|    Oct 21 Sun, 2018 4:45 am
FLASH NEWS
Home   >  Editpage  >  Editorial  >  

വിചാരണത്തടവുകാര്‍ക്ക് നീതി ലഭിക്കണം

Published : 14th September 2017 | Posted By: fsq

 

വിചാരണത്തടവുകാരുടെ കാര്യത്തില്‍ ഇന്ത്യ എല്ലാ റെേക്കാഡുകളും ഭേദിക്കുന്നവിധം മുന്നിലാണെന്നു സൂചിപ്പിക്കുന്ന റിപോര്‍ട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ടു. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളെ ആസ്പദമാക്കി തയ്യാറാക്കിയ റിപോര്‍ട്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുള്ള നീതിയില്ലായ്മയാണ് അനാവരണം ചെയ്യുന്നത്. വിചാരണ കൂടാതെ ആയുസ്സൊടുങ്ങുന്നതുവരെ ജയിലില്‍ കഴിയുന്നവരും അഞ്ചും പത്തും വര്‍ഷം അഴികള്‍ക്കുള്ളില്‍ ജീവിച്ചു നിരപരാധികളായി പുറത്തുവരുന്നവരുമുണ്ട്. രാജ്യത്തെ മൊത്തം തടവുകാരില്‍ 70 ശതമാനത്തോളം വിചാരണ കാത്തുകിടക്കുന്നവരാണ്. അഭിഭാഷകരെ നിയമിക്കാന്‍ ശേഷിയില്ലാത്തതുകൊണ്ടോ നിയമത്തെപ്പറ്റി അറിയാത്തതുകൊണ്ടോ നിരാശാഭരിതമായ, ഇരുള്‍ മുറ്റിയ ലോകത്ത് കഴിയാന്‍ വിധിക്കപ്പെട്ട മൂന്നു ലക്ഷത്തോളം പേര്‍ രാജ്യത്തുണ്ട്. അതില്‍ തന്നെ പാതിയിലധികം മൊത്തം ജനസംഖ്യയുടെ 39 ശതമാനം വരുന്ന ആദിവാസികളും ദലിതുകളും മുസ്‌ലിംകളുമാണ്. വിചാരണ ചെയ്തു ശിക്ഷിക്കാന്‍ മുതിരാതെ നിരപരാധികളെ അനേക വര്‍ഷം ജയിലിലിടുക എന്ന തന്ത്രമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ഞങ്ങള്‍ പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശ സംരക്ഷണത്തിന്റെയും കാര്യത്തില്‍ ജനാധിപത്യ ഇന്ത്യ പിന്നിലായിപ്പോകുന്നതിനു പ്രധാന കാരണം അതാണ്. ദലിതുകളെയും മുസ്‌ലിംകളെയും ജയിലിലിടാന്‍ അധികൃതര്‍ ഉപയോഗിക്കുന്ന സൂത്രങ്ങളെപ്പറ്റി ആംനസ്റ്റി എടുത്തുപറയുന്നുണ്ട്. ഗോത്രവര്‍ഗക്കാരെയും ദലിതുകളെയും മാവോവാദികളായി ചിത്രീകരിക്കുക എന്നതാണ് പതിവ്. മുസ്‌ലിംകളെ ഇന്ത്യക്കു പുറത്തുള്ള ഏതെങ്കിലും സായുധസംഘങ്ങളുമായി ബന്ധപ്പെടുത്തി തീവ്രവാദമുദ്ര ചുമത്തി ജയിലിലിടുന്നതാണ് സൂത്രം. സുതാര്യത ഒട്ടുമില്ലാത്ത യുഎപിഎ തുടങ്ങിയ നിയമങ്ങളും ഫെഡറല്‍ സംവിധാനം കാറ്റില്‍പ്പറത്തുന്ന കേന്ദ്ര അന്വേഷണസംഘങ്ങളും അതിനു സഹായകമാവുന്നു. ദാസ്യവേല ചെയ്യുന്നതിന് ഒട്ടും മടിയില്ലാത്ത മാധ്യമശൃംഖലകള്‍ ഈ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. വിചാരണത്തടവുകാര്‍ക്ക് പരിരക്ഷ നല്‍കുന്ന താരതമ്യേന ദുര്‍ബലമായ നിയമങ്ങള്‍ പോലും നിയമപാലകര്‍ അവഗണിക്കാറാണ് പതിവ്. വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ ഹാജരാക്കാത്ത 82,334 കേസുകള്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ നിയമലംഘനത്തില്‍ മുന്നിലുള്ളത്. വിചാരണത്തടവുകാരോട് രാഷ്ട്രം കാണിക്കുന്ന ഈ അനീതിക്ക് അറുതി വരുത്താന്‍ സമയമായി. നിരപരാധികളായി പുറത്തുവരുന്ന തടവുകാര്‍ക്കു നഷ്ടപരിഹാരം നല്‍കാനും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതികളെ സൃഷ്ടിക്കുന്ന നിയമപാലകര്‍ക്കെതിരേ ശിക്ഷാ നടപടിയെടുക്കാനും നിയമനിര്‍മാണം നടത്തുകയാണ് ഒരു പോംവഴി. ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നതു തടയാന്‍ കൂടുതല്‍ കോടതികള്‍ ഏര്‍പ്പെടുത്തുകയും നീതിന്യായവ്യവസ്ഥ വികസിപ്പിക്കുകയും വേണ്ടതുണ്ട്. മജിസ്‌ട്രേറ്റ്തലത്തില്‍ വിചാരണ ചെയ്യാവുന്ന കേസുകള്‍ വിപുലമാക്കുകയെന്നതും ആലോചിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ മാത്രമാണ് യഥാര്‍ഥ നീതിന്യായം നടപ്പാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss