|    Aug 21 Mon, 2017 5:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന : ക്രമക്കേടുകള്‍ കണ്ടെത്തി

Published : 21st June 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആര്‍ടി ഓഫിസുകളിലും അതിര്‍ത്തി ചെക് പോസ്റ്റുകളിലും വിജിലന്‍സ് ഇന്നലെ മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. അമരവിള ചെക് പോസ്റ്റില്‍ ക്യാഷ് ചെസ്റ്റില്‍ പണം സൂക്ഷിക്കണമെന്ന നിയമം പാലിക്കാതെ  മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ആര്‍സി ബുക്കും താക്കോലും സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. മൂന്ന് വര്‍ഷത്തിലധികമായി അമരവിള, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളില്‍  വെയിങ് ബ്രിഡ്ജ് പ്രവര്‍ത്തന രഹിതമാണെന്നും അച്ചന്‍കോവില്‍ സിടിഒ ഓഫിസില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍  ആര്യങ്കാവ് ചെക് പോസ്റ്റില്‍ ജോലി നോക്കുന്നതായും സംഘം കണ്ടെത്തി. വയനാട് താളൂര്‍ ആര്‍ടി ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് ബൈജുവിന്റെ പക്കല്‍നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിലധികം രൂപ പിടിച്ചു. ആലപ്പുഴ ചേര്‍ത്തല, കുട്ടനാട് എന്നിവിടങ്ങളിലെ ആര്‍ടി ഓഫിസുകളില്‍ ഏജന്റ്മാരില്‍ നിന്നും നിരവധി അപേക്ഷകളും 75000ത്തോളം രൂപയും വിജിലന്‍സ് സംഘം പിടിച്ചു. കാസര്‍കോട്, കുമളി, വാളയാര്‍ ചെക് പോസ്റ്റുകളില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള ആര്‍ടി ഓഫിസുകളില്‍ ഏജന്റുമാരുടെ അമിത ഇടപെടലുകളും അപേക്ഷകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കുന്ന രീതിയും കണ്ടെത്തി. വാളയാര്‍ ചെക്‌പോസ്റ്റില്‍ ഗവ. ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പണത്തില്‍ 2000 രൂപ കുറവുള്ളതായി കണ്ടെത്തി. കൂടാതെ ചെക്‌പോസ്റ്റില്‍ ജോലിക്കു പ്രവേശിക്കുന്നതിന് മുമ്പ് കൈവശമുള്ള പണത്തെ കുറിച്ച് വ്യാജമായി ക്യാഷ് ഡിക്ലറേഷന്‍  രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും കണ്ടെത്തി. കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ പണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാളയാറില്‍ ലോറി ഡ്രൈവര്‍ ഓഫിസിനുള്ളില്‍ കയറി ഒഫീഷ്യല്‍ സീല്‍ സ്വയം പതിക്കുന്നതിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതായും ചരക്കു വാഹനങ്ങല്‍ പരിശോധന കൂടാതെ കടത്തി വിടുന്നതായും  കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക