|    Feb 23 Thu, 2017 10:20 pm

വിജിലന്‍സ് അടുത്ത ദിവസം റിപോര്‍ട്ട് സമര്‍പ്പിക്കും;ടോം ജോസിനെതിരേ നടപടി വരും

Published : 30th October 2016 | Posted By: mi.ptk

tom-jose

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദന കേസില്‍ അകപ്പെട്ട തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടിയുണ്ടാവും. ഇതു സംബന്ധിച്ച് വിജിലന്‍സ് അടുത്ത ദിവസം തന്നെ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കും. ഇന്നലെയും ഇന്നും അവധിയായതിനാല്‍ റെയ്ഡിനു ശേഷം തുടര്‍നടപടി സ്വീകരിക്കാനായിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും വിജിലന്‍സ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുക. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീടുപരിശോധനയില്‍ നടപടിക്രമം പാലിച്ചില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് റെയ്ഡിനു നേതൃത്വം നല്‍കിയ വിജിലന്‍സ് എസ്പിക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എബ്രഹാമിനെതിരേ നടപടിക്രമം പാലിക്കാതെ നടന്ന പരിശോധനയില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ടോം ജോസിനെതിരേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാമെന്ന തീരുമാനത്തില്‍ വിജിലന്‍സ് എത്തിയത്. ടോം ജോസിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം, ഇരിങ്ങാലക്കുട തുടങ്ങി അഞ്ചിടങ്ങളിലായി നടന്ന റെയ്ഡില്‍ വിലപ്പെട്ട രേഖകളാണ് വിജിലന്‍സിനു ലഭിച്ചത്. സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളുമാണ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നത്. സാമ്പത്തിക ഇടപാടില്‍ പലതും സംശയാസ്പദമാണെന്നാണ് കണ്ടെത്തല്‍. ഇതൊക്കെ ഉള്‍പ്പെടുത്തിയായിരിക്കും ടോം ജോസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുക. റെയ്ഡ് വിവരങ്ങള്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും സമര്‍പ്പിക്കും. എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്നത്തെ വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. വരവില്‍ കവിഞ്ഞ സ്വത്ത് സൂരജിനുണ്ടെന്നായിരുന്നു ആരോപണം. ഈ കേസ് പ്രോസിക്യൂഷന്‍ ഘട്ടത്തിലാണ്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും ശക്തനാണ് സൂരജെന്നും കീഴുദ്യോഗസ്ഥരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉടനടി സസ്‌പെന്‍ഷന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. സമാനമായ സാഹചര്യമാണ് ടോം ജോസിന്റെ കാര്യത്തിലുമുള്ളത്. സൂരജിനേക്കാള്‍ ശക്തനും സീനിയറുമാണ് ടോം ജോസ്. സ്വാഭാവികമായും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതിനും അദ്ദേഹം സര്‍വീസില്‍ ഉണ്ടാവുന്നത് വിജിലന്‍സിന് തടസ്സങ്ങളുണ്ടാക്കും. ഇതൊക്കെ കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക.  അതിനിടെ, ടോം ജോസിനെതിരേ നടന്ന റെയ്ഡിന്റെ റിപോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും കിട്ടുമ്പോള്‍ പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പ്രതികരിച്ചു. സംസ്ഥാനത്ത് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഭിന്നതയില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക