|    Oct 20 Fri, 2017 3:35 am
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് നിരീക്ഷണത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്ആരംഭിച്ചു; അഭിമുഖവും പരീക്ഷയും കൊച്ചിയില്‍

Published : 25th July 2016 | Posted By: SMR

മരട് (കൊച്ചി): വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിന്റെയും വിജിലന്‍സിന്റെയും മേല്‍നോട്ടത്തില്‍ ഇന്നലെ കൊച്ചിയില്‍ ആരംഭിച്ചു. അഭിമുഖവും പരീക്ഷയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും നോര്‍ക്കയുടെയും നിരീക്ഷണത്തില്‍ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നത്.
വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പുകളും ലക്ഷങ്ങള്‍ കോഴ വാങ്ങി ആളുകളെ ചൂഷണം ചെയ്യുകയും അട്ടിമറി നടത്തുകയും ചെയ്തതോടെ 2015 ഏപ്രില്‍ മുതല്‍ ഗള്‍ഫിലേക്കുള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനത്തിനു സ്വകാര്യ ഏജന്‍സികളെ മൊത്തം നിരോധിക്കുകയും നോര്‍ക്ക ഉള്‍പ്പെടെയുള്ള നാല് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. പുതുതായി ചുമതലയേറ്റ നോര്‍ക്ക റൂട്ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) വി ഭൂഷണ്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് നടപടിക്രമങ്ങള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാക്കാനുള്ള തീരുമാനമുണ്ടായത്.
സൗദി അറേബ്യയിലെ അല്‍ കൊബാറില്‍ അല്‍മന ജനറല്‍ ആശുപത്രിയിലെ 25 സീറ്റിലേക്കുള്ള നിയമന നടപടികളാണ് ഇന്നലെ നടന്നത്. 89 പേര്‍ ഇന്നലത്തെ നിയമന നടപടികള്‍ക്കായി എത്തിയിരുന്നു. 100 പേരെയാണ് കമ്പനിക്ക് ആവശ്യമുള്ളത്. മലയാളികളോടാണ് ആശുപത്രി അധികൃതര്‍ക്ക് താല്‍പര്യമെന്നും 90 ശതമാനം നിയമനം നടത്തണമെന്നാണ് കമ്പനിയുടെ തീരുമാനമെന്നും നോര്‍ക്ക ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു.
ആശുപത്രിയുടെ റിക്രൂട്ട്‌മെന്റ് ഓഫിസറായ ഫൈസന്‍ അതര്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായി കൊച്ചിയിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ ആരംഭിച്ച നടപടികള്‍ വൈകിട്ട് 5 മണിയോടെയാണ് അവസാനിച്ചത്. വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ നടന്ന ആദ്യ നഴ്‌സിങ് റിക്രൂട്ട്‌മെന്റ നടപടികളാണ് ഇന്നലെ നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക