|    Jan 22 Sun, 2017 11:56 pm
FLASH NEWS

വിജയിക്കാന്‍ പയറ്റേണ്ട തന്ത്രങ്ങള്‍ തേടി

Published : 14th February 2016 | Posted By: SMR

slug-indraprasthamതിരഞ്ഞെടുപ്പു വരുകയാണ് അഞ്ചു സംസ്ഥാനങ്ങളില്‍. കേരളവും ബംഗാളും അതില്‍ ഉള്‍പ്പെടും. രാജ്യത്തെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഈ തിരഞ്ഞെടുപ്പ് ഒരു അഗ്നിപരീക്ഷണം തന്നെയാണ്. എന്നാല്‍, വോട്ടര്‍മാരുടെ മനസ്സിലിരിപ്പ് എന്തെന്നു കണ്ടുപിടിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യവുമല്ല.
രാജ്യം ഭരിക്കുന്ന അഖില ഭാരതീയ പശുവാദിപ്പാര്‍ട്ടിയുടെ കാര്യം നോക്കുക. ബംഗാളിലും കേരളത്തിലും കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ അവര്‍ മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. ബംഗാളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ ഏതാണ്ട് 20 ശതമാനം പിന്തുണ വരെ അവര്‍ നേടിയെടുത്തു. അതായത് തൃണമൂലും സിപിഎമ്മും കഴിഞ്ഞാല്‍ മൂന്നാംകക്ഷി. കോണ്‍ഗ്രസ് അതിനും എത്രയോ പിന്നിലാണ്. പക്ഷേ, ബംഗാളില്‍ ഇന്നുവരെ അധികാരത്തിന്റെ സമീപത്തൊന്നും എത്താന്‍ അവര്‍ക്കു കഴിയുകയുണ്ടായില്ല. കാരണം ലളിതം. കൂടെ വരാന്‍ ആരും തയ്യാറല്ല. ഒരു കാരണം ബംഗാളിലെ ശക്തമായ മുസ്‌ലിം ജനസംഖ്യ. ആര്‍എസ്എസിന്റെ തനിനിറം ശരിക്കും അറിയാവുന്ന ജനതയാണ്. 1947 കാലത്തെ വര്‍ഗീയകലാപങ്ങളുടെ ഓര്‍മകള്‍ ഇന്നും കെട്ടടങ്ങാത്ത മണ്ണ്. അതിനാല്‍ തൃണമൂലായാലും സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ബിജെപിയുമായി കൂടാന്‍ മടിയായിരുന്നു.
ഇപ്പോള്‍ ആ മടിയൊക്കെ മാറുകയാണ്. അധികാരം വെട്ടിപ്പിടിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടാം എന്ന പഴയ ശങ്കരന്‍ നമ്പൂതിരിപ്പാട് ലൈന്‍ തന്നെയാണ് ബംഗാളില്‍ മുഖ്യകക്ഷികള്‍ പരീക്ഷിക്കുന്നത്. സിപിഎം കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ വഴികള്‍ തേടുകയാണ്. അതുസംബന്ധിച്ച ചര്‍ച്ചകളാണ് കൊല്‍ക്കത്തയിലെ അലിമുദ്ദീന്‍ തെരുവിലെ പാര്‍ട്ടി ആസ്ഥാനത്തു നടക്കുന്നത്. യെച്ചൂരി സഖാവ് കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലം എന്നു കേള്‍ക്കുന്നു. കാരാട്ട് സഖാവ് എതിരും. പക്ഷേ, ബംഗാളി സഖാക്കള്‍ക്ക് ഇനി നിന്നുപിഴയ്ക്കണമെങ്കില്‍ ആരുടെയെങ്കിലും കൂട്ടുവേണം. കോണ്‍ഗ്രസ് അല്ലാതെ വേറെയാരും കമ്പോളത്തില്‍ ലഭ്യവുമല്ല.
അപ്പോള്‍ ബിജെപിയും തൃണമൂലും മറുവശത്തും കൈകോര്‍ക്കും എന്നു തീര്‍ച്ച. ചുരുക്കത്തില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് നാലു കക്ഷികള്‍ക്കും വന്‍ പരീക്ഷണമാണ്. ഇന്നലെ വരെ കഠിന ശത്രുക്കളായിരുന്നവരുടെ തോളില്‍ കൈയിട്ടു മാത്രമേ ഈ നാലു കക്ഷികള്‍ക്കും ഇനി ഒരടി മുമ്പോട്ടുവയ്ക്കാന്‍ കഴിയുകയുള്ളൂ.
കേരളത്തിലും സ്ഥിതി തഥൈവ. ബിജെപി ബംഗാളിലെ മാതിരി മുന്നേറിയിട്ടില്ലെങ്കിലും ഇവിടെയും അവര്‍ പിടിത്തം മുറുക്കാനുള്ള നീക്കത്തിലാണ്. സഖ്യകക്ഷികള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടമാണ് നടക്കുന്നത്. കുമ്മനം ചേട്ടന്‍ നാട്ടിലെ സകല അരമനകളിലും കയറിയിറങ്ങി മെത്രാന്‍മാരുടെ കാല്‍ മുത്തുകയാണ്. പഴയ നിലയ്ക്കല്‍ സമരകാലം മുതല്‍ കുമ്മനം ചേട്ടനും മെത്രാന്മാരും ചേട്ടാനിയന്മാരെപ്പോലെയാണ്. എന്നുവച്ചാല്‍ പള്ളിക്കുള്ളത് പള്ളിക്ക്! അയ്യപ്പനുള്ളത് അയ്യപ്പന് എന്ന മട്ടില്‍ ഒരു വെടിനിര്‍ത്തല്‍ സമീപനം. അതിനാല്‍ മെത്രാന്മാര്‍ കുമ്മനം ചേട്ടന്റെ പാര്‍ട്ടിയെ സഹായിക്കുമെന്നാണു കണക്കുകൂട്ടല്‍. അതിനായി അമിത്ഷാ മുതല്‍ നാട്ടിലുള്ള സകല ഗോസായി നേതാക്കളെയും അരമനമുറ്റത്തേക്ക് ഇറക്കാനുള്ള പുറപ്പാടിലാണ് കുമ്മനം ചേട്ടനും സംഘവും.
എന്നാല്‍, മുഖ്യമല്‍സരം ചാണ്ടിച്ചായന്റെ കോണ്‍ഗ്രസ്സും പിണറായി സഖാവിന്റെ കമ്മ്യൂണിസ്റ്റ് മുന്നണിയും തമ്മില്‍ തന്നെ. ചാണ്ടിച്ചായനെ പിന്നില്‍നിന്നു സരിതക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്താമെന്ന അജണ്ട പൊളിഞ്ഞു പാളീസായ മട്ടാണ്. പുള്ളിക്കാരന് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ്. സരിതനായരും ബിജു രാധാകൃഷ്ണന്‍ നായരും മല്ലേലില്‍ മൂന്നാം നായരും ഒന്നായി ഇളകിവന്നാലും പുണ്യപുരാതന സുറിയാനി സഭക്കാരനായ ചാണ്ടിച്ചായന്‍ അനങ്ങത്തില്ല. നായര്‍പ്പട കേരളം ഭരിക്കാന്‍ തുടങ്ങിയതിനും എത്രയോ മുമ്പ് കേരളം അടക്കിഭരിച്ച കൂട്ടരാണ് സുറിയാനി സഭക്കാര്‍.
അപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം വളരെ പ്രയാസമാണ് വിശദീകരിക്കാന്‍ എന്നുതന്നെ പറയണം. പിന്നെ ഒരു കാര്യം ഉറപ്പ്. ഏതു പാര്‍ട്ടി വന്നാലും ഏതു സഖ്യം വന്നാലും സ്ഥാനാര്‍ഥി കാല്‍ക്കാശിനു കൊള്ളാത്തവനെങ്കില്‍ ജനം വോട്ട് ചെയ്യില്ല. ചിഹ്നത്തിന് കണ്ണടച്ചു കുത്തുന്ന പഴയകാലമൊക്കെ കഴിഞ്ഞു.
അതിനാല്‍ ഇപ്പോള്‍ പറ്റിയ സ്ഥാനാര്‍ഥികളെ കണ്ടുപിടിക്കാനുള്ള നെട്ടോട്ടമാണ് അണിയറയില്‍ നടക്കുന്നത്. ഭൈമീകാമുകന്മാര്‍ക്ക് യാതൊരു ക്ഷാമവുമില്ല. കാരണം, രാഷ്ട്രീയം ഇന്നത്തെക്കാലത്ത് നല്ല നടവരവുള്ള ഏര്‍പ്പാടാണ്. ഒരുതവണ എംഎല്‍എ ആയാല്‍ ആജീവനാന്ത പെന്‍ഷന്‍ തന്നെ മതി മൂന്നു തലമുറയ്ക്കു കഴിഞ്ഞുകൂടാന്‍.
അതിനാല്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ഇന്റര്‍വ്യൂ സംഘങ്ങളും ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധരും പ്രഫഷനല്‍ ഉപദേശകരും ഒക്കെയായി ബഹുജോറാണ് തലസ്ഥാനത്ത്. ഒക്കെ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കകം കലാപരിപാടി ബഹുജന സമക്ഷം അവതരിപ്പിക്കപ്പെടുന്നതാണ്. എല്ലാവരും അക്ഷമരായി കാത്തിരിപ്പിന്‍!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക