|    May 25 Thu, 2017 12:35 pm
FLASH NEWS

വിജേന്ദര്‍ ഇടിക്കൂട്ടിലെ സിംഹം

Published : 17th July 2016 | Posted By: SMR

vijender-getty-875

ന്യൂഡല്‍ഹി: ഇടിക്കുട്ടിലെ സിംഹമാണെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇന്നലെ നടന്ന ഡബ്ല്യുബിഒ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് വിജേന്ദര്‍ വീണ്ടും ഇടിക്കൂട്ടില്‍ ഗര്‍ജിച്ചത്.
ചാംപ്യന്‍പട്ടത്തിനായുള്ള പോരില്‍ മുന്‍ യൂറോപ്യന്‍ ജേതാവായ ആസ്‌ത്രേലിയയുടെ കെറി ഹോപ്പിനെയാണ് വിജേന്ദര്‍ ഇടിച്ചിട്ടത്. പ്രഫഷനല്‍ ബോക്‌സിങിലേക്ക് ചുവടുമാറ്റിയ വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണിത്.
പ്രഫഷനല്‍ ബോക്‌സിങില്‍ തോല്‍വിയറിയാതെയാണ് വിജേന്ദറിന്റെ കുതിപ്പ്. 10 റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജേന്ദറിന്റെ ജയം. പ്രഫഷനല്‍ ബോക്‌സിങില്‍ വിജേന്ദറിന്റെ ആദ്യ അന്താരാഷ്ട്ര കിരീട നേട്ടം കൂടിയാണിത്.
ഡല്‍ഹിയിലെ ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഈ കിടിലന്‍ പോരാട്ടം അരങ്ങേറിയത്.
ഒരു വര്‍ഷം മുമ്പ് പ്രഫഷനല്‍ ബോക്‌സിങിലേക്ക് ചുവടു മാറിയ ശേഷം മുന്‍ ഒളിംപിക്‌സ് മെഡല്‍ വിജയി കൂടിയായ വിജേന്ദറിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു ഇന്നലെ. വിജേന്ദര്‍ ഇതാദ്യമായാണ് ഒരു 10 റൗണ്ട് മല്‍സരത്തിനിറങ്ങുന്നത്.
ഹോപ്പിനെ ഇടിച്ചുവീഴ്ത്തിയതോടെ സൂപ്പര്‍ മിഡില്‍വെയ്റ്റ് ലോക റാങ്കിങില്‍ 15ാം സ്ഥാനത്തേക്കുയരാന്‍ ഇന്ത്യന്‍ താരത്തിനായി.
ബോക്‌സിങില്‍ ഒളിംപിക്‌സ്, കോണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോക ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം മെഡല്‍ നേടിയ താരമാണ് വിജേന്ദര്‍.
വിജേന്ദര്‍റിനെ പിന്തുണയ്ക്കാന്‍ രാജ്യത്തെ കായിക, സിനിമാ മേഖലയിലെ പ്രമുഖര്‍ ഇന്നലെ ഡല്‍ഹിയിലെ ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day