|    Oct 17 Wed, 2018 3:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സിനെ നിശ്ചലമാക്കി കേസുകള്‍ അട്ടിമറിക്കുന്നു : പ്രതിപക്ഷം

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തില്‍ വിജിലന്‍സ് പൂര്‍ണമായും നിശ്ചലമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണു വിജിലന്‍സിന് ഫുള്‍ടൈം ഡയറക്ടറില്ലാത്ത അവസ്ഥയുണ്ടാക്കിയതെന്നു പ്രതിപക്ഷം. മന്ത്രിമാര്‍ക്കും അഴിമതിക്കാര്‍ക്കും സംരക്ഷണം കൊടുക്കാനാണു വിജിലന്‍സിനെ ദുര്‍ബലപ്പെടുത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കേസുകള്‍ അട്ടിമറിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നടപടി. കേരളത്തില്‍ രണ്ട് കേഡര്‍ പോസ്റ്റുകളാണുള്ളത്. ഒന്ന് സ്റ്റേറ്റ് പോലിസ് ചീഫും മറ്റൊന്ന് വിജിലന്‍സ് ഡയറക്ടറും. ഇതു രണ്ടും ഒരാള്‍തന്നെ കൈവശംവയ്ക്കുന്നത് സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമാണ്. അഴിമതിക്കേസുകള്‍ തേച്ചുമായ്ച്ചുകളയാനും അഴിമതിക്കാരെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, പോലിസ് തലപ്പത്തെ രണ്ടു പ്രധാന പദവികളും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരുമിച്ചു വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്. കഴിവുള്ള പോലിസ് ഉദ്യോഗസ്ഥരുടെ അവസരം ബെഹ്‌റ ഇല്ലാതാക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. കാര്യക്ഷമതയുള്ള ഡിജിപിമാര്‍ ഉണ്ടായിരിക്കെ അവരുടെ അവസരം കളയാനാണ് ബെഹ്‌റ രണ്ടു പദവികളും ഒരുമിച്ച് വഹിക്കുന്നത്. മുന്‍ മന്ത്രിമാരും നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും പ്രതികളായ കേസുകളുടെ അന്വേഷണം നടക്കുമ്പോള്‍ വിജിലന്‍സിന് മുഴുവന്‍ സമയ ഡയറക്ടര്‍ വേണമെന്ന അഭിപ്രായവും ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനു മുമ്പ് ഡിജിപി വിജിലന്‍സ് ക്ലിയറന്‍സ് തേടാറുണ്ട്. എന്നാല്‍, ബെഹ്‌റ രണ്ടു സ്ഥാനത്തും തുടരുമ്പോള്‍ അത്തരമൊരു ക്ലിയറന്‍സിന് പ്രസക്തിയില്ലെന്നും വിമര്‍ശനമുണ്ട്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം വന്നാലുടന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാമെന്നാണു ബെഹ്‌റയുടെ നിലപാട്. വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ വിജിലന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കാത്തതെന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss