|    Mar 23 Thu, 2017 7:55 am
FLASH NEWS

വിചാരണ നേരിടുന്നത് ഭരണനേതൃത്വം

Published : 13th October 2015 | Posted By: G.A.G

ഇന്ത്യയുടെ ആകാശത്ത് പടരുന്ന കരിനിഴല്‍ കണ്ടു ചകിതരായ എഴുത്തുകാര്‍ പലരും തങ്ങളുടെ സ്വന്തം നിലയില്‍ അതിനെതിരേ പ്രതികരിക്കാന്‍ തുടങ്ങിയത് സംഘപരിവാര നേതൃത്വത്തെ പ്രകോപിതരാക്കിയിരിക്കുന്നു.

രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളും ചിന്താസ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന നീക്കങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പ്രശസ്ത എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ മുതല്‍ മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്‍ വരെ പ്രതികരിച്ചത്. ഇങ്ങനെ പ്രതികരിക്കുന്നവര്‍ സി.പി.എമ്മിന്റെ ദാസ്യവൃത്തിയാണ് ചെയ്യുന്നതെന്നത്രേ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ കണ്ടെത്തല്‍.

സ്വന്തം കുടുംബാംഗമായ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയെന്ന നിലയില്‍ 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളെ തടവിലാക്കിയപ്പോള്‍ അതിനെതിരേ അരുണ്‍ ഷൂരി, രജനി കോത്താരി, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ പ്രഗല്‍ഭരുമായി അണിചേര്‍ന്നു പ്രതിഷേധം സംഘടിപ്പിച്ചയാളാണ് നയന്‍താര സെഹ്ഗാള്‍ എന്നെങ്കിലും ബി.ജെ.പി. നേതാക്കള്‍ ഓര്‍മിക്കേണ്ടതായിരുന്നു. രാജ്യത്തെ കലുഷിതമായ അന്തരീക്ഷത്തെ സംബന്ധിച്ച് ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്ന ഈ എഴുത്തുകാരൊക്കെയും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി അടിയുറച്ച നിലപാട് സ്വീകരിച്ചവരാണ്. സച്ചിദാനന്ദനെപ്പോലെയുള്ളവര്‍ തങ്ങളുടെ നിലപാടുകളുടെ പേരില്‍ ജയിലറയും പീഡനവും ഏറ്റുവാങ്ങിയവരാണ്.

കക്ഷിരാഷ്ട്രീയ പരിഗണനകളല്ല, സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ നിഷേധാത്മക പ്രവണതകളാണ് അവരെ പ്രക്ഷോഭപാതയിലേക്കു നയിച്ചത്. പരിണിതപ്രജ്ഞരായ ഈ എഴുത്തുകാരൊക്കെയും സി.പി.എം. ദാസ്യവേലയാണ് ചെയ്യുന്നതെന്നു പറയുന്നതിലൂടെ തന്റെ ചിന്താപരമായ ദാരിദ്ര്യം മാത്രമല്ല മുരളീധരന്‍ വെളിപ്പെടുത്തുന്നത്, മറിച്ച്, സി.പി.എമ്മിന് അത് ഒരിക്കലും അര്‍ഹിക്കാത്ത ബഹുമതിയാണ് അദ്ദേഹം നല്‍കുന്നത്.  ജനാധിപത്യ പ്രക്രിയക്കു തിരിച്ചടിയേറ്റ അടിയന്തരാവസ്ഥയില്‍ സി.പി.എമ്മിനേക്കാള്‍ ശക്തമായി പ്രതികരിച്ചത് തന്റെ പാര്‍ട്ടിയാണ് എന്നെങ്കിലും അദ്ദേഹം ഓര്‍മിക്കുന്നത് നന്ന്.

പ്രശ്‌നം അധികാരലബ്ധി ഭരണാധികാരികളെ വഴിതെറ്റിക്കുന്നതാണ്. നിയമവാഴ്ചയും ജനാധിപത്യ അവകാശങ്ങളും ഉറപ്പുവരുത്താന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. നരേന്ദ്ര മോദി ഭരണകൂടം ഈ മേഖലകളില്‍ തങ്ങളുടെ ചുമതല നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ്. ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നിരപരാധികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട നരേന്ദ്ര മോദി ഇന്നു രാജ്യം ഗുരുതരമായ ഭീഷണി നേരിടുമ്പോഴും ഒട്ടകപ്പക്ഷിയെപ്പോലെ തല മണലില്‍ പൂഴ്ത്തുന്നത് സ്വാഭാവികം മാത്രം. പക്ഷേ, പ്രതിഭാധനരായ എഴുത്തുകാര്‍ക്ക് ചുറ്റിലും നടക്കുന്ന ഭീകരസംഭവങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. അവര്‍ സമൂഹത്തിന്റെ മനസ്സാക്ഷിയാണ് എന്നതുതന്നെ അതിനു കാരണം.

അതിനാല്‍ ബി.ജെ.പി. നേതൃത്വം ഒരു സ്വയംവിമര്‍ശനത്തിനു തയ്യാറാവുകയാണ് വേണ്ടത്. പ്രതികരിക്കുന്ന എഴുത്തുകാരല്ല കുഴപ്പക്കാര്‍, മറിച്ച്, പ്രതികരണശേഷി നഷ്ടപ്പെട്ട സ്വന്തം നേതൃത്വമാണ് രാജ്യത്തിന്റെ മനസ്സാക്ഷിയുടെ കോടതിയില്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെന്ന് അവര്‍ മനസ്സിലാക്കണം.

(Visited 56 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക