|    Feb 21 Tue, 2017 12:56 pm
FLASH NEWS

വിട്ടുമുറ്റത്തെ കുടിവെള്ള ടാങ്കില്‍ മുങ്ങി താഴ്ന്ന ഫയാസിന് രക്ഷകനായി സലാഹുദ്ദീന്‍

Published : 26th November 2016 | Posted By: SMR

നെട്ടൂര്‍: വിട്ടുമുറ്റത്തെ കുടിവെള്ള ടാങ്കില്‍ മുങ്ങിതാഴ്ന്ന ആറു വയസ്സുകാരന്‍ ഫയാസിന് രക്ഷകനായെത്തിയത് ഏഴ് വയസ്സുകാരന്‍ സലാഹുദ്ദീന്‍. കഴിഞ്ഞ ദിവസം സന്ധ്യയോടെ നെട്ടൂരിലായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വിടിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരുവിട്ടിലെത്തിയ ഫയാസിന് മുറ്റത്തെ കുടിവെള്ള ടാങ്കില്‍ നിറഞ്ഞ് തുളുമ്പുന്ന വെള്ളം കണ്ടപ്പോള്‍ ഒരു കൗതുകം. മൂടിയില്ലാത്ത ടാങ്കിന്റെ അരികിലിരുന്ന് കൈയില്‍ കിട്ടിയ ചിരട്ടയില്‍ ടാങ്കിലെ വെള്ളമെടുത്ത് പുറത്തേക്കെറിഞ്ഞ് കൊണ്ടിരുന്നു. ഇതിനിടെ അബദ്ധത്തില്‍ തലകീഴായി ടാങ്കിലേക്ക് വീണു. ഒരു മീറ്റര്‍ നീളവും, ഒരു മീറ്റര്‍ വീതിയും ഒന്നരമീറ്ററിലേറെ താഴ്ചയമുള്ള ടാങ്കില്‍നിന്നും നിവരാനാവാതെ ഫയാസ് വെള്ളം കുടിച്ചുകൊണ്ട് ജിവനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു ദൈവദൂതനെപോലെയാണ് ഫയാസിന്റെ സുഹൃത്ത് സലാഹുദ്ദീന്‍ അവിടേക്കെത്തിയതും ഈ കാഴ്ച കാണുന്നതും. എന്നാല്‍ ജന്മനാ കേള്‍വി കുറവും സംസാരശേഷി കുറവുമുള്ള സലാഹുദ്ദീന് അമ്പരപ്പോടെ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഫയാസ് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ടാങ്കിനരികില്‍ കമഴ്ന്നുകിടന്നു. ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരുന്ന ഫയാസിന്റെ കൈവെള്ളയില്‍ പിടുത്തമിട്ടു. സര്‍വശക്തിയുമുപയോഗിച്ച് ഫയാസിനെ ടാങ്കിനു മുകളിലേക്ക് വലിച്ചുയര്‍ത്തി കരക്ക് കയറ്റി. അപ്പോഴേക്കും ഇരുവരും അവശനിലയിലായിരുന്നു. സമീപത്തെ മൈതാനത്ത് കളിക്കാന്‍പോയ ഫയാസിനെയും സലാഹുദ്ദീനേയും തിരക്കിയെത്തിയ മാതാപിതാക്കള്‍ വെള്ളത്തില്‍ കുളിച്ച് തളര്‍ന്ന് കിടക്കുന്ന ഇരുവരേയും കണ്ട് അമ്പരന്നു. സലാഹുദ്ദീന്റെ ആംഗ്യ ഭാഷയില്‍നിന്നും മാതാപിതാക്കള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വീടിന് സമീപത്തെ ഡോക്ടറുടെ വീട്ടിലെത്തിച്ച് ഫയാസിന് പ്രാഥമിക ചികില്‍സ നല്‍കി. മുങ്ങി താഴുന്നതിനിടെ വെള്ളം അകത്തുപോയതൊഴിച്ചാല്‍ പേടിക്കേണ്ടതില്ലെന്ന് ഡോക്ടറുടെ നിര്‍ദേശം കേട്ടപ്പോഴാണ് ഇരുവരുടേയും മാതാപിതാക്കള്‍ക്ക് ആശ്വാസമായത്. നെട്ടൂര്‍ ഹൈവേ പള്ളിക്കു സമീപം നങ്ങ്യാരത്ത് പറമ്പില്‍ വാടകക്ക് താമസിക്കുകയാണ് സലാഹുദ്ദീന്റെ കുടുംബം. പിതാവ് ജബീര്‍ നെട്ടൂര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ പച്ചക്കറിക്കട നടത്തുന്നു. മാതാവ് സബിത. നെട്ടൂര്‍ ചേരിപറമ്പില്‍ മനാഫിന്റേയും ഫെമിയുടേയും മകനാണ് ഫയാസ്. നെട്ടൂര്‍ രാമന്‍ മാസ്റ്റര്‍ എല്‍പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യര്‍ഥികളാണ് ഫയാസും സലാഹുദ്ദീനും. ഫയാസിന്റെ ജീവന്‍ രക്ഷിച്ച സലാഹുദ്ദീന്റെ ആത്മധൈര്യത്തെ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പകര്‍ന്നുനല്‍കുന്നതിനായി അനുമോദന ചടങ്ങ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് നെട്ടൂര്‍ ആര്‍എംഎം സ്‌കൂള്‍ പ്രധാനാധ്യാപിക റീജ മേനോന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക