|    Sep 24 Mon, 2018 1:01 am
FLASH NEWS

വിടവാങ്ങിയത് വയനാട്ടുകാര്‍ നെഞ്ചോടുചേര്‍ത്ത ഭരണാധികാരി

Published : 24th January 2017 | Posted By: fsq

 

കല്‍പ്പറ്റ: വയനാടന്‍ ജനത നെഞ്ചോടുചേര്‍ത്ത ജില്ലാ ഭരണാധികാരിയായിരുന്നു ഞായറാഴ്ച തിരുവനന്തപുരത്ത് അന്തരിച്ച ടി രവീന്ദ്രന്‍ തമ്പി. രണ്ടു തവണയായി മൂന്നു വര്‍ഷത്തോളം മാത്രമാണ് ജില്ലാ കലക്ടറുടെ പദവിയിലുണ്ടായിരുന്നതെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസവും ആദരവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ജില്ലയുടെ ചരിത്രത്തില്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ച പ്രഥമ കലക്ടറായാണ് രവീന്ദ്രന്‍ തമ്പി അറിയപ്പെടുന്നത്. ജനങ്ങള്‍ക്ക് ഏതാവശ്യത്തിനും എപ്പോഴും പ്രാപ്യനായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വയനാടിനെയും വയനാട്ടുകാരെയും രവീന്ദ്രന്‍ തമ്പി അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്നു. ഈ സ്‌നേഹം അടയാളപ്പെടുത്തുന്നതിനാണ് അദ്ദേഹം തിരുവന്തപുരം മ്യൂസിയം വളപ്പിലെ വീടിനോടുചേര്‍ന്നുള്ള ഔട്ട് ഹൗസിന് ‘വയനാട്’ എന്നു നാമകരണം ചെയ്തതു പോലും. ജില്ലയില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കു തലസ്ഥാനത്ത് എത്തിയിരുന്നവരില്‍ ചിലര്‍ക്കെങ്കിലും ഈ ഔട്ട്ഹൗസ് സ്വന്തം വീടുതന്നെയായിരുന്നു. സന്ദിഗ്ധഘട്ടങ്ങളില്‍ വയനാടിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കൊത്ത് രവീന്ദ്രന്‍ തമ്പി ചുവടുവച്ചതാണ് ജില്ലയിലെ അമൂല്യമെന്നു വിശേഷിപ്പിക്കാവുന്ന പൈതൃക സമ്പത്തായ എടക്കല്‍ ഗുഹയുടെയും  അതിലെ പാറച്ചിത്രങ്ങളുടെയും സംരക്ഷണത്തിന് ഒരളവോളം ഉതകിയത്. അമ്പലവയലിലെ വയനാട് പൈതൃക മ്യൂസിയത്തിന്റെ യഥാര്‍ഥ ശില്‍പിയും രവീന്ദ്രന്‍ തമ്പിയാണ്. അമ്പുകുത്തി മലയില്‍ കരിങ്കല്‍ ഖനനം നിരോധിച്ച് എടക്കല്‍ ഗുഹയുടെ സമ്പൂര്‍ണനാശം ഒഴിവാക്കിയതിലൂടെ രവീന്ദ്രന്‍ തമ്പി എന്ന ചരിത്രസ്‌നേഹി വയനാടിനും കേരളത്തിനും മാത്രമല്ല, ലോകത്തിനാകെയാണ് വിലമതിക്കാനാവാത്ത സംഭവന നല്‍കിയത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യങ്ങളെ അവഗണിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ എന്ന നിലയില്‍ രവീന്ദ്രന്‍ തമ്പി തന്റേടം കാട്ടിയിരുന്നില്ലെങ്കില്‍ എടക്കല്‍ ഗുഹ എന്നോ കഥാവശേഷമാവുമായിരുന്നു. 1986 മാര്‍ച്ചില്‍ ജില്ലാ കലക്ടറായി ചുമതലയേറ്റ രവീന്ദ്രന്‍ തമ്പിക്ക് ഒരു വര്‍ഷം തികയുംമുമ്പേ ചുരമിറങ്ങേണ്ടിവന്നു. എടക്കല്‍ ഗുഹാസംരക്ഷണത്തിനായി അമ്പകുത്തി മലനിരകളില്‍ കരിങ്കല്‍ ഖനനം നിരോധിച്ചതില്‍ ഭരണനേതൃത്വത്തിനുണ്ടായ അതൃപ്തിയാണ് കലക്ടറുടെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. രവീന്ദ്രന്‍ തമ്പി കലക്ടറായിരിക്കെയായിരുന്നു സിവില്‍സ്റ്റേഷന്‍ ശിലാസ്ഥാപനം. കെട്ടിടത്തിനു തറക്കല്ലിടാനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ക്വാറി നിരോധനത്തിന്റെ പേരില്‍ രവീന്ദ്രന്‍ തമ്പിയെ പരസ്യമായി ശകാരിച്ചു. ക്വാറി ഉടമകള്‍ പ്രദേശിക രാഷ്ട്രീയ നേതാക്കളിലുടെ ചെലുത്തിയ സമ്മര്‍ദമാണ് മുഖ്യമന്ത്രി ജില്ലാ ഭരണാധികാരിയെ ജനങ്ങളുടെ മുമ്പാെക ശാസിക്കുന്നതിലെത്തിച്ചത്. അന്നു ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് തളര്‍ന്നുവീണ രവീന്ദ്രന്‍ തമ്പിയെ ആംബുലന്‍സിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ക്വാറി നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ രവീന്ദ്രന്‍ തമ്പി നിര്‍ബന്ധിതനായി. വൈകാതെ അദ്ദേഹത്തിനു സ്ഥലംമാറ്റവും ലഭിച്ചു. സ്ഥലംമാറിപ്പോവുന്ന കലക്ടര്‍ക്ക് കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് വികാരഭരിതമായിരുന്നു. ചടങ്ങിനെത്തിയ ആദിവാസി സ്ത്രീകളില്‍ ചിലര്‍ വേദിയില്‍ കയറി കലക്ടറുടെ കാല്‍ തൊട്ടുവന്ദിച്ചത് സദസ്സിലുണ്ടായിരുന്നവരില്‍ പലരുടെയും കണ്ണുനിറച്ചു. നീര്‍പൊടിയുന്ന മിഴികളുമായാണ് കലക്ടറും വേദി വിട്ടത്. 1990ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നു ജില്ലാ കലക്ടറുടെ കസേരയില്‍ രവീന്ദ്രന്‍ തമ്പിക്ക് രണ്ടാം ഊഴം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss