|    Dec 13 Thu, 2018 12:48 pm
FLASH NEWS

വിജിലന്‍സ് അന്വേഷണത്തിന് ജില്ലാ പഞ്ചായത്ത് ശുപാര്‍ശ; ടെന്‍ഡര്‍ റദ്ദാക്കും

Published : 26th August 2016 | Posted By: SMR

കാസര്‍കോട്:  ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മികവിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ കായിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേണ്ടുണ്ടെന്ന് കാട്ടി ജില്ലാ പഞ്ചായത്ത് അന്വേഷണ സമിതി റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മികവിനായി 2015-16 വര്‍ഷം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 26 ലക്ഷത്തിന്റെ കായിക ഉപകരണങ്ങളാണ് ജില്ലയിലേക്ക് ഇറക്കിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉപകരണങ്ങള്‍ വാങ്ങിയത്. സ്‌പോട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന നാസ്‌കോയുടെ പ്ലേ വെല്‍ എന്ന കമ്പനിയാണ് ഇ- ടെന്‍ഡര്‍ വഴി ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഫെബ്രുവരിയില്‍ ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകളിലായാണ് ഉപകരണങ്ങള്‍ ഇറക്കിയത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്കായി വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിലും കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്കായി കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ഉപകരണങ്ങള്‍ ഇറക്കിയത്.
ഒരു കണ്ടയ്‌നറില്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഉപകരണങ്ങള്‍ രാത്രിയിലാണ് ഈ സ്‌കൂളുകളില്‍ എത്തിച്ചത്. രണ്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ഹൈജംപ് ബെഡ് കുട്ടികള്‍ ചാടിയാല്‍ തെറിച്ചു പോകുന്നതാണെന്നും പോള്‍വാള്‍ട്ട് ഉപകരണങ്ങള്‍ ഫൈബറില്‍ നിര്‍മിക്കാത്തതും ഒടിഞ്ഞു പോകാന്‍ സാധ്യയുള്ളതെന്നുമാണ് വിലയിരുത്തല്‍.  ജില്ലാ വിദ്യാഭ്യാസ കായിക കോ-ഓഡിനേറ്റര്‍ കെ എം ബല്ലാളിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍ ചെയര്‍മാനായുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കായിക രംഗത്തെ വിദഗ്ധരായ എം സി രാജു, സിനി എബ്രഹാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇറക്കിയ ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജില്ലയിലെ കായിക വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടില്ലെന്നും അന്വേഷണ സംഘം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം റിപോര്‍ട്ട് ചര്‍ച്ച ചെയ്യുകയും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഇതോടൊപ്പം ഈ ടെന്‍ഡര്‍ റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ കായിക രംഗത്ത് പിന്നാക്കമായ ജില്ലയില്‍ കുട്ടികളുടെ പരിശീലനത്തിന് ആവശ്യമായ യാതൊരു ഉപകരണവും ഇല്ലാത്തത് നേരത്തെ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് വിദ്യാര്‍ഥികളുടെ കായിക മികവിന് ഫണ്ട് അനുവദിച്ചത്. ഈ ഫണ്ട് ആണ് ചിലരുടെ പിടിപ്പുകേടുമൂലം ഉപകാരമില്ലാതാവുന്നത്.
സാധനങ്ങള്‍ വാങ്ങാന്‍ സ്‌പോര്‍ട് കൗണ്‍സിലാണ് വിദ്യാഭ്യാസ വകുപ്പിന് ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി നല്‍കിയത്. എന്നാല്‍ ഈ പട്ടികയില്‍ ഉപകരണങ്ങളുടെ ഗുണമേന്മയും കൃത്യമായ അളവും സമര്‍പ്പിച്ചിട്ടില്ല. ഈക്കാര്യം ചോദിച്ച് വാങ്ങാനും ഡിഡിഇ താല്‍പര്യം കാണിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ ഉപകരണങ്ങളുടെ ലിസ്റ്റില്‍ ആവശ്യമില്ലാത്തവയും പെടും. മല്‍സരത്തിന് ഉപയോഗിക്കുന്ന അഡ്ജസ്റ്റബിള്‍ ഹര്‍ഡില്‍സാണ് പകരം നിര്‍ദ്ദേശിച്ചിട്ടുള്ളത്. 200 ഹര്‍ഡില്‍സാണ് വാങ്ങിയത്. ഒന്നിന് ആയിരം രൂപയാണ് വില. രണ്ട് കിലോഗ്രാം ഭാരമുള്ള ഡിസ്‌ക്കസ് ആണ് വാങ്ങിയത്.
പരിശീലനത്തിനും മല്‍സരത്തിനും ഒരു കിലോ, 1.5 കിലോ, 1.75 കിലോ ഭാരമുള്ളത് വേണമെന്നതാണ് നിര്‍ദ്ദേശം. ഷോട്പുട്ടിന്റെ ഭാരത്തിലും അപാകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ 7.26 കിലോഗ്രാം ഭാരമുള്ള 11 എണ്ണമാണ് വാങ്ങിയത്. നാല്, അഞ്ച്, ആറ് കിലോ ഭാരമുള്ള ഷോട്ട്പുട്ടാണ് വേണ്ടതെന്നാണ് നിര്‍ദ്ദേശം. 7.26 കിലോ ഭാരമുള്ള ഹാമര്‍ (അയേണ്‍, ബ്രാസ്) സ്‌കൂള്‍ കായിക മേളയ്ക്ക് അനുയോജ്യമല്ല. നാല്, അഞ്ച്, ആറ് കിലോ ഭാരമുള്ളതാണ് ആവശ്യം.
7,200 രൂപ വിലയുള്ളതും 3,300 രൂപ വിലയുള്ളതുമായ എട്ടെണ്ണം വീതമാണ് വാങ്ങിയത്. ഏണികള്‍ പത്തിലധികം ഇനിയും വേണമെന്നതടക്കം റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ നിന്നും ഇതു സംബന്ധിച്ച രേഖകള്‍ രണ്ടാഴ്ചക്കകം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. കായിക ഉപകരണങ്ങള്‍ വാങ്ങിയതിലെ നിലവിലെ കരാര്‍ റദ്ദ് ചെയ്തതിനാല്‍ ഉടന്‍ തന്നെ റീ ടെന്‍ഡര്‍ നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss