|    Apr 20 Fri, 2018 10:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിജിലന്‍സ് ;അന്വേഷിക്കുംവിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജനെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാക്കളുടെയും പരാതിയിലാണ് അന്വേഷണത്തിനു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്.
ഇന്നലെ നിയമോപദേശകര്‍ തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്തെത്തി ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമോപദേശം പരിഗണിച്ച് അന്വേഷണം നടത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. തുടര്‍ന്നാണ് പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനമെടുത്തത്. ഉത്തരവ് ഇന്നു പുറത്തിറങ്ങും.
ജയരാജനെതിരേ കേസെടുക്കണമെന്ന ഹരജി ഇന്നു പരിഗണനയ്‌ക്കെത്തുമ്പോള്‍ പ്രാഥമികാന്വേഷണം നടത്തുന്നതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിക്കും. വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ യൂനിറ്റ്-2 എസ്പി ജയകുമാറിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സംഘത്തില്‍ പെട്ടവരെ ഇന്നു നിശ്ചയിക്കും. ഒന്നര മാസത്തിനകം പ്രാഥമികാന്വേഷണ റിപോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
അന്വേഷണത്തിനു ശേഷമായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള തുടര്‍നടപടി. അതുവരെ ജയരാജനു മന്ത്രിസ്ഥാനത്ത് തുടരുന്നതിനു നിയമപ്രശ്‌നങ്ങളൊന്നുമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനു നിലവില്‍ നടപടിക്രമങ്ങളുണ്ട്. ഇതു ലംഘിക്കപ്പെട്ടോ എന്നും നിയമനത്തില്‍ അനധികൃത ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്നുമായിരിക്കും വിജിലന്‍സ് പരിശോധിക്കുക.
കഴിഞ്ഞ 6ാം തിയ്യതിയാണ് ബന്ധുനിയമന വിവരങ്ങള്‍ പുറത്തായത്. വ്യവസായമന്ത്രിയുടെ ഭാര്യാസഹോദരിയും എംപിയുമായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ (കെഎസ്‌ഐഇ) എംഡിയായും മന്ത്രിയുടെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി നിഷാദിനെ കണ്ണൂര്‍ പഴയങ്ങാടി ക്ലേ ആന്റ് സിറാമിക്‌സിന്റെ ജനറല്‍ മാനേജറായുമാണ് നിയമിച്ചത്. വിവാദത്തെ തുടര്‍ന്ന് സുധീറിനെ എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ദീപ്തി രാജിവയ്ക്കുകയും ചെയ്തിരുന്നു.
നിയമനവിവരം വിവാദമായതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയത്. പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നു. അന്വേഷണം വേണമെന്നായിരുന്നു നിയമവിദഗ്ധരുടെ ഉപദേശം.
ലളിതകുമാരി കേസില്‍, വിജിലന്‍സിനു പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി കഴമ്പുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രിംകോടതി വിധിയും മുമ്പുണ്ടായിട്ടുള്ള കോടതിവിധികളും ചൂണ്ടിക്കാട്ടിയാണ് അന്വേഷണമാണ് കരണീയമായിട്ടുള്ളതെന്ന നിയമോപദേശം വിജിലന്‍സിനു ലഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss