|    May 27 Sat, 2017 11:26 pm
FLASH NEWS

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഇഡി ശുപാര്‍ശ

Published : 14th April 2016 | Posted By: SMR

ന്യൂഡല്‍ഹി: വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശുപാര്‍ശ ചെയ്തു. ഐഡിബിഐ ബാങ്കില്‍ നിന്നു 900 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് വ്യക്തിപരമായി ഹാജരാവാന്‍ നേരത്തെ മൂന്ന് തവണ ഇഡി മല്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നു തവണയും മല്യ ഹാജരായിരുന്നില്ല. മാര്‍ച്ച് 18, ഏപ്രില്‍ 2, 9 എന്നീ തിയ്യതികളില്‍ ഹജരാവാനുള്ള ഇഡിയുടെ സമന്‍സുകളോടാണ് മല്യ നേരത്തെ പ്രതികൂലമായി പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് മല്യക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഇഡി തീരുമാനിച്ചത്.
1967ലെ പാസ്‌പോര്‍ട്ട് ആക്ടനുസരിച്ച് മല്യക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇഡി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ഡല്‍ഹിയിലെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ബ്രിട്ടണിലുള്ള രാജ്യസഭാ എംപി കൂടിയായ മല്യയുടെ കൈയില്‍ നയതന്ത്ര പദവിയുള്ള പാസ്‌പോര്‍ട്ടാണുള്ളത്.
ഇഡിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ പിന്നീട് ഇത് ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിക്കുകയും തുടര്‍ന്ന് മല്യയെ ഇന്ത്യയിലേക്ക് നാടു കടത്തുകയും ചെയ്യുമെന്നാണു കരുതുന്നത്. നിലവില്‍ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തനിക്കു വ്യക്തിപരമായി ഹാജരാവാന്‍ സാധിക്കില്ലെന്നും എന്നാല്‍ അഭിഭാഷകര്‍ മുഖേന സഹകരിക്കാമെന്നും ബ്രിട്ടനിലുള്ള മല്യ അറിയിക്കുകയായിരുന്നു. തന്റെ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും തന്റെ നിയമ, കോര്‍പറേറ്റ് സംവിധാനങ്ങള്‍ വഴി ഈ വായ്പാ ബാധ്യതകള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ ഹാജരാവാന്‍ തനിക്കു കുറച്ചു കൂടി സമയം വേണമെന്നുമായിരുന്നു മല്യയുടെ ആവശ്യം.
9,000 കോടിയോളം രൂപ വായ്പ തിരിച്ചടക്കാനുള്ള മല്യ നിയമനടപടികള്‍ നേരിടുകയാണ്. ഇതിന്റെ ഭാഗമായി നാട്ടിലും വിദേശത്തുമായി മല്യയുടെയും കുടുംബത്തിന്റെയും കൈവശമുള്ള സ്വത്തു വിവരങ്ങള്‍ ഏപ്രില്‍ 21നകം വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാണ് കോടതി മുമ്പാകെ ഹാജരാവുക എന്നും സുപ്രിംകോടതി മല്യയോട് ചോദിച്ചിരുന്നു. നേരത്തെ സപ്തംബറോട് കൂടി 4,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മല്ല്യയുടെ വാഗ്ദാനം എസ്ബിഐ നേതൃത്വം കൊടുക്കുന്ന ബാങ്കുകളുടെ കൂട്ടായ്മ ഐകകണ്‌ഠ്യേന തള്ളിയിരുന്നു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് മല്യക്ക് സ്വാഭാവികമായ താല്‍പര്യമുണ്ടെങ്കില്‍ മല്യ രാജ്യത്ത് ഉണ്ടായിരിക്കല്‍ അനിവാര്യമാണെന്ന ബാങ്കുകളുടെ നിരീക്ഷണം കോടതി ശരിവച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണെന്നാണു വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day