|    Oct 19 Fri, 2018 5:11 pm
FLASH NEWS

വിചിത്രമായ അവകാശവാദങ്ങള്‍

Published : 23rd August 2016 | Posted By: G.A.G

SYRIA-one

ഡോ. സികെ അബ്ദുല്ല

ഖിലാഫത്ത് പ്രഖ്യാപനവുമായി ബന്ധപ്പെട്ട തന്‍സീമുദ്ദൗലയുടെ നീക്കങ്ങള്‍  പരിശോധിച്ചാല്‍ പ്രമാണങ്ങളിലെ പരാമര്‍ശങ്ങള്‍ സ്വന്തത്തിലേക്ക് ചേര്‍ക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ പ്രകടമാണ്. ഖലീഫയെ സംബന്ധിച്ചു പല അഭ്യൂഹങ്ങളുമുണ്ടെങ്കിലും ഇറാഖിലെ സാമുറാ സ്വദേശിയായ ഇബ്രാഹിം ഇവദ് അല്‍ബദരി എന്നയാളാണ് ഖലീഫ സ്ഥാനത്ത് അവരോധിതനായതെന്നാണ് തന്‍സീമുദ്ദൗലയുടെ വിശദീകരണം. ഖിലാഫത് പ്രഖ്യാപനത്തിനു ശേഷം തന്‍സീമുദ്ദൗല പുറത്തിറക്കിയ ഒരു രേഖയില്‍ ഖലീഫയുടെ തറവാട് വിശദമാക്കുന്ന സുദീര്‍ഘമായ പേര് വിവരമുണ്ട്. ശിയാ വിഭാഗം അവരുടെ ഇമാമായി കണക്കാക്കുന്ന ജഅഫര്‍ സാദിഖ് ബിന്‍ ബാഖിര്‍ ബിന്‍ സൈനുല്‍ ആബിദീന്‍ ബിന്‍ ഹുസൈന്‍ ബിന്‍ ഫാത്തിമ (പ്രവാചക പുത്രി) വരെ എത്തുന്ന 14 നൂറ്റാണ്ട് പിന്നോട്ട് പോവുന്ന ആ പരമ്പര ശരിയാണെന്നോ അല്ലെന്നോ തെളിയിക്കല്‍ ശ്രമകരമായതിനാല്‍ അതിനാരും മിനക്കെടുകയില്ല.
syria-2കൗതുകമുണര്‍ത്തുന്ന കാര്യം, ഈ നീണ്ട പട്ടിക തുടങ്ങുന്നത് അബൂബക്കര്‍ അല്‍ ഖുറൈശി അല്‍ ഹുസൈനി എന്നു ഖലീഫയെ പരിചയപ്പെടുത്തിക്കൊണ്ടാണ്. ഇബ്രാഹിം ഇവദ് അല്‍ ബദരിയുടെ ജീവ ചരിത്രത്തില്‍ എവിടെയും ഇല്ലാത്ത അബൂബക്കര്‍, അല്‍ ഖുറൈശി, അല്‍ ഹുസൈന്‍ എന്നീ മൂന്നു പദങ്ങള്‍ ഒന്നാം ഖലീഫ അബൂബക്കറിലും പ്രവാചകന്റെ തറവാട് ഖുറൈശിയിലും ആലുല്‍ ബൈതിന്റെ ആദ്യ കണ്ണിയായി ഇറാഖികള്‍ കണക്കാക്കുന്ന ഹുസൈനിലും ചെന്നു ചേരുന്നു. അതിനെ തുടര്‍ന്നു ഈ തങ്ങള്‍ സന്തതിയെ അനുസരിക്കല്‍ ബാധ്യതയാണെന്ന് വരുത്തുവാന്‍ ഇബ്‌നു കഥീറിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍നിന്നും സന്ദര്‍ഭമേതെന്നു വ്യക്തമാക്കാത്ത ഒരു ശകലവും, ഖുറൈശി തറവാടിത്തം അവകാശപ്പെടുന്നവരെ ആദരിക്കല്‍ ബാധ്യതയാണെന്ന് വരുത്തുവാന്‍ ഇമാം അഹ്മദ് നിവേദനം ചെയ്തതെന്ന് പറയപ്പെടുന്ന അവിശ്വസനീയത തോന്നുന്ന ഒരു പ്രവാചക വചനവും ഉദ്ധരിക്കുന്നുണ്ട്. ഇറാഖികളെയും ശരാശരി ഇസ്‌ലാമിക വിശ്വാസികളെയും ആശയക്കുഴപ്പത്തിലാക്കുന്ന കൃത്യമായ നിര്‍മിതി. ഒന്നാമത്തെ ഖലീഫയായ അബൂബക്കറിന്റെ നാമംതന്നെ തന്‍സീമുദ്ദൗല തങ്ങളുടെ ഒന്നാം ഖലീഫക്ക് മനഃപൂര്‍വം നല്‍കിയതാണെന്നു ഖിലാഫത്തിനെ അംഗീകരിക്കാത്ത ചില പോരാട്ട സംഘങ്ങള്‍ ആരോപിക്കുന്നു.
തന്‍സീമുദ്ദൗലയുടെ നിയന്ത്രണത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ അവരുടെ ഭരണകൂടം ഇറക്കിയ ഭരണ കല്‍പനകളും നയനിലപാടുകളും ഉള്‍ക്കൊള്ളുന്ന ഔദ്യോഗിക രേഖകള്‍ അച്ചടിച്ച സര്‍ക്കാര്‍ കടലാസുകളുടെ വിലാസം ഇങ്ങനെ: ‘അദ്ദൗലതുല്‍ ഇസ്‌ലാമിയ്യ  ഖിലാഫ അലാ മിന്‍ഹാജി ന്നുബുവ്വ’ (ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവാചക വഴിയിലെ ഖിലാഫത്). മുന്‍പ് സൂചിപ്പിച്ച, ഇമാം അഹ്മദ് നിവേദനം ചെയ്ത ഖിലാഫത് തിരിച്ചു വരുമെന്ന് സൂചിപ്പിക്കുന്ന പ്രവാചക വചനത്തില്‍ പിന്നീട് പ്രവാചക വഴി പിന്തുടരുന്ന ഖിലാഫത് വരും (സുമ്മ തകൂനു ഖിലാഫ അലാ മിന്‍ഹാജിന്നുബുവ്വ) എന്ന പരാമര്‍ശമുണ്ട്. പ്രസ്തുത ഖിലാഫത്താണു തങ്ങളുടേതെന്നു വരുത്തി തീര്‍ക്കുവാന്‍ ലെറ്റര്‍ പാഡിലെ വിലാസത്തില്‍ പ്രസ്തുത വാക്യം അച്ചടിച്ചിരിക്കയാണ്. ഈ ഹദീസിന്റെ പ്രാമാണികത സംബന്ധമായ ഭിന്നതകള്‍ മാറ്റിവച്ചു ചര്‍ച്ച ചെയ്താല്‍തന്നെയും ലെറ്റര്‍ ഹെഡില്‍ പ്രവാചക വഴിയില്‍ ഖിലാഫത്ത് എന്നടിച്ചു ഭരണം നടത്തുന്നവര്‍ വരുമെന്നായിരിക്കുമോ പ്രവാചക തിരുമേനി പറഞ്ഞത്?
അവസാനകാലത്ത്  മുസ്‌ലിം ഉമ്മത്ത് നേരിടുന്ന വെല്ലുവിളികളെയും ശത്രുക്കളുമായി നടത്തേണ്ടിവരുന്ന ഏറ്റുമുട്ടലുകളെയും കുറിച്ചു സൂചനകള്‍ നല്‍കുന്ന ചില ഹദീസുകളിലെ പരാമര്‍ശങ്ങളും പേരുകളും പദങ്ങളും ഉപയോഗിച്ചു സ്വന്തത്തെ വിശേഷിപ്പിക്കാനുള്ള ശ്രമങ്ങളും കാണാം. സഹീഹ് മുസ്‌ലിം എന്ന ഹദീസ് ശേഖരത്തില്‍ വന്നിട്ടുള്ള, റോമുമായി നടക്കാന്‍ പോവുന്ന പോരാട്ടത്തെ സൂചിപ്പിക്കുന്ന ഒരു വചനത്തിന്റെ സാരം ഇങ്ങനെ: ‘ലോകാവസാനം സംഭവിക്കും മുമ്പ് ‘അഅമാഖ്’ അല്ലെങ്കില്‍ ‘ദാബിഖ്’ എന്ന പ്രദേശത്തു റോമാ സൈന്യം വന്നിറങ്ങും. അവരെ നേരിടുവാന്‍ മദീനയില്‍നിന്നും ഒരു സൈന്യം പുറപ്പെടും. ഭൂമിയിലെ ഏറ്റവും നല്ലവര്‍ അടങ്ങിയവരായിരിക്കും ആ സൈന്യം. പോരാട്ടത്തിന് അണിനിരന്നുകഴിഞ്ഞാല്‍ റോമാക്കാര്‍ ഇപ്രകാരം പറയും: നമ്മള്‍ തമ്മില്‍ പ്രശ്‌നമില്ല, ഞങ്ങളെ ചീത്ത വിളിച്ചവരെ ഇങ്ങു വിട്ടു തരൂ, അവരോടാണ് ഞങ്ങള്‍ക്ക് പോരാടുവാനുള്ളത്.  അപ്പോള്‍ ഞങ്ങളുടെ സഹോദരരെ വിട്ടുതരില്ല എന്നായിരിക്കും മുസ്‌ലിംകളുടെ മറുപടി. തുടര്‍ന്ന് അവര്‍ റോമാക്കാരോട് ഏറ്റുമുട്ടും.’പ്രവാചക തിരുമേനിയുടെ കാലത്തു നിലവിലുണ്ടായിരുന്ന രണ്ടു സാമ്രാജ്യങ്ങളായിരുന്നു പേര്‍ഷ്യയും റോമും. ഖുര്‍ആനിലെ റോം എന്ന അധ്യായം ആരംഭിക്കുന്നത് റോമാ സാമ്രാജ്യത്തിന്റെ ഉത്ഥാന പതനങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ടു ദൗത്യ നിര്‍വഹണത്തില്‍ മുന്നേറുവാന്‍ വിശ്വാസികളെ പ്രചോദിപ്പിച്ചുകൊണ്ടാണ്. ആധുനിക കാലത്ത് റോം കൊണ്ടു വിവക്ഷിക്കപ്പെടുന്നത് പടിഞ്ഞാറന്‍ സാമ്രാജ്യത്വമാണ് എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതുപ്രകാരം അവസാന കാലത്ത് നടക്കാന്‍ പോവുന്നതെന്നു പ്രവാചകന്‍ സൂചിപ്പിച്ച പോരാട്ടം പടിഞ്ഞാറന്‍ സാമ്രാജ്യത്വവുമായിട്ടായിരിക്കുമെന്ന വ്യാഖ്യാനം കുറച്ചുകൂടി യുക്തിസഹമാണെന്നു തോന്നുന്നു. ഏതാവട്ടെ, പ്രസ്തുത ഹദീസിലെ പ്രധാന വാക്കുകളോരോന്നും സ്വന്തത്തെ ലേബല്‍ ചെയ്യുവാന്‍ തന്‍സീമുദ്ദൗല ശ്രമിക്കുന്നുണ്ട്.
syria-3ആധുനിക അറബ്‌ലോകം ഇറ്റലിയെ റോം എന്നു വിളിക്കുന്നു. അതിനാല്‍ തന്‍സീമുദ്ദൗല ഖിലാഫത് പ്രഖ്യാപിച്ച ഉടനെ ഇറ്റലിയോടങ്ങു യുദ്ധം പ്രഖ്യാപിച്ചു. ഏതെങ്കിലും മുസ്‌ലിം സൈന്യം റോമിനോട് യുദ്ധപ്രഖ്യാപനം നടത്തുമെന്ന് ഹദീസില്‍ പറഞ്ഞിട്ടില്ല, റോമാ സൈന്യം അറബ് ലോകത്ത് വന്നിറങ്ങും എന്നായിരുന്നു സൂചിപ്പിച്ചത് എന്നു പോലും ശ്രദ്ധിക്കാതെയായിരുന്നു ഈ യുദ്ധപ്രഖ്യാപനം. അവരുടെ ഔദ്യോാഗിക വാര്‍ത്താ ഏജന്‍സി ‘അഅമാഖ്’ എന്ന പേരിലും ഓണ്‍ലൈന്‍ മാഗസിന്‍ ‘ദാബിഖ്’ എന്ന പേരിലും അറിയപ്പെടുന്നു. ഹദീസില്‍ പറഞ്ഞ മദീന എന്നാല്‍ ശാം പ്രദേശത്തെ തങ്ങളുടെ നിയുക്ത ഖിലാഫത്തിന്റെ തലസ്ഥാന നഗരിയാണെന്നും അവര്‍ വാദിക്കുന്നു. റോമിനെ നേരിടുന്നതിന് നിയോഗിക്കപ്പെടുന്ന ഉത്തമരായ ജനങ്ങള്‍ അടങ്ങിയ സൈന്യമെന്നാല്‍ ഭൂമിയുടെ നാനാദിക്കുകളില്‍നിന്നു തങ്ങള്‍ റിക്രൂട്ട് ചെയ്യുന്ന സൈന്യമാണെന്ന അടിസ്ഥാനരഹിതമായ വാദവും അവര്‍ പ്രചരിപ്പിക്കുന്നു.
കറുപ്പ് പതാകയുമേന്തി ഖുറാസാനില്‍നിന്നു വരുന്ന സൈന്യത്തെ കുറിച്ചു സൂചിപ്പിക്കുന്ന പ്രവാചകവചനത്തെ പ്രതിനിധീകരിക്കുവാനും ഏറ്റെടുക്കാനുമുള്ള ശ്രമങ്ങളും കാണാം. തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍ റുശ്ദയ്ന്‍  ബിന്‍ സഅദ് വഴി  റിപോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസില്‍, ‘ഖുറാസാനില്‍നിന്നു  കറുത്ത പതാകയേന്തിയ ഒരു സൈന്യം വരുമെന്നും ഈലിയാ (ഖുദ്‌സ്) എന്ന സ്ഥലം വരെ വ്യാപിക്കുന്നതില്‍നിന്നും അവര്‍ക്ക് ഒന്നും തടസ്സമാവില്ലെന്നും’ പ്രവാചകന്‍ പറഞ്ഞതായി പ്രമുഖ സ്വഹാബി  അബൂ ഹുറൈറയെ ഉദ്ധരിക്കുന്നുണ്ട്. ഈ ഹദീസ് അങ്ങേയറ്റം ദുര്‍ബലമാണെന്നും ഇതു റിപോര്‍ട്ട് ചെയ്ത റുശ്ദയ്ന്‍ എന്നയാളുടെ ഹദീസുകള്‍ അവിശ്വസനീയമാണെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇമാം അഹ്മദ്, ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍പോലുള്ള  ഹദീസ്പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തന്‍സീമുദ്ദൗലയുടെ ആശയ പ്രചാരണം നടത്തുന്ന ചില  വെബ്‌സൈറ്റുകള്‍ ഈ ഹദീസിനു പുറമെ കറുത്ത പതാകയേന്തിയ ഖുറാസാന്‍  സൈന്യത്തെ സൂചിപ്പിക്കുന്ന 20 ലധികം വചനങ്ങള്‍ ഭാഗികമായോ മുഴുവനായോ  ഉദ്ധരിച്ചു (അവയില്‍ പലതും ചമച്ചതാണെന്ന് ഒറ്റ വായനയില്‍തന്നെ തോന്നും) അവയൊക്കെയും തങ്ങളെ കുറിച്ചാണെന്നു വാദിക്കുന്നു. അഫ്ഗാനിസ്താനിലെ തന്‍സീമുദ്ദൗലയുടെ ഘടകത്തിന് ‘വിലായതു ഖുറാസാന്‍’ എന്നാണ് പേരു syria-4കൊടുത്തിരിക്കുന്നത്. കറുത്ത പതാകയേന്തിയ സൈന്യം അവിടുത്തെ തന്‍സീമുദ്ദൗലയുടെ വിലായത്ത്  സൈന്യമാണെന്ന് ധ്വനി. അമേരിക്കന്‍ അധിനിവേശത്തോട് പൊരുതുന്ന താലിബാനോട് പാകിസ്താന്‍ ഇന്റലിജന്‍സ് സഹായത്തോടെ ഏറ്റുമുട്ടലാണ് ഈ വിലായത്തിന്റെ കാര്യപരിപാടി. വിചിത്രമായ ഈ ഹദീസുകളില്‍ പരാമര്‍ശിച്ച ശത്രുക്കള്‍ തങ്ങളെ അംഗീകരിക്കാത്ത സിറിയയിലെ പോരാട്ട സംഘങ്ങളാണെന്നും ദൗല സാഹിത്യങ്ങള്‍  വാദിക്കുന്നുണ്ട്. ഇത്തരം അവകാശ വാദങ്ങള്‍ ചങ്കു തൊടാതെ വിഴുങ്ങുവാന്‍ ആളുകളുണ്ട്.
നുഐം ബിന്‍ ഹമ്മാദ് രചിച്ച ‘കിതാബുല്‍ ഫിതന്‍’ എന്ന ഗ്രന്ഥത്തില്‍ ഇത്തരം ഹദീസുകളില്‍ പലതും പരാമര്‍ശിക്കുന്നുണ്ട്. സൂക്ഷ്മാലുക്കളായ മുഹദ്ദിസുകള്‍ വിചിത്ര വചനങ്ങള്‍ നിറഞ്ഞ ഈ ഗ്രന്ഥം തന്നെ തള്ളിക്കളയുന്നു.  ഇതേ ഗ്രന്ഥത്തില്‍ പറയുന്ന, അലി ബിന്‍ അബീ താലിബില്‍നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു വചനത്തിന്റെ സാരമിങ്ങനെ. ‘കറുത്ത കൊടിയേന്തിയ സൈന്യത്തെ കണ്ടാല്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. നിങ്ങളുടെ കൈകാലുകള്‍ അനക്കരുത്. പിന്നീട് വിശ്വാസ ദൗര്‍ബല്യമുള്ളവരുടെ ഒരു വിഭാഗം വരും. കാരിരുമ്പിനേക്കാള്‍ കഠിന ഹൃദയരായ അവര്‍ ദൗലയുടെ ആളുകളായിരിക്കും. കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും അവര്‍ വില കല്‍പിക്കില്ല. അവര്‍ സത്യത്തിലേക്ക് ക്ഷണിക്കുമെങ്കിലും സ്വയം സത്യം പിന്തുടരില്ല. അവരുടെ പേരുകള്‍ ഓമനപ്പേരുകളായിരിക്കും, തറവാടുകള്‍ സ്ഥലനാമങ്ങളായിരിക്കും. അവരുടെ കേശങ്ങള്‍ സ്ത്രീകളുടേത് പോലെ നീണ്ട് കിടക്കും. അവര്‍ പരസ്പരം  കലഹിക്കും. പിന്നീട് അല്ലാഹു സത്യത്തെ അര്‍ഹരുടെ കൈകളില്‍ ഏല്പിക്കും.’അബ്ബാസിയ്യ ഭരണ കൂടത്തിന്റെ ആവിര്‍ഭാവത്തിനു തൊട്ട് മുന്‍പ് അവരെ ഇകഴ്ത്താന്‍ ചമക്കപ്പെട്ടതാണ് ഈ വചനമെന്ന് നിരീക്ഷിക്കപ്പെടുന്നു. പ്രമുഖരായ പല ഹദീസ് പണ്ഡിതരും ഈ വചനം ദുര്‍ബലമാണെന്ന് അഭിപ്രായപ്പെട്ടിട്ടും കിഴക്കും പടിഞ്ഞാറുമുള്ള ചില ഔദ്യോഗിക പണ്ഡിതര്‍ ഇപ്പോഴിത് വ്യാപകമായി ഉദ്ധരിച്ചു തന്‍സീമുദ്ദൗലയെ കുറിച്ചു മുന്നറിയിപ്പാണെന്ന് പ്രചരിപ്പിക്കാറുണ്ട്. കൗതുകമതല്ല, ഇതേ വചനത്തിലെ ചില ഭാഗങ്ങള്‍  ഒഴിവാക്കി തിരുത്തല്‍ വരുത്തി തങ്ങളുടെ സാധുത തെളിയിക്കുവാന്‍ തന്‍സീമുദ്ദൗലയുടെ ചില പ്രചാരണ സൈറ്റുകളും ദുരുപയോഗപ്പെടുത്തുന്നു.
പ്രമാണങ്ങളിലെ പരാമര്‍ശങ്ങളില്‍ സ്വയം പ്രതിനിധീകരിച്ചും നിര്‍മാണങ്ങള്‍ നടത്തിയും രാഷ്ട്രീയ അടവു പ്രയോഗങ്ങള്‍ പണ്ട് മുതലേ ഉണ്ടെന്നത് ചരിത്രം. ഖുറാസാനില്‍നിന്നു വരുന്ന സൈന്യം സംബന്ധമായ ഹദീസ് അബ്ബാസിയ്യ ഭരണകൂടത്തിന്റെസൈന്യമാണെന്നും (അവരുടെ പതാകയുടെ നിറം കറുപ്പായിരുന്നു) ആ സൈന്യം അബൂ മുസ്‌ലിം അല്‍ ഖുറാസാനി എന്ന യുദ്ധപ്രഭു  (ഇയാളുടെ സഹായത്തോടെയാണ് അബുല്‍ അബ്ബാസ് അസ്സഫാഹ് തന്റെ ഭരണകൂടം സ്ഥാപിച്ചത്) ഉമവിയ്യ വംശത്തിനെതിരെ നയിച്ചിരുന്ന സൈന്യമാണെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ലോകാവസാനം ഉറപ്പിച്ചു പടയൊരുക്കം നടത്തുന്ന പതിവ് പണ്ടേയുണ്ടായിരുന്നുവെന്നു സാരം.
സമീപ കാലത്ത് നടന്ന സമാനമായ ഒരുദാഹരണമാണ് മഹ്ദിയുടെ വരവുമായി ബന്ധപ്പെട്ട ഹദീസിന്റെ പിന്‍ബലത്തില്‍ ജുഹൈമാന്‍ അല്‍ ഉതൈബി എന്ന സൗദി വംശജന്റെ  നേതൃത്വത്തില്‍ 1979ല്‍ മക്കയില്‍ നടന്ന അട്ടിമറി ശ്രമം. മുസ്‌ലിം ഉമ്മത്തിന്റെ വിമോചന ദൗത്യവുമായി  അവസാനകാലത്ത് തന്റെ പ്രതിനിധി ആഗതനാവുമെന്നു പ്രവാചകന്‍ നല്‍കിയ സൂചനയുടെ രാഷ്ട്രീയ സാധ്യതയായിരുന്നു അന്ന് പരീക്ഷിക്കപ്പെട്ടത്. ആധികാരികതയില്‍ അഭിപ്രായ ഭിന്നതയുള്ള ചില പ്രവാചക വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വാഗ്ദത്ത പ്രതിനിധി മഹ്ദി ഇമാം എന്നാണ് അറിയപ്പെടുന്നത്. തന്റെ കുടുംബത്തില്‍ നിന്നുള്ള, തന്റെ പേരും തന്റെ പിതാവിന്റെ പേരുമുള്ള ഒരാളായിരിക്കും ഈ നീതിമാന്‍ എന്ന സൂചന പ്രവാചകന്‍ നല്‍കിയതായാണ് സുനനു അബൂദാവൂദിലെ ഒരു ഹദീസിലുള്ളത്. ഹറമില്‍ കഅബയുടെ സമീപം വച്ചു ഈ നീതിമാന്‍ നിര്‍ബന്ധിതനായി നേതൃത്വം ഏല്‍ക്കേണ്ടി വരുമെന്ന സൂചന മറ്റു ചില ഹദീസുകളില്‍ കാണാം.
ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തിയ ജുഹൈമാന്‍, പ്രവാചകന്റെ ഖുറൈശി തറവാടില്‍ വേരുള്ള, തന്റെ ബന്ധു കൂടിയായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖഹ്താനിയെ അവതരിപ്പിച്ചു. പ്രമുഖ സലഫി പണ്ഡിതനും അന്നത്തെ സൗദി മുഫ്തിയുമായിരുന്ന അബ്ദുല്ല ബിന്‍ ബാസിന്റെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്ന ജുഹൈമാന് പട്ടാളത്തിലും പിടിപാടുണ്ടായിരുന്നു.
1979ലെ ഹജ്ജ് സീസണിന്റെ അവസാനത്തോടെ ഒരു വെള്ളിയാഴ്ച പ്രഭാത നമസ്‌കാരാനന്തരം  മസ്ജിദുല്‍ ഹറാമില്‍ കഅബയുടെ സമീപത്ത് വച്ചു ഇമാമിന്റെ മൈക്ക് പിടിച്ചു വാങ്ങി താന്‍  മുഹമ്മദ് ബിന്‍ അബ്ദുല്ല ഖലീഫയായി ഉത്തരവാദിത്തം ഏറ്റെടുത്തുവെന്ന് അപ്രതീക്ഷിത പ്രഖ്യാപനം നടത്തുകയും ജുഹൈമാനും അവരുടെ ആളുകളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്യാന്‍ തിരക്ക് കൂട്ടുകയും ചെയ്തു. അതോടെ ഹറമില്‍ തടിച്ചു കൂടിയവര്‍ മാത്രമല്ല, മുസ്‌ലിം ലോകം മുഴുവന്‍ ആശയക്കുഴപ്പത്തിലായി. പട്ടാളത്തില്‍ വിള്ളല്‍ തീര്‍ത്ത  ഈ അട്ടിമറിനീക്കംപോലും അടിച്ചമര്‍ത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഭരണകൂടം ഫ്രഞ്ചു സൈന്യത്തിന്റെ സഹായം തേടി. കാഫിര്‍’സൈന്യം വിശുദ്ധ ഗേഹത്തില്‍ കയറിയത് ചര്‍ച്ചയാവാതിരിക്കുവാനായിരുന്നു സംഭവത്തിന്റെ പിന്നില്‍ ശിയാ ബന്ധം ആരോപിക്കപ്പെട്ടത്. അതോടെ അറബ് ലോകം ശിയാ ശാപത്തില്‍ മുഴുകിയെന്നും ചില വിമര്‍ശകര്‍ നിരീക്ഷിക്കുന്നു.
അതേതായാലും, 2014 ജൂലൈ 4 നു വെള്ളിയാഴ്ച്ച ഇറാഖിലെ മൗസിലില്‍ പ്രശസ്തമായ മസ്ജിദുന്നൂര്‍ പള്ളിയില്‍ നാടകീയമായി (നാലു ജിഎംസി ഫോര്‍ വീല്‍ കാറുകളുടെ അകമ്പടിയോടെ വന്നു സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി അമ്പരപ്പ് സൃഷ്ടിച്ചുകൊണ്ടുള്ള ഖലീഫയുടെ ഒരു വരവ്!) പൊടുന്നനെ പ്രത്യക്ഷപ്പെട്ട അബൂബക്കര്‍ അല്‍ബാഗ്ദാദി  ജുമുഅ ഖുതുബയിലൂടെ താന്‍  ഖലീഫയാണെന്ന് പ്രഖ്യാപിക്കുകയും അനുസരണ ബാധ്യത മുസ്‌ലിം ഉമ്മത്തിനെ ബോധിപ്പിക്കുകയും ചെയ്ത തന്‍സീമുദ്ദൗലയുടെ നടപടിയുമായി ജുഹൈമാന്‍ സംഭവത്തിനു സമാനതകളുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല, തന്‍സീമുദ്ദൗലയുടെ ഖിലാഫത്തിനെ പിന്തുണക്കുന്ന ചില സൈബര്‍ പോരാളികള്‍ ജുഹൈമാന്‍ അട്ടിമറി നീക്കത്തെ സോഷ്യല്‍ മീഡിയകളില്‍ മഹത്വവത്കരിക്കുന്നതു കാണാം.
ശാമിലേക്ക് പുറപ്പെടാന്‍ആഹ്വാനം
സമാനമായ ഉപരിപ്ലവ അവകാശ വാദങ്ങളും ആഹ്വാനങ്ങളും സിറിയയില്‍ പോരാട്ടം നടത്തുന്ന ചില സലഫി  സംഘങ്ങളും ഉന്നയിക്കാറുണ്ട് . ഇത്തരം സംഘങ്ങളില്‍ ചില സമാനതകള്‍ കാണുന്നു. ഭാഗികമായോ മുഴുവനായോ കറുത്ത നിറമുള്ള കൊടികളേന്തിയിട്ടുണ്ട്. കൊടിയില്‍ കലിമതുത്തൗഹീദ് ആലേഖനം ചെയ്തിട്ടുണ്ട്. പ്രവാചകന്റെ മുദ്രയുടെ ശൈലി കടമെടുത്ത് മുഹമ്മദ് റസൂലുല്ല എന്നു മുദ്രണവും കാണാം. പടയാളികള്‍ മുടി ചുമലിനു താഴെ വരെ  നീട്ടിയിരിക്കും.  ശാം പ്രദേശത്തിന്റെ മേന്മകള്‍ സൂചിപ്പിക്കുന്നതും ഫിത്‌നകളുടെ കാലത്ത് ശാം പ്രദേശത്തിന് മുന്‍ഗണന കൊടുക്കേണ്ടതു സംബന്ധിച്ചുമുള്ള തിരുദൂതരുടെ പ്രവചനങ്ങള്‍ ഇവര്‍ പ്രചാരണത്തിനു  ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ശാം പ്രദേശത്ത് ഫിത്‌ന ഉണ്ടായാല്‍ ഉടനെ അങ്ങോട്ടു പോരാട്ടത്തിന് പുറപ്പെടല്‍ ലോകത്തെ എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണെന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ച ഫിത്‌ന ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളാണെന്നും വ്യാഖ്യാനിച്ചുകൊണ്ടാണ് യോദ്ധാക്കളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത്. ശ്രദ്ധേയമായ വസ്തുത, ഇത്തരം ആഹ്വാനങ്ങള്‍ ചരിത്രത്തില്‍ ആദ്യത്തേതല്ല എന്നതാണ്. താര്‍ത്താരികളുടെ ആക്രമണ കാലത്ത് ഈജിപ്തിലെ  ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും  ശ്രദ്ധ ശാം പ്രദേശത്തേക്ക് തിരിക്കുവാന്‍വേണ്ടി അന്ന്  ശാം സംബന്ധമായ ഹദീസുകള്‍ ക്രോഡീകരിച്ചു പ്രചരിക്കപ്പെട്ടതു മുതല്‍ പല തവണ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശാമിലെ പോരാട്ടം സംബന്ധമായി ഉദ്ധരിക്കപ്പെടുന്ന പല പ്രവാചക വചനങ്ങളുംദുര്‍ബലമാണെന്നും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും സ്ഥാപിച്ചുകൊണ്ട് ഹദീസില്‍ അവഗാഹമുള്ള ശാം പ്രദേശത്തുകാരായ ചില പണ്ഡിതര്‍ വസ്തുനിഷ്ഠമായ പഠനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഉദാഹരണമായി, പുതിയ പശ്ചാത്തലത്തില്‍  ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഹദീസിന്റെ കാര്യമെടുക്കാം. സുനനു അബൂ ദാവൂദ്, സുനനു അഹ്മദ് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള, അബ്ദുല്ല ബിന്‍ ഹിവാല എന്ന സ്വഹാബിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിന്റെ സാരം ഇപ്രകാരമാണ്. ‘പ്രവാചകന്‍ പറഞ്ഞു. നിങ്ങള്‍ ചില സൈന്യങ്ങള്‍ രൂപീകരിക്കും. ശാമില്‍ ഒരു സൈന്യം, ഇറാഖില്‍ ഒരു സൈന്യം, യമനില്‍ ഒരു സൈന്യം എന്നിങ്ങനെ. ഞാന്‍ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഏതു  തിരഞ്ഞെടുക്കണം? റസൂല്‍ പറഞ്ഞു. നീ ശാം തിരഞ്ഞെടുക്കുക. അത് സാധ്യമല്ലാത്തവന്‍ യമന്‍ തിരഞ്ഞെടുക്കട്ടെ… അല്ലാഹു ശാമിന്റെയും അവിടുത്തുകാരുടെയും കാര്യത്തില്‍ എനിക്ക് ഉറപ്പ് തന്നിരിക്കുന്നു.’
ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ പെട്ട സഈദ് ബിന്‍ അബ്ദുല്‍ അസീസ്  രേഖപ്പെടുത്തുന്ന ഒരഭിപ്രായം ശ്രദ്ധേയമാണ്. ‘ശാം പ്രദേശത്തിലെ ജോര്‍ദാനിലുള്ള അസ്ദ് സ്വദേശിയായ അബ്ദുല്ല ബിന്‍ ഹിവാല ഈ വചനത്തിനു അമിതമായ പ്രാധാന്യം നല്‍കുന്നതായി കാണുന്നു.’ ജീവിച്ചിരിക്കുന്ന സലഫി പണ്ഡിതരില്‍ പ്രമുഖനും ശാം പ്രദേശത്തുകാരനുമായ  ഡോ. അബൂ സുഹൈബ് ഖാലിദ് അല്‍ ഹായിക് (ഇദ്ദേഹം കടുത്ത സലഫിയാണെന്നു സൗദിയില്‍ നിന്നുള്ള ചില ‘മോഡറേറ്റ്’  പണ്ഡിതര്‍ ആരോപിക്കാറുണ്ട്) ഈ ഹദീസിന്റെ വിവിധ നിവേദക പരമ്പരകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഒരു വിശദ പഠനം തയ്യാറാക്കിയിട്ടുണ്ട്. അബ്ദുല്ല ബിന്‍ ഹിവാലയില്‍നിന്ന് ഈ ഹദീസ് ഉദ്ധരിക്കുന്ന നിവേദക പരമ്പരകളെ താരതമ്യം ചെയ്തു നടത്തിയ ഈ പഠനത്തിന്റെ അവസാനത്തിലെ ചുരുക്കെഴുത്തില്‍ ഇങ്ങനെ കാണാം. ‘സൈന്യങ്ങള്‍  സംബന്ധമായ ഈ ഹദീസ് വളരെ ദുര്‍ബലമാണ്, ഒരിക്കലും  സ്വീകാര്യാമായി കണക്കാക്കുവാന്‍ പറ്റില്ല. നിവേദന പരമ്പരയില്‍ ധാരാളം കുഴപ്പങ്ങള്‍ കാണുന്നു. നിവേദക സാക്ഷ്യങ്ങള്‍ പലതും അവിശ്വസനീയവുമാണ്, സത്യം അല്ലാഹുവിനറിയാം…
ഒരു കാര്യം ഇവിടെ പ്രത്യേകം പറയേണ്ടതുണ്ട്. പ്രദേശങ്ങളുടെ  പ്രാധാന്യം സൂചിപ്പിക്കുന്ന തിരുമൊഴികള്‍ അവലംബിക്കുന്നതില്‍ വളരെയധികം സൂക്ഷ്മതയും ആഴത്തിലുള്ളപഠനവും ആവശ്യമാണ്.’ തുടര്‍ന്ന് പ്രത്യേക ശ്രദ്ധക്ക് എന്ന അടിവരയോടെ രണ്ടു കാര്യങ്ങള്‍ അദ്ദേഹം എടുത്തു പറയുന്നു. ഒന്നാമത്തേത് ഈ ഹദീസ് ‘സ്വഹീഹ്’ ഗണത്തില്‍ പെടുത്തിയതില്‍ നടന്ന വ്യാജ നിര്‍മിതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇബ്‌നു അബീ ഹാതിം എന്ന പ്രമുഖ മുഹദ്ദിസിന്റെ പേരില്‍  അദ്ദേഹം ചെയ്യാത്ത തരംതിരിവ് പിന്നീട് നടന്നിട്ടുണ്ടെന്നാണ് വസ്തുതകള്‍ നിരത്തി അദ്ദേഹം വാദിക്കുന്നത്. രണ്ടാമത്തെ നിരീക്ഷണം കൂടുതല്‍ ശ്രദ്ധേയമാണ്. ‘നിവേദക പരമ്പരയില്‍ വിള്ളലുകളും അവ്യക്തതകളുമുള്ള  ഈ ഹദീസ്  ഇന്നത്തെ ചുറ്റുപാടില്‍ അമിത പ്രാധാന്യത്തോടെ ചിലര്‍  കൊണ്ടു നടക്കുന്നത് ഒരു തരം ദുരുപയോഗമാണ്. ഇനി വാദത്തിനു വേണ്ടി ഈ ഹദീസ് സ്വഹീഹ് (പരമ്പര കുറ്റമറ്റത്) ആണെന്ന് സമ്മതിച്ചാല്‍തന്നെയും പ്രവാചകതിരുമേനി  തന്റെ കാലത്തെ അനുചരരോട് പറഞ്ഞ കാര്യം മാത്രമാണിത്.
ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സാമാന്യ ബുദ്ധിയോടു ചില ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. സമകാലിക സാഹചര്യത്തില്‍  മുകളില്‍ സൂചിപ്പിച്ച ഹദീസ് സ്വീകാര്യമെന്നു വാദിച്ചാല്‍, പ്രവാചകതിരുമേനി പറഞ്ഞ യമനിലെയും ഇറാഖിലെയും സൈന്യങ്ങള്‍ ഏതൊക്കെയാണ്? ശാമിലെ ഡസന്‍ കണക്കിന് പോരാട്ട സംഘങ്ങളില്‍ syria-5ഏതായിരിക്കും പ്രവാചകതിരുമേനി തിരഞ്ഞെടുക്കാന്‍ പറഞ്ഞ സൈന്യം? ശാം പ്രദേശത്തേക്ക് ഒരുങ്ങിപ്പുറപ്പെടാന്‍ പ്രചോദനം നല്‍കുന്ന ഹദീസുകള്‍ ലോകത്തെ എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമാണ് എന്നു വ്യാഖ്യാനിച്ചാല്‍ കടുത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇന്നത്തെ വിവിധ പ്രദേശങ്ങളിലെ മുസ്‌ലിം സമൂഹങ്ങള്‍ എന്തു ചെയ്യും? ഇന്ത്യ, ബര്‍മ, ചൈന തുടങ്ങിയ പ്രദേശങ്ങളിലെ സാമൂഹികമായി ദുര്‍ബലരും ന്യൂനപക്ഷവും എന്നാല്‍ അറബ് സമൂഹത്തിന്റെ മടങ്ങുകള്‍ വരുന്നതുമായ മുസ്‌ലിം സമൂഹങ്ങളിലെ കെല്‍പുള്ളവര്‍ അവരവര്‍ നേരിടുന്ന സാമൂഹിക സാഹചര്യങ്ങളെ അവഗണിച്ചു ശാം ലക്ഷ്യമാക്കി പോകണമെന്നു കരുതുന്നത് അപ്രായോഗികമായ ദുര്‍വ്യാഖ്യാനമല്ലേ?
തന്‍സീമുദ്ദൗലയും അല്‍ ഖാഇദയുമായി ബന്ധമുള്ള സിറിയയിലെ ജബ്ഹത്തുനുസ്‌റയുമാണ് പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചു ശാമിലേക്ക് പുറപ്പെടുവാന്‍ ആഹ്വാനം നടത്തുന്ന പ്രധാന സംഘങ്ങള്‍. മുമ്പ് ഒന്നായിരുന്ന അവര്‍ ഖിലാഫത്ത് പ്രഖ്യാപനത്തോടെ വേര്‍പിരിഞ്ഞു പരസ്പര സംഘട്ടനം തുടങ്ങിയതോടെ അന്നുസ്‌റ ശാം സംബന്ധമായ ഹദീസുകളുടെ പ്രധാന പ്രയോക്താക്കളായി. തന്‌സീമുദ്ദൗലയാവട്ടെ തങ്ങളുടെ ഖിലാഫത്തിന്റെ പിറവി ശാമിലെ വിശുദ്ധ വിപ്ലവത്തിന്റെ ഫലമാണെന്ന് ഉന്നയിക്കുകയും syria-6ശാമിലെ ചതിയന്‍ സംഘത്തെ (അന്നുസ്‌റ) ശപിക്കുകയും ചെയ്യുന്നത് കാണാം.
യഥാര്‍ത്ഥത്തില്‍ ഈ രണ്ടു വിഭാഗങ്ങള്‍ക്കും ഇറാഖിലും സിറിയയിലുമുള്ള അവരുടെ സ്വാധീന പ്രദേശങ്ങളില്‍ തങ്ങളുടെ ഭരണ സംവിധാനം മുന്നോട്ട് കൊണ്ടു പോവാനും,  സാധുത നില നിര്‍ത്തുവാനും ധാരാളമായി മനുഷ്യ വിഭവം ആവശ്യമാണ്. പുറത്തുനിന്നുള്ള സന്നദ്ധ പോരാളികളുടെ ഒഴുക്കനുസരിച്ചു ഈ പ്രശ്‌നത്തിനു പരിഹാരമാകുമെന്നവര്‍ കണക്ക് കൂട്ടുന്നുണ്ടാവാം. ഖിലാഫത്തിന് ആവശ്യമായ മനുഷ്യ വിഭവവും നൈപുണ്യങ്ങളും ലഭ്യമാക്കുവാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇസ്‌ലാമിക രാജ്യത്തേക്ക് ഹിജ്‌റ (പലായനം) പ്രോത്സാഹിപ്പിക്കുമെന്നു നേരത്തെ സൂചിപ്പിച്ച നയരേഖയില്‍ തന്‍സീമുദ്ദൗല വ്യക്തമാക്കുന്നുണ്ട്. ഖിലാഫത്തില്‍ ജീവിച്ചു മരിക്കണമെന്നു സ്വപ്‌നം കാണുന്ന, യാഥാര്‍ഥ്യ ബോധം കൈമോശം വന്നവര്‍ മുന്‍പിന്‍ നോക്കാതെ ഇത്തരം ആഹ്വാനങ്ങളില്‍ സുവര്‍ണാവസരം കണ്ടെത്തിയേക്കും.

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss