|    Oct 18 Thu, 2018 10:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിചാരണത്തടവുകാരില്‍ ഭൂരിഭാഗം പട്ടികജാതി- മുസ്‌ലിം വിഭാഗങ്ങള്‍

Published : 13th September 2017 | Posted By: fsq

 

പി എച്ച്  അഫ്‌സല്‍

തൃശൂര്‍: രാജ്യത്തെ വിചാരണത്തടവുകാരില്‍ ഭൂരിഭാഗവും പട്ടികജാതിക്കാര്‍. തൊട്ടടുത്ത് മുസ്‌ലിംകള്‍. ആകെയുള്ള വിചാരണത്തടവുകാരിലെ 55 ശതമാനമാണിത്. വിചാരണത്തടവുകാരില്‍ പട്ടികജാതിക്കാര്‍ 21.6 ശതമാനവും മുസ്്‌ലിംകള്‍ 20.9 ശതമാനവും ആദിവാസികള്‍ 12.4 ശതമാനവുമാണ്. ശിക്ഷിക്കപ്പെട്ടവരിലും പട്ടികജാതിക്കാരാണു കൂടുതല്‍- 20.9 ശതമാനം. തൊട്ടടുത്ത് മുസ്‌ലിംകളാണ്- 15.8 ശതമാനം. ആദിവാസികള്‍ 13.7 ശതമാനമാണ്. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാവോവാദി ആരോപണങ്ങളുടെ പേരില്‍ ദലിതുകളെ ജയിലിലടയ്ക്കുമ്പോള്‍ തീവ്രവാദ-രാജ്യദ്രോഹ കേസുകളില്‍ ഉള്‍പ്പെടുത്തിയാണ് മുസ്്‌ലിംകളെ നിയമവിരുദ്ധമായി തുറുങ്കിലടയ്ക്കുന്നത്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ 2015ലെ പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മൂന്നില്‍ രണ്ടു തടവുകാരും വിചാരണത്തടവുകാരാണ്. മൊത്തം തടവുകാരില്‍ 67 ശതമാനവും വിചാരണത്തടവുകാരാണ്. 2.82 ലക്ഷത്തിലധികം വിചാരണത്തടവുകാരാണ് രാജ്യത്തുള്ളത്. ദീര്‍ഘകാലമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന നിരവധിപേരുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിചാരണത്തടവുകാരില്‍ 55 ശതമാനവും മൊത്തം ജനസംഖ്യയുടെ 39 ശതമാനം വരുന്ന ദലിത്-മുസ്‌ലിം-ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നതിനാല്‍ ദലിത്-മുസ്‌ലിം വിഭാഗങ്ങളുടെ ജയില്‍വാസം അനന്തമായി നീണ്ടുപോവുന്നതായും റിപോര്‍ട്ടുണ്ട്. ഇതുമൂലം ചെറിയ കേസുകളില്‍ ജയിലില്‍ അടയ്ക്കപ്പെട്ടവര്‍പോലും ശിക്ഷാ കാലാവധി കഴിഞ്ഞും ജയിലില്‍ കഴിയേണ്ടിവരുന്നു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ ഹാജരാക്കാറില്ല. 2014 സപ്തംബര്‍ മുതല്‍ 2015 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ വിചാരണത്തടവുകാരെ കോടതിയില്‍ ഹാജരാക്കാത്ത 82,334 സംഭവങ്ങളാണുണ്ടായത്. പോലിസ് അകമ്പടിയോടെ കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പിന്നെ വീഡിയോ കോണ്‍ഫറന്‍സിങ്് വഴി ഹാജരാക്കുക എന്നതാണു വഴി. പല കേസുകളിലും ഈ സംവിധാനവും ഉപയോഗിക്കുന്നില്ല. ഇതേ കാലയളവില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വേണ്ടിയിരുന്നിടത്ത് അതു നടത്താത്ത 27,691 സംഭവങ്ങളുണ്ടെന്നാണ് വിവരാവകാശരേഖപ്രകാരം ആംനസ്റ്റിക്ക് ലഭിച്ച വിവരം.ആംനസ്റ്റി ഇന്റര്‍നാഷനല്‍ 2017 ജൂലൈയില്‍ പുറത്തിറക്കിയ ‘ജസ്റ്റിസ് അണ്ടര്‍ ട്രയല്‍: എ സ്റ്റഡി ഓഫ് പ്രീ ട്രയല്‍ ഡിറ്റന്‍ഷന്‍ ഇന്‍ ഇന്ത്യ’ എന്ന റിപോര്‍ട്ട് രാജ്യത്തെ വിചാരണത്തടവുകാര്‍ നേരിടുന്ന കടുത്ത നീതിനിഷേധവും ദുരിതവും ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ 500 ജില്ലകളില്‍ നിന്നും വിവിധ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും 3000ഓളം വിവരാവകാശ അപേക്ഷകള്‍ വഴിയടക്കം ശേഖരിച്ച വിവരങ്ങളാണ് ആംനസ്റ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss