|    Oct 20 Fri, 2017 1:53 am
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടറുടെ അനുമതി; വ്യവസ്ഥ സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സര്‍ക്കാര്‍

Published : 11th August 2017 | Posted By: fsq

 

കൊച്ചി: സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനാവശ്യ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാനാണ് അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന ഉത്തരവ് പുറത്തിറക്കിയതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണാധികാരികളും അഴിമതി ആരോപണവിധേയരാവുന്ന ഇക്കാലത്ത് അഴിമതി തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും തീര്‍പ്പാക്കാനും ഡിവൈഎസ്പി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു കടിഞ്ഞാണില്ലാത്ത അധികാരങ്ങള്‍ നല്‍കുന്നത് ഉചിതമല്ല. ഉന്നത ഉദ്യോഗസ്ഥര്‍ അറിവും അനുഭവജ്ഞാനവും ഉപയോഗിച്ച് ജാഗ്രതയോടെയും വിവേകപൂര്‍വവും ആണ് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും വിജിലന്‍സ് ആന്റ് അന്റി കറപ്ഷന്‍ ഡയറക്ടര്‍ കൂടിയായ ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ (കാപെക്‌സ്) അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജ് കടകമ്പള്ളി സമര്‍പ്പിച്ച ഹരജിയിലാണ് ലോക്‌നാഥ് ബെഹ്‌റ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. അഴിമതി സംബന്ധിച്ച് കേസെടുത്തെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ കേസെടുക്കരുതെന്ന സര്‍ക്കാരിന്റെ മാര്‍ച്ച് 29ലെ ഉത്തരവിനെയും ഹരജി ചോദ്യം ചെയ്യുന്നുണ്ട്. കേസുകള്‍ നല്ലരീതിയില്‍ അന്വേഷിക്കാനും അനാവശ്യ നിയമനടപടികള്‍ ഒഴിവാക്കാനുമാണ് വിജിലന്‍സ് മാന്വലും ഉത്തരവുകളും സര്‍ക്കുലറുകളും സര്‍ക്കാര്‍ ഇറക്കിയതെന്നു സത്യവാങ്മൂലം പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം ഹൈക്കോടതി നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. വിജിലന്‍സ് മാന്വലിന് സമാനമായ സിബിഐ മാന്വല്‍ സുപ്രിംകോടതിയും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമല്ല. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാര്‍ നിയമിച്ച ഉന്നത ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് മാന്വല്‍ സര്‍ക്കാര്‍ അംഗീ—കരിച്ചതുമാണ്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന വ്യവസ്ഥ നിയമവിരുദ്ധമല്ല. ഒരു അന്വേഷണ ഉദ്യോഗസ്ഥന് തെറ്റുപറ്റുകയാണെങ്കില്‍ ആ തെറ്റുതിരുത്താന്‍ മേലുദ്യോഗസ്ഥന് അധികാരമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയ്ക്കും തോന്നലിനും അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് എടുക്കാനാവില്ല. അഴിമതിവിരുദ്ധ നിയമപ്രകാരമുള്ള നിയമനടപടി അതീവ ഗൗരവമേറിയതും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. അതിനാല്‍ പകയോടെയുള്ള നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില സംരക്ഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതു കൊണ്ടാണ് ചില കേസുകളില്‍ കേസെടുക്കുന്നതിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രിംകോടതി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ ദൃഷ്യാ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്താല്‍ മതിയെന്നു സര്‍ക്കാരും വിജിലന്‍സും തീരുമാനിച്ചത്. അനാവശ്യ പരാതികളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എഫ്‌ഐആറിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരും വിജിലന്‍സും ദ്വിവിധ മുന്‍കരുതല്‍ സ്വീകരിക്കണം. ത്വരിതപരിശോധന, രഹസ്യപരിശോധന, പ്രാഥമിക അന്വേഷണം എന്നിവയുടെ റിപോര്‍ട്ട് മേലുദ്യോഗസ്ഥന്‍ പരിശോധിക്കുന്നതു നിരപരാധികള്‍ നിയമനടപടി നേരിടുന്നില്ലെന്ന് ഉറപ്പിക്കാനാണ്. അനാവശ്യ നിയമനടപടി നേരിടുന്നത് ഉദ്യോഗസ്ഥരുടെ സല്‍പ്പേരിനെ നശിപ്പിക്കും. പരാതി വന്നാലുടന്‍ കേസ് എടുക്കണമെന്ന സിആര്‍പിസിയിലെ വ്യവസ്ഥ സത്യസന്ധരും ധര്‍മിഷ്ഠരുമായ ഉദ്യോഗസ്ഥര്‍ക്ക് വലിയ കോട്ടമുണ്ടാക്കും. പരാതി ലഭിച്ചയുടന്‍ കേസെടുക്കുന്നതിനേക്കാള്‍ നല്ലത് ഒരു അന്വേഷണം നടത്തുന്നതാണ്. കേന്ദ്ര ഏജന്‍സിയായ സിബിഐയൊക്കെ ഇതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സത്യവാങ്മൂലം പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക