|    Feb 28 Tue, 2017 11:51 am
FLASH NEWS

വിടപറഞ്ഞത് ആധുനിക പാനൂരിന്റെ ശില്‍പി

Published : 9th November 2016 | Posted By: SMR

പാനൂര്‍: സോഷ്യലിസ്റ്റ് കളരിയില്‍ നിന്നു ഹരിത രാഷ്ട്രീയത്തിലേക്കു വളര്‍ന്നുവന്ന കെ എം സൂപ്പി സാഹിബിന്റെ വിയോഗം ഏറ്റവും കൂടുതല്‍ നൊമ്പരപ്പെടുത്തുന്നത് നാട്ടുകാരെ തന്നെയാണ്. കാരണം എംഎല്‍എ സ്ഥാനത്തു വരെയെത്തിയിട്ടും അതിനും മുകളിലേക്കു സഞ്ചരിക്കാന്‍ പാത തുറന്നുകിടക്കുമ്പോഴും തെന്നിമാറി നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച നേതാവായിരുന്നു കെ എം സൂപ്പിയെന്ന നാട്ടുകാരുടെ സൂപ്പി സാഹിബ്. ചെറുപ്പകാലം മുതല്‍ സാമൂഹിക സേവന രംഗങ്ങളില്‍ പ്രവര്‍ത്തിച്ച കെ എം സൂപ്പി അവസാനകാലത്ത് നേരിയ അവണനകള്‍ നേരിട്ടെങ്കിലും നാട്ടുകാര്‍ക്കിടയില്‍ എന്നും പ്രിയങ്കരനായിരുന്നു. 1933 ഏപ്രില്‍ 5നു മമ്മു-പാത്തു ദമ്പനിതകളുടെ മകനായാണ് ജനനം. എസ്എസ്എല്‍സിയും വൈദ്യ വിഭൂഷണവും പാസായ ശേഷം ആയുര്‍വേദ മെഡിക്കല്‍ പ്രാക്റ്റീഷണറായി രജിസ്റ്റര്‍ ചെയ്തു. അതിനിടയിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലേക്കു കടന്നത്. മികച്ച പ്രസംഗകനും കരുത്തുറ്റ ശബ്ദത്തിനുടമയുമായിരുന്ന സൂപ്പി സാഹിബിന്റെ കൈമുദ്ര പതിയാത്ത ഒരു വികസനവും പാനൂരിലും പരിസരത്തുമുണ്ടായിട്ടില്ല. മഹല്ല് ഭരണം മുതല്‍ കുടുംബ പ്രശ്‌നങ്ങളില്‍ വരെ ഇടപെട്ടിരുന്ന ഇദ്ദേഹം രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നും മാതൃകയായിരുന്നു. മാഹി മയ്യലവിയ്യ ഹൈസ്‌കൂള്‍ തേഡ് ഫോമില്‍ പഠിക്കുന്ന കാലത്ത് സഹപാഠികള്‍ക്കൊപ്പം മാഹിയില്‍ നടന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണ് സൂപ്പിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആരംഭം. അന്നാണ് ആദ്യമായി ‘ഈങ്കിലാബ് സിന്ദാബാദ്, സോഷ്യലിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്, സഖാവ് പി ആര്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം സൂപ്പി വിളിച്ചത്. പൊതുയോഗത്തില്‍ രണ്ടുപേരുടെ പ്രസംഗം കഴിഞ്ഞശേഷം പ്രസംഗിക്കാന്‍ എഴുന്നേറ്റു. പൊതുയോഗ സ്ഥലത്തെത്തിയ മുഴുവന്‍ പേരെയ്യം പിടിച്ചുലച്ചുള്ള രണ്ടര മണിക്കൂര്‍ ദീര്‍ഘമേറിയ പ്രസംഗം നടത്തിയപ്പോഴാണ് പി ആര്‍ കുറുപ്പെന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ പുതിയ ആശയവും പ്രഗല്‍ഭനായ ഒരു നേതാവിനെയും സര്‍വോപരി ഒരു പുതിയ മനുഷ്യനെയും അല്‍ഭുതാദരങ്ങളോടെ അറിയുകയായിരുന്നുവെന്ന് സൂപ്പി തന്നെ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പി ആര്‍ കുറുപ്പിന്റെ നിഴലായി വളര്‍ന്ന സൂപ്പി രണ്ടുതവണ പെരിങ്ങളത്ത് നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിആറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സൂപ്പിയും കൂടെപ്പോയി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം സൂപ്പി അഖിലേന്ത്യാ ലീഗില്‍ ചേരുകയും തുടര്‍ന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗില്‍ ലയിക്കുകയും ചെയ്തതോടെയാണ് ഹരിത മുസ്്‌ലിം ലീഗിന്റെ പ്രധാനിയായി മാറിയത്. ലീഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ച അദ്ദേഹം ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ അടുത്ത കാലത്ത് സജീവമായിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ മുസ്്‌ലിം ലീഗിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹം 1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും നിയമസഭയില്‍ പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് വികസന സമിതി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 1980, 82, 84 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ കെ ശശീന്ദ്രന്‍, എന്‍ എ മമ്മുഹാജി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. പാനൂര്‍ ബസ് സ്റ്റാന്റ് നിലവില്‍ വന്നത് 1990ല്‍ സൂപ്പി പ്രസിഡന്റായ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ്. പില്‍ക്കാലത്ത് താന്‍ മാനേജരായ തിരുവാല്‍ യൂപി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം മാഹി ഹൈസ്‌കൂളില്‍ നിന്ന് സെക്കന്ററി വിദ്യാഭ്യാസം നേടുകയും പിന്നീട് ആയുര്‍വേദത്തില്‍ വൈദ്യ വിഭൂഷണത്തില്‍ ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്‌തെങ്കിലും തന്റെ പ്രവര്‍ത്തന മേഖലയായി രാഷ്ട്രീയമാണ് തിരഞ്ഞെടുത്തത്.     പാനൂര്‍ ജുമുഅത്ത് പള്ളി പുനര്‍നിര്‍മാണവും അതിനോടനുബന്ധിച്ച സ്ഥാപനങ്ങളുടെ നിര്‍മാണവും, പാനൂര്‍ ബസ് സ്റ്റാന്റ്, എന്‍എഎം കോളജ്, പെരിങ്ങത്തൂര്‍ എന്‍എഎം ഹൈസ്‌കൂള്‍, മൊകേരി രാജീവ് ഗാന്ധി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പന്ന്യന്നൂര്‍ ചോതാവൂര്‍ ഹൈസ്‌കൂള്‍, പാനൂര്‍ 110 കെവി സബ്‌സ്‌റ്റേഷന്‍, പാനൂര്‍ സബ് ട്രഷറി, പാനൂര്‍ കെഎസ്എഫ്ഇ പാനൂര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ്, ചെറുവാഞ്ചേരി അമ്പലപ്പുഴ പാലം, മുളിയാത്തോട് പാലം, മൊകേരി കക്കറ പാലം, പുത്തൂര്‍ പോസ്റ്റ് ഓഫിസ്, ചേരിക്കല്‍ റോഡ്, പാത്തിപ്പാലം മരപ്പാലം റോഡ്, ചെറുപ്പറമ്പ്-പാത്തിക്കല്‍ റോഡ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. പരേതനോടുള്ള ആദരസൂചകമായി കല്ലിക്കണ്ടി എന്‍എഎം കോളജ്, കടവത്തൂര്‍ എന്‍ഐഎ കോളജ്, പെരിങ്ങത്തൂര്‍ എംഇസിഎഫ് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാനൂര്‍ ജമാഅത്ത് കമ്മിറ്റിക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി നല്‍കി. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. മരണവിവരമറിഞ്ഞ് നിരവധി പേരാണ് വീട്ടിലെത്തിയത്. പാനൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ പി മോഹനന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞുമുഹമ്മദ്, വി സുരേന്ദ്രന്‍, കെ കെ പവിത്രന്‍, പി സത്യപ്രകാശ്, എ പ്രദീപന്‍, കെ കെ രാമചന്ദ്രന്‍, കെ കെ മുഹമ്മദ്, പി ടി ജോസഫ്, കെ കെ സജീവ് കുമാര്‍, കെ ടി കുഞ്ഞഹമ്മദ്, കെ പി എ റഹീം, കെ വി രജീഷ്, എം കെ പത്മനാഭന്‍, നാസര്‍ കൂരാറ, പ്രഭാകരന്‍ മാസ്റ്റര്‍, ഒ കെ വാസു, വി വി അശ്‌റഫ്, വി നാസര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day