|    Oct 20 Sat, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിജയദാഹം അടങ്ങാത്ത കോഹ്‌ലിപ്പട

Published : 26th September 2017 | Posted By: fsq

 

ഇന്‍ഡോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ശപിച്ചവര്‍വര്‍ക്കെല്ലാം തുടര്‍ ജയങ്ങള്‍കൊണ്ടാണ് വിരാട് കോഹ്‌ലിയും സംഘവും മറുപടി പറയുന്നത്. ശ്രീലങ്കയെ ചുട്ടെരിച്ചതിന് പിന്നാലെ ആസ്‌ത്രേലിയയെയും വെള്ളം കുടിപ്പിക്കുന്ന ഇന്ത്യ തുടര്‍ച്ചയായി ഒമ്പത് വിജയങ്ങള്‍ സ്വന്തമാക്കി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്കുമെത്തി. 2008 – 2009 കാലയളവില്‍ എംസ് ധോണി ഇന്ത്യക്ക് നല്‍കിയ ഒമ്പത് ഏകദിന തുടര്‍ജയങ്ങളുടെ റെക്കോഡില്‍ ഇനി കോഹ്‌ലിയുടെ പേരും കൂട്ടിവായിക്കപ്പെടും.    ഓസീസിനെതിരായി ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തിലെ വിജയത്തിലൂടെ കോഹ്‌ലിപ്പട ചില ചരിത്ര നേട്ടങ്ങളും സ്വന്തമാക്കിയാണ് കളം വിട്ടത്. അതില്‍ പ്രധാനം നായകനെന്ന നിലയിലെ കോഹ്‌ലിയുടെ വളര്‍ച്ച തന്നെയാണ്. വേഗത്തില്‍ 30 ഏകദിന വിജയങ്ങള്‍ നേടുന്ന നായകന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലിയുള്ളത്. 38 മല്‍സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഇന്ത്യക്ക് 30 ജയങ്ങള്‍ സമ്മാനിച്ചത്. ഈ റെക്കോഡില്‍ 37 മല്‍സരങ്ങളില്‍ നിന്ന് 30 ജയം നേടിക്കൊടുത്ത മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.ഇന്ത്യയുടെ ‘ഹിറ്റ്മാന്‍ ‘ വിശേഷണം വെറും അലങ്കാരം മാത്രമല്ലെന്ന്  രോഹിത് ശര്‍മ ഒരിക്കല്‍ കൂടി തെൡയിച്ചു. മൂന്നാം മല്‍സരത്തില്‍ നാല് സിക്‌സറുകള്‍ പറത്തിയ രോഹിത് ശര്‍മ ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തം പേരിലെഴുതി. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപണര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ 61 സിക്‌സര്‍ റെക്കോഡിനെ 65 സിക്‌സറുകള്‍ അക്കൗണ്ടിലാക്കിയാണ് രോഹിത് മറികടന്നത്. 2013ന് ശേഷം ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡും രോഹിതിന്റെ പേരിലാണ്. 79 ഇന്നിങ്‌സുകളില്‍ നിന്നായി 113 സിക്്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് 86 ഇന്നിങ്‌സില്‍ നിന്ന് 106 സിക്‌സറുകളുമായി രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗന്‍ 95 ഇന്നിങ്‌സുകളില്‍ നിന്ന്് 100 സിക്‌സുകളുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.      ഇതോടൊപ്പം ഏകദിനത്തിലെ തന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറിയും രോഹിത് ഇന്‍ഡോറില്‍ സ്വന്തമാക്കി. 43 പന്തിലായിരുന്നു രോഹിതിന്റെ അര്‍ധ സെഞ്ച്വറി പിറന്നത്. പഴകും തോറും വീര്യം കൂടുന്ന ധോണിയും റെക്കോഡുകളില്‍ ഇടം പിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 750 പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് മൂന്നാം മല്‍സരത്തിലൂടെ ധോണിയ്‌ക്കൊപ്പം നിന്നത്. ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റും ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചറുമാണ് ഈ നേട്ടത്തില്‍ ധോണിക്കൊപ്പമുള്ളത്. കൂടാതെ ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ 100 സ്റ്റംപിങ് എന്ന നേട്ടവും ധോണി സ്വന്തമാക്കി. യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ മാക്‌സ്‌വെല്ലിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് ധോണി സ്റ്റംപിങില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏഷ്യ ഇലവന്‍ ടീമിന് വേണ്ടിയാണ് ധോണി മൂന്ന് സ്റ്റംപിങുകള്‍ നേടിയത്.   ഓസീസിനെതിരെ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ മൂന്നാം ഏകദിന പരമ്പരകൂടിയാണിത്. കൂടാതെ ഇന്‍ഡോറില്‍ കളിച്ച ആറ് മല്‍സരങ്ങളും ഇന്ത്യ വിജയിച്ചു.  ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം പരമ്പര ജയം കൂടിയാണിത്. അതേ സമയം ആശ്വസിക്കാന്‍ ഓസീസിന് ഒന്നുമില്ല. വിദേശ മൈതാനത്ത് തുടര്‍ച്ചയായ 11ാം തോല്‍വിയാണ് ഇന്‍ഡോറില്‍ ഓസീസ് ഏറ്റുവാങ്ങിയത്. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ച് ടെസ്റ്റ് സെഞ്ച്വറി നേടാതെ കൂടുതല്‍ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ താരങ്ങളില്‍ രണ്ടാമനായി. ഒമ്പത് ഏകദിന സെഞ്ച്വറികളുള്ള വില്യം പോര്‍ട്ടര്‍ഫീള്‍ഡാണ് ഫിഞ്ചിന് മുന്നിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss