|    May 27 Sat, 2017 11:16 pm
FLASH NEWS

വിജ്ഞാനം വിരല്‍തുമ്പിലാക്കി കൊല്ലം എസ്എന്‍ കോളജ് ലൈബ്രറി

Published : 1st July 2016 | Posted By: SMR

കൊല്ലം:കൊല്ലം ശ്രീനാരായണ കോളജ് ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയാകുവാന്‍ തയ്യാറായി. കോളേജിലെ 15ഡിപ്പാര്‍ട്ട്‌മെന്റുകളിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തിലധികം പുസ്തകങ്ങളും, ഒപ്പം അമൂല്യങ്ങളായ ഒട്ടനവധി റഫറന്‍സ് ഗ്രന്ഥങ്ങളും ആനുകാലികങ്ങളും അടക്കം ഒരിടത്ത് കേന്ദ്രീകരിച്ച് വിവരസാങ്കേതികവിദ്യയിലൂടെ ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് രൂപപ്പെടുത്തിയിരിക്കുന്നു.

കോളജിലെ ഹിസ്റ്ററി ബ്ലോക്കിന്റെ ഒന്നാം നിലയില്‍ 6000ച.അടി വിസ്തൃതിയിലാണ് സെന്‍ട്രല്‍ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്.സെന്‍ട്രല്‍ ലൈബ്രറിയിലെ ഏതെങ്കിലും ഒരു പുസ്തകം തിരയുന്ന ഒരാള്‍ക്ക് ആ പുസ്തകത്തിന്റെ വിവരങ്ങള്‍, ഉള്ളടക്കത്തിന്റെ സംക്ഷിപ്ത രൂപം, കവര്‍ പേജിന്റെ ചിത്രം, സമാന ഉള്ളടക്കമുള്ള മറ്റ് പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങളും പുതിയ സംവിധാനത്തിലൂടെ ഇനിമുതല്‍ ലഭ്യമാവും. ഇലക്‌ട്രോണിക് സാങ്കേതികവിദ്യയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും വളരെ ലളിതമായി ഓണ്‍ലൈന്‍ പബ്ലിക് ആക്‌സസ് കാറ്റലോഗിലൂടെ (OPAC) ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ക്ഷണത്തില്‍ ലഭ്യമാവും.
ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയറായ ‘കോഹ’ യിലൂടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.ആധുനിക ലൈബ്രറി സംവിധാനത്തില്‍ അധിഷ്ഠിതമായ സെര്‍വര്‍ കംപ്യൂട്ടര്‍, ഹൈസ്പീഡ് കണക്ഷനോടുകൂടിയ ഇന്റര്‍നെറ്റ് ബ്രൗസിങ് സെന്റര്‍ എന്നിവ കൂടാതെ റിപ്രോഗ്രഫിക് സൗകര്യങ്ങളും സെന്‍ട്രല്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെ ന്‍ ട്രല്‍ ലൈബ്രറിയുടെ ശേഖരത്തില്‍ പാഠ്യവിഷയങ്ങളിലെ പുസ്തകങ്ങള്‍ക്കു പുറമേ സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള കഥ, കവിത, നോവല്‍ തുടങ്ങി സാഹിത്യശാഖകളിലെ മറ്റനേകം പുസ്തകങ്ങളും ലഭ്യമാണ്. ഇവക്ക് പുറമേ എസ്എന്‍ കോളജിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങളുടേയും എംഫില്‍, പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങളുടേയും വലിയ ശേഖരം ഇവിടെ ലഭ്യമാകും. കോളേജിലും പുറത്തുമുള്ള ഗവേഷകരുടെ പഠനത്തിന് ഏറെ പ്രയോജനകരമായ റഫറന്‍സ് ഗ്രന്ഥങ്ങളുടെ ശേഖരത്തോടൊപ്പം മിക്കപത്രങ്ങളുടെയും അതിവിപുലമായ ഒരു ആര്‍കെവ്‌സും കോളേജില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെ ന്‍ട്രല്‍ ലൈബ്രറിയുടെ മറ്റൊരു പ്രധാന സവിശേഷത പതിനായിരത്തിലധികം ഇലക്‌ട്രോണിക് ജേര്‍ണലുകളും, എണ്ണായിരത്തിലധികം ഇലക്‌ട്രോണിക്‌സ് ബുക്കുകളും നിരവധി ബിബ്ലിയോഗ്രാഫിക് ഡാറ്റാബേസുകളും ലഭ്യമാകുന്നു എന്നതാണ്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി അക്കാദമിക് താല്‍പര്യമുള്ള ഏവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30വരെയും, അവധി ദിവസങ്ങളില്‍ 9.30 മുതല്‍ 4.30 വരെയും പ്രവര്‍ത്തിക്കുന്നതായിരിക്കും. വായനക്കാര്‍ക്കും ഗവേഷകര്‍ക്കും കോളജിലെ ലൈബ്രറി സംവിധാനങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ ബി മനോജും ലൈബ്രേറിയന്‍ ഡോ. ബി ഷാജിയും അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day