|    Oct 17 Wed, 2018 12:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിജിലന്‍സ് ആസ്ഥാനം നാഥനില്ലാക്കളരി : ചെന്നിത്തല

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: അന്വേഷണങ്ങള്‍ക്ക് ഫലപ്രദമായ മേല്‍നോട്ടം വഹിക്കാനോ അന്വേഷണസംഘങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനോ കഴിയാത്ത തരത്തില്‍ വിജിലന്‍സ് ആസ്ഥാനം നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന് ഒരു മുഴുസമയ ഡയറക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ രണ്ടു കേഡര്‍ തസ്തികളാണുള്ളത്. അതില്‍ ഒന്ന് സംസ്ഥാന പോലിസ് ചീഫിന്റെയും മറ്റൊന്ന് വിജിലന്‍സ് ഡയറക്ടറുടേതുമാണ്. ഈ രണ്ടു പദവികളും ഒരാള്‍ തന്നെ വഹിക്കുന്നതുമൂലം വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കുത്തഴിഞ്ഞ നിലയിലാണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിനു താല്‍പര്യമുള്ള കേസുകളെ അനുകൂലമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ നടപടിയാണിതെന്നും ഇതുമൂലം സംസ്ഥാനത്ത് അഴിമതി തഴച്ചുവളരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. സംസ്ഥാനത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ വിജിലന്‍സ് പൂര്‍ണപരാജയമാണ്. മുഴുസമയ മേധാവി ഇല്ലാത്തതുമൂലം ഇപ്പോള്‍ അന്വേഷണം നടക്കുന്ന സുപ്രധാന കേസുകളെല്ലാം വഴിമുട്ടിയ നിലയിലാണ്. വിജിലന്‍സിന് എന്തുകൊണ്ട് മുഴുസമയ മേധാവിയിെല്ലന്ന് ഹൈക്കോടതിക്കു പോലും ചോദിക്കേണ്ടിവന്നു.   ക്രമസമാധാന ചുമതല വഹിക്കുന്ന ഡിജിപിക്ക് വിജിലന്‍സിന്റെ കൂടി അധിക ചുമതല നല്‍കിയിരിക്കുകയാണ്. അതീവപ്രാധാന്യമുള്ള രണ്ടു പദവികള്‍ ഒരു ഉദ്യോഗസ്ഥന്‍ തന്നെ കൈകാര്യം ചെയ്യുന്നത് അത്യപൂര്‍വമായ സാഹചര്യമാണ്. വളരെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിമിതികളും വിജിലന്‍സിനുണ്ട്. അഴിമതി നിരോധന വകുപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട നിലയിലാണ്. അതുകൊണ്ട് ഉടനെത്തന്നെ ഒരു മുഴുസമയ ഡയറക്ടറെ വിജിലന്‍സ് മേധാവിയായി നിയമിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss