വിചാരണത്തടവുകാരെ വെടിവച്ചുകൊന്നതില്‍ തെറ്റില്ലെന്ന് എടിഎസ് തലവന്‍: കൊന്നത് നിരായുധരെ
Published : 3rd November 2016 | Posted By: SMR
ന്യൂഡല്‍ഹി: ഭോപാല്‍ ഏറ്റുമുട്ടലില്‍ പോലിസ് വെടിവച്ചുകൊന്ന എട്ടു സിമി തടവുകാര്‍ നിരായുധരായിരുന്നുവെന്നും എന്നാല്‍ അവരെ കൊലപ്പെടുത്തിയതില്‍ തെറ്റില്ലെന്നും മധ്യപ്രദേശ് ഭീകരവിരുദ്ധ സംഘം തലവന്‍ സഞ്ജീവ് ഷാമി. പ്രമുഖ ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരം ഘട്ടങ്ങളില്‍ പോലിസിന് ആളുകളെ കൊലപ്പെടുത്താന്‍ നിയമം അധികാരം നല്‍കുന്നുണ്ടെന്നും ഷാമി പറഞ്ഞു. ഭീകരന്മാരായ ക്രിമിനലുകളാണ് അവര്‍. അവര്‍ രക്ഷപ്പെടാനിടയുണ്ടെങ്കില് പരമാവധി സാധ്യതകള്‍ ഉപയോഗിക്കാന്‍ പോലിസിന് അധികാരമുണ്ട്. കൊല്ലപ്പെട്ട ഉടനെ അവര്‍ നിരായുധരായിരുന്നുവെന്ന് തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും ഷാമി പറഞ്ഞു.
തടവുകാരെ കൊലപ്പെടുത്തിയശേഷം വ്യത്യസ്ത രീതിയിലാണ് മധ്യപ്രദേശ് സര്‍ക്കാരും പോലിസും പ്രതികരിച്ചത്. ജയില്ചാടിയവരെ തിരഞ്ഞെത്തിയ തങ്ങള്‍ക്കു നേരെ വെടിവച്ചപ്പോള്‍ തിരിച്ചടിച്ചുവെന്നായിരുന്നു ഭോപാല്‍ ഐജിയുടെ വാദം. എന്നാല്‍, സ്പൂണ്‍ ഉപയോഗിച്ചാണ് തടവുകാര്‍ ആക്രമിച്ചതെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് യാദവ് പറഞ്ഞു. രണ്ടു വാദങ്ങളും ചോദ്യംചെയ്യുന്ന വീഡിയോ പുറത്തായതിനു പിന്നാലെയാണ് തടവുകാര്‍ നിരായുധരാണെന്ന് എടിഎസ് മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കൊല്ലപ്പെട്ട വിചാരണത്തടവുകാരുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. വെടിയുണ്ട ശരീരത്തില്‍ കടന്നതിന്റെയും പിറകുവശം തുരന്ന് പുറത്തുപോയതിന്റെയും മുറിവുകളുണ്ട്. ഭൂരിഭാഗം മുറിവുകളും അരയ്ക്കു മുകളിലാണെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എല്ലാവര്ക്കും ചുരുങ്ങിയത് രണ്ടു വെടിയെങ്കിലും ഏറ്റിട്ടുണ്ട്. ചിലര്‍ക്കു പിറകില്‍നിന്നാണ് വെടിയേറ്റതെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു.
കൊല്ലപ്പെട്ട എട്ടുപേരില്‍ അംജദ്ഖാന്, സാക്കിര്‍ ഹുസയ്ന്‍, മുഹമ്മദ് സാലിഖ്, ശെയ്ഖ് മഹ്ബൂബ്, അഖീല്‍ ഖില്‍ജി എന്നീ അഞ്ചുപേരുടെ മൃതദേഹം ഖാന്ദ്വയിലെ അവരുടെ ഗ്രാമത്തില്‍ സംസ്കരിച്ചു. സംസ്കാരച്ചടങ്ങില്‍ 2000ഓളം പേര് പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഖാലിദിന്റെ മൃതദേഹം ഭോപാല്‍ ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സോലാപൂര്‍ സ്വദേശിയായ ഖാലിദിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ഒരു സഹോദരനുണ്ടെങ്കിലും സിമി കേസില്‍ ഭോപാല്‍ ജയിലിലാണ്. മൃതദേഹം അവകാശപ്പെട്ട് ആരും വരാത്തതിനാലാണ് വിട്ടുനല്‍കാത്തത്. അബ്ദുല്‍ മജീദിന്റെ മൃതദേഹം സ്വന്തം നാടായ ഉജ്ജയ്ന്‍ ജില്ലയിലെ മഹിത്പൂരിലും ശെയ്ഖ് മുജീബിന്റെ മൃതദേഹം അഹ്മദാബാദിലും സംസ്കരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.