|    Aug 16 Thu, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിട്ടുകൊടുക്കാതെ വീണ്ടും…

Published : 9th December 2015 | Posted By: SMR

കോഴിക്കോട്: പൊന്നും വെള്ളിയും വെങ്കലവും കോര്‍ത്തിണക്കി സാമൂതിരിയുടെ മണ്ണിലും നിലവിലെ ചാംപ്യന്‍മാരുടെ തേരോട്ടം. കേരളത്തിന്റെ കൗമാര കായിക ഭൂപടത്തില്‍ മുടി ചൂടാമന്നന്‍മാര്‍ തങ്ങള്‍ തന്നെയാണെന്നു വ്യവസായനഗരി ഒരിക്കല്‍ കൂടി തെളിയിച്ചു.
22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലബാര്‍ ആസ്ഥാനത്ത് വിരുന്നെത്തിയ 59ാമതു സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു ശുഭപര്യവസാനം കുറിച്ചപ്പോള്‍ എറണാകുളം വീണ്ടും ഓവറോള്‍ ചാംപ്യന്‍മാരായി.
വീശിയടിച്ച പാലക്കാടന്‍ കാറ്റ്
പണത്തിലും പ്രതാപത്തിലും ഏറെ പിന്നില്‍ നില്‍ക്കുന്ന പാലക്കാടിന്റെ ചുണക്കുട്ടികളോട് ഇഞ്ചോടിഞ്ച് പോരാടിയാണ് എറണാകുളം കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാട് ഉയര്‍ ത്തിയ കടുത്ത വെല്ലുവിളി അവസാന ഇനങ്ങളില്‍ മറികടന്നായിരുന്നു എറണാകുളത്തിന്റെ വിജയം.
ഒരുവേള എറണാകുളത്തിന് ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിന് 221 പോയിന്റുമായി തൃപ്തിപ്പെടേണ്ടിവന്നു. മുന്‍ വര്‍ഷങ്ങളിലേക്കാളും മികച്ച പ്രകടനം നടത്തി ആതിഥേയരായ കോഴിക്കോട് 120 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി.
25 സ്വര്‍ണവും 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റാണ് എറണാകുളം സ്വന്തമാക്കിയത്. 24 സ്വര്‍ണവും 24 വെള്ളിയും 20 വെങ്കലവുമായി 229 പോയിന്റോടെയാണു പാലക്കാട് രണ്ടാംസ്ഥാനത്തെത്തിയത്.
സിംഹാസനം തിരിച്ചുപിടിച്ച് മാര്‍ബേസില്‍
അയല്‍ക്കാരും എല്ലാ വര്‍ഷവും എതിരാളികളുമായ സെന്റ് ജോര്‍ജിനെ ചിത്രത്തില്‍ നിന്നും മായ്ച്ചുകളഞ്ഞാണ് ഇത്തവണ മാര്‍ബേസില്‍ തങ്ങളുടെ കായിക സിംഹാസനം തിരിച്ചു പിടിച്ചത്. കഴിഞ്ഞ വര്‍ഷം 10 സ്വര്‍ണം നേടിയ സെന്റ് ജോര്‍ജിന് ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞത് രണ്ടു സ്വര്‍ണം മാത്രം. 2012ല്‍ തിരുവനന്തപുരത്ത് വച്ച് നഷ്ടമായ കിരീടമാണ് ഇത്തവണ മാര്‍ബേസില്‍ തിരിച്ചുപിടിച്ചത്. പറളി സ്‌കൂളിനെ ഫോട്ടോഫിനിഷില്‍ പിന്തള്ളിയാണ് മാര്‍ബേസിന്റെ കിരീടനേട്ടം.
ട്രാക്കിലും ഫീല്‍ഡിലും ജംപിങ് പിറ്റിലും ഒരുപോലെ മിന്നിത്തിളങ്ങിയാണ് ഷിബി ടീച്ചറുടെ പരിശീലനത്തില്‍ ഇറങ്ങിയ മാര്‍ബേസില്‍ കുട്ടികള്‍ ഇത്തവണ വെന്നിക്കൊടി പാറിച്ചത്. 9 സ്വര്‍ണവും 13 വെള്ളിയം 7 വെങ്കലവുമടക്കം നേടിയ 91 പോയിന്റാണ് ജില്ലയെ ചാംപ്യന്‍മാരാക്കിയത്.
മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്റെ കരുത്തുമായെത്തിയ പറളി സ്‌കൂളില്‍ (86 പോയിന്റ്) നിന്നായിരുന്നു. 61 പോയിന്റുള്ള കുമരംപുത്തൂര്‍ സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
കരുത്തറിയിച്ച് വ്യക്തിഗത ചാംപ്യന്‍മാര്‍
ഭാവി വാഗ്ദാനങ്ങളെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിഗത ചാംപ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത് ആറ് താരങ്ങളായിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ ടി കെ സായൂജ്, സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ ഗൗരി നന്ദന, ജൂനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ എം കെ ശ്രീനാഥ്, ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫ്, സീനിയര്‍ ആണ്‍കുട്ടികളി ല്‍ എറണാകുളത്തിന്റെ ബിബിന്‍ ജോര്‍ജ്, സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ ജിസ്‌ന മാത്യു എന്നിവരാണ് വ്യക്തിഗത ചാംപ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400, മീറ്ററുകളിലും സ്വര്‍ണമണിയുകയും 4-400 റിലേ ടീമിലും പങ്കെടുത്ത എ എം എച്ച് എസ് പൂവമ്പായി സ്‌കൂളിലെ ജിസ്‌ന മാത്യുവിനെ തന്നെയാണ് മേളയിലെ താരമായും തിരഞ്ഞെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss