|    Nov 20 Tue, 2018 6:55 pm
FLASH NEWS

വിടപറഞ്ഞത് ധിഷണാശാലിയും കര്‍മനിരതയുടെ പ്രതീകവും

Published : 15th August 2018 | Posted By: kasim kzm

മുജീബ് ചേളാരി

തേഞ്ഞിപ്പലം: ധിഷണാശാലിയും കര്‍മ്മ നൈരന്തര്യത്തിന്റെ പ്രതീകവുമായിരുന്ന മഹാപണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ സെയ് മുഹമ്മദ് നിസാമി.
പ്രമുഖ വാഗ്മിയും പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ അദ്ദേഹം കേരളത്തിലുടനീളം വിദ്യാഭ്യാസ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രഭാഷണ കലയിലൂടെയും രചനയിലൂടെയും നേതൃത്വം നല്‍കുകയായിരുന്നു. ആശയ ഗഹനതയും വാക് ചാരുതയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും പ്രകടമായിരുന്നു. സിഐസി യുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് ആത്മാവും അടിത്തറയും സംവിധാനിച്ച ആ മനീഷി മുസ്്‌ലിം ഉമ്മത്തിലെ ഏകതയും വിദ്യാഭ്യാസ പുരോഗതിയും അദ്ദേഹത്തിന്റെ പ്രധാന നയങ്ങളില്‍ പെട്ടതായിരുന്നു. പള്ളിദര്‍സ് സിലബസ് പരിഷ്‌കരണത്തിന് വേണ്ടി പണ്ടു മുതലേ ചിന്തിച്ച നിസാമി സമാന ചിന്താഗതിക്കാരുടോപ്പം അത് വാഫി, വഫിയ്യ യിലൂടെ സാക്ഷാത്കരിച്ചു.
വശ്യതയാര്‍ന്ന പുഞ്ചിരിയില്‍ പൊതിയുന്ന മുഖം, ലാളിത്യത്തിന്റെ പ്രതീകം, പ്രഭാഷകന്‍, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ പ്രശോഭിതമായ വ്യക്തിത്വമായിരുന്നു നിസാമി. ഇസ്്‌ലാമിക പ്രത്യയശാസ്ത്രത്തെയും ചരിത്രത്തെയും അത്രമേല്‍ സൗന്ദര്യാത്മകവും കാല്‍പനികവുമായി അവതരിപ്പിച്ച പണ്ഡിത പ്രതിഭയായിരുന്നു അദ്ദേഹം. സാമൂഹിക നവോത്ഥാന പ്രക്രിയയില്‍ പ്രഭാഷണമായും എഴുത്തായും അദ്ദേഹം നല്‍കിയ സംഭാവന വളരെവലുതാണ്. നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
ബേപ്പൂര്‍എല്‍.പി, യു.പി, നടുവട്ടം ഹൈസ്‌ക്കൂള്‍, വാഴക്കാട് ദാറുല്‍ഉലൂം അറബികോളജ്, ചാലിയം മസ്ജിദുല്‍ ജാമിഅ, ഹൈദരാബാദ് ജാമിഅ നിസാമിയ്യ അറബികോളജ്, വെല്ലൂര്‍ ബാഖിയാത്തു സ്വലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം. കൊടുവള്ളി സിറാജുല്‍ഹുദാ അറബികോളജ്, എടവണ്ണപ്പാറ റഷീദിയ്യ അറബികോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്.
എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജ് (വാഫി) പ്രിന്‍സിപ്പാളുമായിരുന്നു. വാഫി സിഐസി അക്കാദമിക് കൗണ്‍സില്‍ ഡയരക്ടര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കൗണ്‍സിലര്‍, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പല്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഖത്തീബ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ അംഗമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അന്ത്യം. വസതിയിലും പാണമ്പ്ര മദ്‌റസാഹാളിലും മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. നാനാതുറകളിലുള്ള ആയിരങ്ങളാണ് പങ്കെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍, സമസ്ത ജന: സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ജനാസ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം.പി, എം പി അബ്ദുസമദ് സമദാനി, ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ. എസ്. എസ.് എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍, സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എ വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ.കെ മുഹമ്മദ് ബഷീര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍വഹാബ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഹുസൈന്‍ മടവൂര്‍, സി പി ഉമര്‍ സുല്ലമി, ടി പി അബ്ദുല്ലകോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, നാസറുദ്ദീന്‍ എളമരം, സൈതലവിഹാജി കോട്ടക്കല്‍, അഷ്‌റഫ് കോഴിച്ചെന, ഡോ.എന്‍ എ എം അബ്ദുല്‍ ഖാദര്‍, അഡ്വ: എം ഉമ്മര്‍ എം എല്‍ എ, കെ പി എ മജീദ്, കെ എ റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹക്കീം ഫൈസി ആദൃശ്ശേരി, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം എ ചേളാരി, ഹാജി പി കെ മുഹമ്മദ് തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss