|    Dec 17 Mon, 2018 4:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജ്ഞാപനം നടപ്പാക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കരുത്‌

Published : 11th July 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പാക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി. വിജ്ഞാപനത്തെ ചോദ്യംചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
മുന്‍കാലങ്ങളില്‍ മിനിമം വേതനവുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനങ്ങളിലെ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും അതു തീരാതെ പുതിയ വിജ്ഞാപനം നടപ്പാക്കാനാവില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ഈ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. മുന്‍ വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം കൂടി അടുത്തദിവസം ഒരുമിച്ചു പരിഗണിക്കുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സുപ്രിംകോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ചില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയത്.
ആശുപത്രി ഉടമകളുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എല്ലാ വശങ്ങളും പരിഗണിച്ചും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് വിജ്ഞാപനമിറക്കിയതെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിജ്ഞാപനം ഇറക്കുന്നതിനു മുമ്പ് ആശുപത്രി ഉടമകള്‍ക്കും നഴ്‌സുമാര്‍ക്കും നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കിയിരുന്നു. മിനിമം വേതനം നിശ്ചയിക്കാനായി സമിതി രൂപവല്‍ക്കരിച്ചു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. തുടര്‍ന്ന് കക്ഷികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഇതിനെല്ലാം ശേഷമാണ് ഏപ്രില്‍ 23ന് അന്തിമ വിജ്ഞാപനമിറക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss