|    Dec 17 Mon, 2018 6:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിജയ് മല്യയ്ക്ക് തിരിച്ചടി; 88,000 പൗണ്ട് പിഴ അടയ്ക്കണം ആഡംബര വസതി നഷ്ടപ്പെട്ടേക്കും

Published : 23rd November 2018 | Posted By: kasim kzm

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടനില്‍ തിരിച്ചടി. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ മല്യയുടെ വാദങ്ങള്‍ തള്ളിയ കോടതി 88,000 പൗണ്ട് അടയ്ക്കാനും ഉത്തരവിട്ടതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
രണ്ടു കോടിയിലധികം പൗണ്ടിന് ഈടുവച്ച, മധ്യ ലണ്ടനിലെ റീജന്റ് പാര്‍ക്കിനു സമീപമുള്ള കോണ്‍വാള്‍ ടെറസിലെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായാണ് സ്വിസ് ബാങ്ക് യുബിഎസ് മുന്നോട്ടുനീങ്ങിയത്. ഇതിനെതിരേ മല്യ കോടതിയെ സമീപിച്ചു. മല്യയുടെ വാദം തള്ളിയ കോടതി സ്വിസ് ബാങ്കിനു വന്ന നിയമ ഇടപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിജയ് മല്യയോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മേയില്‍ പരിഗണിക്കും.
വിജയ് മല്യയുടെയും കുടുംബത്തിന്റെയും യുബി ഗ്രൂപ്പിന്റെ കോര്‍പറേറ്റ് അതിഥികളുടെയും ഹൈക്ലാസ് വസതിയാണ് ഇതെന്നാണ് യുകെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. ഇതുവരെ ബാങ്കിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നടപടികള്‍ തുടരുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും യുബിഎസ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ മല്യയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss