|    Apr 22 Sun, 2018 5:04 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിട്ടുകൊടുക്കാതെ സിംഹാസനം

Published : 3rd February 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ താപ്പാനകള്‍ തങ്ങള്‍ തന്നെയാണെന്ന് കേരളം തുടര്‍ച്ചയായ 19ാം തവണവും തെളിയിച്ചു. സ്വന്തം ഗ്രൗണ്ടില്‍ ട്രാക്കിലും ഫീല്‍ഡിലും അഞ്ച് ദിനങ്ങളിലായി നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ കായിക സിംഹാസനത്തില്‍ കൗമാര പ്രതിഭകള്‍ ഒരിക്കല്‍ക്കൂടി അവരോധിക്കപ്പെട്ടു.
രാജ്യത്തിന് അഭിമാനവും പ്രതീക്ഷകളും നല്‍കുന്ന ഒരുപിടി പൊന്‍ താരങ്ങളെ സമ്മാനിച്ചാണു 61ാമത് ദേശീയ സ്‌കൂള്‍ കായിക മേള ഇക്കുറിയും കൊടിയിറങ്ങിയത്.
39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ 306 പോയിന്റാണ് കേരളം സ്വന്തമാക്കിയത്. റാഞ്ചിയില്‍ നടന്ന 60ാമത് ദേശീയ സ്‌കൂള്‍ കായിക മേളയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കേരളം സ്വന്തം നാട്ടില്‍ കാഴ്ചവച്ചത്. 60ാമത് മീറ്റില്‍ 36 സ്വര്‍ണവും 28 വെള്ളിയും 26 വെങ്കലവുമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. പെണ്‍കരുത്ത് തന്നെയാണ് ഇത്തവണയും കേരളത്തെ അനായാസം കിരീടത്തിലേക്ക് ആനയിച്ചത്. അയല്‍ക്കാരായ തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. നാലാംദിനം രണ്ടാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്രയെ അവസാന ദിനം തമിഴ്‌നാട് പിന്തള്ളുകയായിരുന്നു.
11 സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 116 പോയിന്റാണ് തമിഴ്‌നാട് നേടിയത്. മൂന്നാമതുള്ള മഹാരാഷ്ട്ര ഒമ്പത് സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 101 പോയിന്റ് നേടി.
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ കേരളത്തിന്റെ ബിബിന്‍ ജോര്‍ജും പെണ്‍കുട്ടികളില്‍ സി ബബിതയും വ്യക്തിഗത ചാംപ്യന്‍പട്ടം സ്വന്തമാക്കി. മീറ്റില്‍ ബിബിന്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും കേരളത്തിന് വേണ്ടി നേടിയിരുന്നു. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും കരസ്ഥമാക്കിയാണ് ബബിത വ്യക്തിഗത ചാംപ്യന്‍പട്ടം കൈക്കലാക്കിയത്.
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ പിഎന്‍ അജിതിനെ മറികടന്ന് തമിഴ്‌നാടിന്റെ സി അജിത് കുമാറും (ഇരുവര്‍ക്കും രണ്ട് സ്വര്‍ണം) പെണ്‍കുട്ടികളില്‍ കേരളത്തിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫും (മൂന്ന് സ്വര്‍ണം) വ്യക്തിഗത ചാംപ്യന്‍മാരായി. സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഡല്‍ഹിയുടെ നിസാര്‍ അഹ് മദും (ഒരു സ്വര്‍ണം, രണ്ട് വെങ്കലം) പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ ബംഹാന്‍ തായിയും (രണ്ട് സ്വര്‍ണം) വ്യക്തിഗത ചാംപ്യന്‍പട്ടം കരസ്ഥമാക്കി.
ട്രിപ്പിള്‍ ജംപിലൂടെ ട്രിപ്പിള്‍ തികച്ച് ലിസ്ബത്ത്
ലോങ്ജംപിലേയും ഹൈജംപിലേയും സ്വര്‍ണ നേട്ടത്തില്‍ ഒതുങ്ങിയില്ല ലിസ്ബത്തിന്റെ മികവ്. പരിശീലനം പോലും നടത്താത്ത ഇനത്തില്‍ റെേക്കാഡ് സ്വര്‍ണം ചാടിയെടുത്ത് മീറ്റിലെ ഏക ട്രിപ്പിള്‍ സ്വര്‍ണ ജേതാവായിട്ടാണ് കേരളത്തിന്റെ ലിസ്ബത്ത് ദേശീയകായിക മേളയില്‍ നിന്നും മടങ്ങുന്നത്.
12.54 മീറ്റര്‍ ദൂരം ചാടിയാണ് ലിസ്ബത്ത് റെക്കോഡിട്ടത്. 2006ല്‍ സിബാനി ബുംജി സൃഷ്ടിച്ച 12.36 സെക്കന്റിന്റെ റെക്കോഡാണ് ലിസ്ബത്തിന് മുന്നില്‍ വഴിമാറിയത്. കായിക മേളയുടെ തുടര്‍ച്ചയായ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ലിസ്ബത്ത് സ്വര്‍ണം നേടിയിരുന്നു. മല്‍സരം തീരുമാനിച്ചതിലും വൈകിയില്ലായിരുന്നുവെങ്കില്‍ കുറച്ചു കൂടി മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധിക്കുമായിരുന്നുവെന്ന് മല്‍സര ശേഷം ലിസ്ബത്ത് പറഞ്ഞു. 8.15 നു നടക്കേണ്ട മല്‍സരം ഒരു മണിക്കൂറോളം താമസിച്ചാണ് നടന്നത്. വാം അപ്പ് ചെയ്തു അത്രയും സമയം ചിലവഴിച്ചതിനാല്‍ മല്‍സരം തുടങ്ങുമ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നുവെന്നും ലിസ്ബത്ത് പറഞ്ഞു.
പുല്ലൂരാംപാറ കൊല്ലിക്കാനം സജി എബ്രഹാമിന്റേയും ലെന്‍സിയുടേയും മകളായ ലിസ്ബത്ത് ആറാം ക്ലാസ് മുതല്‍ കായിക രംഗത്ത് സജീവമാണ്. ഈ വേദിയില്‍ തന്നെ കഴിഞ്ഞ മാസം നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഹൈജംപ്, ലോങ്ജംപ് എന്നിവയില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെള്ളിയും നേടി വ്യക്തിഗത ചാംപ്യനായിരുന്നു. റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും ലോങ്ജംപ്, ഹൈജംപ്, സ്വര്‍ണം ലിസ്ബത്ത് മറ്റാര്‍ക്കും വിട്ടു കൊടുത്തില്ല. പഠനത്തിലും മിടുക്കിയായ ലിസ്ബത്ത് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ടോമി ചെറിയാന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
അവസാനദിനം റെക്കോഡുകളുടെ പെരുമഴ
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ഒമ്പത് റെക്കോര്‍ഡുകളാണ് പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റിയന്‍, 800 മീറ്ററില്‍ അബിത മേരി മാനുവല്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, ട്രിപ്പിള്‍ജംപില്‍ ലിസ്ബത്ത് എന്നിവരാണ് ഇന്നലെ റെക്കോഡിന് അവകാശികളായ കേരള താരങ്ങള്‍.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഡീഷയുടെ പുംഗ സോറന്‍, ഹാമര്‍ത്രോയില്‍ പഞ്ചാബിന്റെ ദമീത് സിങ്, സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ദല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍, ഷോട്ട്പുട്ടില്‍ ഹരിയാനയുടെ ദീപേന്ദര്‍ ദബാസ്, സീനിയര്‍ പെണ്‍കുട്ടികളില്‍ ഹരിയാനയുടെ പുഷ്പ ജക്കര്‍ (ജാവ്‌ലിന്‍ ത്രോ) എന്നിവരാണ് മറ്റ് റെക്കോഡിന് അവകാശികള്‍.
ഇതോടെ അഞ്ച് ദിവസമായി നടന്ന ചാമ്പ്യന്‍ഷിപ്പിലാകെ 20 പുതിയ റെക്കോഡുകളാണ് പിറവിയെടുത്തത്. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ ആകെ പിറന്നത് എട്ട് റെക്കോഡുകളായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss