഷേത്രങ്ങളില്‍ എത്തുന്ന ഹൈന്ദവ സഹോദരങ്ങള്‍ക്ക് പൂക്കളും പുഷ്പഹാരങ്ങളും തയ്യാറാക്കുന്നത് മുസ്‌ലിംകള്‍ അടക്കമുള്ള പ്രദേശവാസികളാണ് എന്നതും സത്യം. രാഷ്ട്രീയക്കാരാണ് വിവാദത്തിനു പിന്നിലെന്ന് തുറന്നുപറഞ്ഞത് രാമക്ഷേത്രത്തിലെ പൂജാരി ലാല്‍ ദാസ് തന്നെ. അദ്ദേഹത്തെ 1993ല്‍ ഹിന്ദുത്വരാണ് കൊലപ്പെടുത്തിയത്.
ബാബരി മസ്ജിദിനു മേലുള്ള അവകാശവാദവും ബഹളവും ഹൈന്ദവ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള കുതന്ത്രങ്ങളാണെന്നും അതില്‍ വിശ്വാസത്തിന്റെ അംശം വളരെ കുറവാണെന്നും അറിയാത്തവരില്ല. അയോധ്യയിലെ സന്ന്യാസിമാര്‍ ഇന്നതു തിരിച്ചറിയുന്നു. ഈ രാഷ്ട്രീയക്കളിക്ക് തങ്ങളില്ലെന്ന പ്രഖ്യാപനത്തോടെ ഇത്തവണ വിഎച്ച്പി പരിപാടിയില്‍ നിന്നു രണ്ടു പ്രമുഖ സന്ന്യാസി മഠങ്ങള്‍ നിര്‍മോഹി, നിര്‍വാണ അഖാരകള്‍ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു.
ബാബരി മസ്ജിദ് വേണ്ടെന്നുവച്ചു മുസ്‌ലിംകള്‍ ഒഴിവാക്കിയെന്നു കരുതുക. ആര്‍ക്ക് നല്‍കിയാലാണ് നമ്മുടെ മതേതരത്വവും സൗഹാര്‍ദവും പുലരുക? രാമജന്മഭൂമി ന്യാസിനോ? അവകാശവാദവുമായി കോടതിയിലുള്ള നിര്‍മോഹി അഖാരക്കോ? ഇതു രണ്ടുമല്ലാത്ത ശ്രീരാമവിശ്വാസികള്‍ക്കോ?
ഏതാണ്ട് അരനൂറ്റാണ്ടു മുമ്പുള്ള ഇത്തരമൊരു വിട്ടുവീഴ്ചയുടെ ഉദാഹരണവും മുന്നിലുണ്ട്. 1968ല്‍ മഥുരയിലെ ഈദ്ഗാഹ് മസ്ജിദിനു സമീപം കൃഷ്ണജന്മസ്ഥാന്‍ ക്ഷേത്രത്തിന് അനുമതി നല്‍കി പ്രശ്‌നത്തിനു പ്രാദേശികമായി വിട്ടുവീഴ്ചയിലൂടെ പരിഹാരം കണ്ടിരുന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടുവോ? ഇല്ലെന്നാണ് മൂന്നു ദശകം മുമ്പ് അവിടെ സന്ദര്‍ശിച്ച ലേഖകന് നേരിട്ട് കാണാനായത്. ഇപ്പോഴും ഈദ്ഗാഹ് മസ്ജിദ് തകര്‍ക്കാനുള്ള മുറവിളികള്‍ മുഴങ്ങുന്നു.
1855ല്‍ സൗഹാര്‍ദം നിലനിര്‍ത്തുന്നതിനു വേണ്ടി ചെയ്ത വിട്ടുവീഴ്ചയിലാണ് പള്ളിയുടെ മതിലിനു പുറത്ത് രാംചബൂത്ര പണിതതെന്നു മറക്കരുത്. ഇനി വിട്ടുവീഴ്ച ചെയ്ത് ബാബരി മസ്ജിദ് ഒഴിവാക്കിയെന്നു കരുതുക. സംഘപരിവാരം അവിടെ നില്‍ക്കുമോ? മഥുര ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ ജന്മഭൂമിയുടെയും കാശി ജ്ഞാന്‍വ്യാപി മസ്ജിദില്‍ വിശ്വനാഥ ക്ഷേത്രത്തിന്റെയും പേരില്‍ അടുത്ത അങ്കം കുറിക്കും. ബാബരി മസ്ജിദിന്റെ പരിസരത്ത് എല്ലാം തകര്‍ത്ത് ക്ഷേത്രത്തിനു സ്ഥലം ഒരുക്കിയ അതേ രീതിയില്‍ കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാന്‍വ്യാപി മസ്ജിദ് കോംപ്ലക്‌സിന്റെ പരിസരത്ത് നിരവധി ക്ഷേത്രങ്ങളും വീടുകളും കടകളും തകര്‍ത്ത് യുപി സര്‍ക്കാര്‍ പണി തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹി ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദും മലപ്പുറത്തെ മമ്പുറം പള്ളിയും ഉള്‍പ്പെടെ രാജ്യത്തെ മൂവായിരത്തോളം പള്ളികളുടെ മേല്‍ ദശകങ്ങള്‍ക്കു മുമ്പുതന്നെ അവകാശവാദം ഉയര്‍ന്നത് രഹസ്യമല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും ആ വാദങ്ങള്‍ ഉയരും; ഇന്ത്യ കത്തും. സംഘപരിവാരത്തിന്റെ ലക്ഷ്യം അതുതന്നെയാണ്. അതിലൂടെ രാഷ്ട്രീയ നേട്ടമാണ്.
ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ വെറുമൊരു മുസ്‌ലിം പള്ളിയല്ല, രാജ്യം ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും നീതിയുടെയും മഹത്തായ മിനാരങ്ങളാണ് തകര്‍ന്നുവീണത്. പള്ളി പുനര്‍നിര്‍മിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിനു നഷ്ടമായ നീതിയുടെ മുഖം തിരിച്ചു ലഭിക്കൂ. അത് എത്ര നൂറ്റാണ്ട് കഴിഞ്ഞായാലും ശരി. മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും മുസ്‌ലിംകള്‍ പരാജയപ്പെട്ടിരിക്കാം. പക്ഷേ, സത്യവും നീതിയും ധര്‍മവും പരാജയപ്പെട്ടുവെന്ന് അതിന് അര്‍ഥമില്ല. തിന്മയ്‌ക്കെതിരേ പ്രതികരിക്കുന്നതിനു മതം പഠിപ്പിക്കുന്ന പാഠങ്ങള്‍ വിശ്വാസികള്‍ക്ക് അറിയാം.
ബാബരി അക്രമികള്‍ കൈയടക്കിയിരിക്കാം, അവിടെ മലിനമായിരിക്കാം. പക്ഷേ, ഒരു നാള്‍ നീതി പുലരും. എത്രയെത്ര കൊച്ചു സംഘങ്ങളാണ് വന്‍ സംഘങ്ങളെ കീഴൊതുക്കിയതെന്ന നാഥന്റെ വചനം വിശ്വാസികള്‍ക്ക് ആവേശവും പ്രചോദനവുമാകുന്നു. വിട്ടുവീഴ്ചയെന്നത് കരുത്തിന്റെ മേധാവിത്വത്തിന്റെ നിദര്‍ശനമാണ്. പരാജിതനായ ദുര്‍ബലന്റെ നിസ്സഹായതയുടെ അവസാന ആശ്രയമല്ല. നിലവിലുള്ള സാഹചര്യത്തില്‍ ഹതാശനായി ഇന്നേവരെ പുലര്‍ത്തിയ ധീരമായ നിലപാടുകളില്‍ വരുന്ന വീഴ്ചകള്‍ വിട്ടുവീഴ്ചയല്ല, വീണത് വിദ്യയാക്കലാണ് എന്നു വ്യക്തം. ഇരുള്‍ നീങ്ങും, വിഭാതം വരും. വിശ്വാസിക്ക് നിരാശയില്ല. നാളെ അവനുള്ളതാണ്. ി

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss