|    Oct 19 Fri, 2018 8:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിചാരണത്തടവുകാരായ മുന്‍ സിമിപ്രവര്‍ത്തകര്‍ക്ക് നിയമസഹായം നിഷേധിക്കുന്നു

Published : 26th September 2017 | Posted By: fsq

 

ഭോപാല്‍/ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായി കഴിയുന്ന മുന്‍ സിമി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിഭാഷകരുടെ സഹായം ജയിലധികൃതര്‍ നിഷേധിക്കുന്നു. ഇവര്‍ക്ക് തങ്ങളുടെ അഭിഭാഷകരുമായി കോടതിമുറിയിലെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രമേ സംഭാഷണം സാധ്യമാവൂ. ആറുപേര്‍ക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ പര്‍വേസ് ആലം തന്റെ കക്ഷികളെ അവസാനമായി കണ്ടത് മൂന്നര വര്‍ഷം മുമ്പ് കോടതിയില്‍ വാദത്തിനായി എത്തിയപ്പോഴാണ്. 15 കേസുകള്‍ ഏറ്റെടുത്തിരിക്കുന്ന സീനത്ത് അന്‍വര്‍ തന്റെ കക്ഷികളെ ഇതുവരെ കണ്ടിട്ടുപോലുമില്ല. ഇവര്‍ തങ്ങളുടെ കക്ഷികളെ കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ വിചാരണത്തടവുകാരുടെ ബന്ധുക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ എന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നുവെന്നും ഈ അഭിഭാഷകര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പര്‍വേസ് ആലം ജയിലധികൃതര്‍ക്കെതിരേ പരാതി നല്‍കുകയും തന്റെ കക്ഷികളെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്നു കാണിച്ചു ഭോപാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇദ്ദേഹത്തിനു തന്റെ കക്ഷികളെ 20 മിനിറ്റ് കാണാം എന്ന് മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, മധ്യപ്രദേശ് കോടതി ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കുകയും സന്ദര്‍ശനാനുമതി നല്‍കുന്നത് ജയില്‍ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു വാദിക്കുകയും ചെയ്തു. എന്നാല്‍, അഡീഷനല്‍ ജില്ലാ ജഡ്ജി സര്‍ക്കാര്‍ വാദം തള്ളുകയും 20 മിനിറ്റ് എന്ന സമയപരിധി നീക്കുകയും ചെയ്തിരുന്നു.  ഇപ്പോഴും തന്റെ കക്ഷികളെ കാണാന്‍ പോലിസ് അനുവദിക്കുന്നില്ലെന്ന് ആലം വാദിച്ചു. കോടതിയുടെ ശ്രദ്ധയില്‍പെടുത്തി ജയിലധികൃതര്‍ക്കെതിരേ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കു വേണ്ടത് ഞങ്ങള്‍ കക്ഷികളുമായി കട്ടിയുള്ള ഗ്ലാസിനപ്പുറം നിന്നു ഫോണ്‍ വഴി ബന്ധപ്പെടണമെന്നാണ്. എന്നാല്‍, ഇതു മറ്റാരും രഹസ്യമായി കേള്‍ക്കുന്നില്ലെന്ന് എന്തുറപ്പാണുള്ളതെന്നും ആലം ചോദിക്കുന്നു. ജയിലധികൃതര്‍ കാണാന്‍ അനുവദിക്കാത്തപക്ഷം കുറ്റപത്രം അനുസരിച്ച് വാദത്തിനായി തയ്യാറാവുക എന്നതുമാത്രമാണ് തങ്ങള്‍ക്ക് ചെയ്യാനാവുകയെന്നു സീനത്ത് അന്‍വര്‍ എന്ന അഭിഭാഷക പ്രതികരിച്ചു. കഴിഞ്ഞ നവംബറില്‍ വാദത്തിനായി കൊണ്ടുവന്നപ്പോള്‍ കോടതിപരിസരത്തു വച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് ഇവരെ വാദത്തിനായി കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിസ്തരിക്കുന്നത്. അതേസമയം, ഇവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിസ്തരിക്കുന്നതിലെ നിയമസാധുതയെയും അഭിഭാഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss