|    Jan 18 Wed, 2017 9:50 am
FLASH NEWS

വിജയത്തിന്റെയും അവാര്‍ഡുകളുടെയും നാലുവര്‍ഷങ്ങള്‍; ജില്ലാ പഞ്ചായത്ത് സെക്രട്ടറി മടങ്ങുന്നു

Published : 1st July 2016 | Posted By: SMR

കൊല്ലം: വിജയത്തിന്റെയും അവര്‍ഡുകളുടെയും നാലുവര്‍ഷങ്ങള്‍ ജില്ലാ പഞ്ചായത്തിന് നല്‍കി സെക്രട്ടറി കെ അനില്‍കുമാര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മടങ്ങുന്നു. ഫിഷറീസ്, കശുവണ്ടി, ഹാര്‍ബര്‍ എന്‍ജിനീയറിങ് മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് നിയമനം. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ സീനിയര്‍ അഡിഷണല്‍ സെക്രട്ടറിയാണ്.
ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വൈവിധ്യങ്ങളായ പദ്ധതികള്‍ക്കും ശ്രദ്ധാപൂര്‍വ്വമായി നല്‍കിയ നേതൃത്വം കൊല്ലം ജില്ലാ പഞ്ചായത്തിനെ അഖിലേന്ത്യാ തലത്തില്‍തന്നെ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നു. 1913-14, 1914-15 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്‌ക്കാരം കൊല്ലം ജില്ലാ പഞ്ചായത്തിനായിരുന്നു. ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന് തുടര്‍ച്ചയായി രണ്ടുതവണ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നത്. 2015-16 വര്‍ഷത്തെ ദേശീയ പുരസ്‌ക്കാരത്തിനുള്ള സാദ്ധ്യതാ ലിസ്റ്റിലും കൊല്ലം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെട്ടിട്ടുണ്ട്.
2013-14 ലെ സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം ജില്ലാ പഞ്ചായത്ത് നേടിയിരുന്നു. 2015-16 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനുള്ള സാദ്ധ്യതാ പട്ടികയില്‍ ഇടം നേടുന്നതിന് ജില്ലാ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
2015-16 വര്‍ഷം സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തി തുക ചെലവഴിക്കാന്‍ കൊല്ലം ജില്ലാ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഈ കാലയളവില്‍ രണ്ടുതവണ ആരോഗ്യകേരളം പുരസ്‌ക്കാരം ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. 2014-15 വര്‍ഷത്തെ ആരോഗ്യ കേരള പുരസ്‌ക്കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെട്ടിട്ടുണ്ട്.
ഏറ്റവും നല്ല ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പുരസ്‌ക്കാരം അനില്‍കുമാറിനാണ് ലഭിച്ചത്. ഇതുകൂടാതെ ആദ്യമായി ഒരു തദ്ദേശഭരണ സ്ഥാപനത്തിന് വനമിത്ര പുരസ്‌ക്കാരം ലഭ്യമായത് കൊല്ലം ജില്ലാ പഞ്ചായത്തിനാണ്.
കഴിഞ്ഞ ഓണക്കാലത്ത് ജില്ലാ പഞ്ചായത്ത് വിതരണം നടത്തിയ ജൈവപച്ചക്കറി വിതരണം, ജില്ലയിലെ 40000 കിണറുകളുടെ റീച്ചാര്‍ജിങ്, ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ ജീവനം പദ്ധതി, വിക്‌ടോറിയാ ആശുപത്രിയില്‍ നടപ്പാക്കിയ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്, ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടപ്പാക്കിയ തൈറോയിഡ് ചികില്‍സാ ഗവേഷണ കേന്ദ്രം, ജില്ലയിലെ 62 പഞ്ചായത്തില്‍ നടപ്പാക്കിയ നെല്‍കൃഷി വ്യാപനം, ഗര്‍ഭിണികളായ പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കു നല്‍കുന്ന സമ്പുഷ്ട ആഹാര പദ്ധതി എന്നിവ സമൂഹത്തില്‍ മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സഹായിച്ചു.
സമൂഹം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ശക്തമായ നേതൃത്വമാണ് സെക്രട്ടറി നല്‍കിയത്. പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭരണ സമിതികള്‍ നല്‍കിയ കലവറയില്ലാത്ത സഹകരണമാണ് ജില്ലാ പഞ്ചായത്തിന്റെ യശസ്സ് ഉയര്‍ത്തുവാന്‍ സഹായിച്ചതെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക