|    Dec 17 Mon, 2018 12:39 pm
FLASH NEWS

വിങ്ങിപ്പൊട്ടി യാത്രാമൊഴി

Published : 31st August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: പിതൃസഹോദരന്‍ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ എടയാറ്റൂര്‍ മങ്കാരത്തൊടി അബ്ദുല്‍ സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വൈകുന്നേരത്തോടെ എടയാറ്റൂരിലെത്തിച്ചു. കുരുന്നിന് യാത്രയോതാന്‍ വന്‍ ജനക്കൂട്ടമാണ് എടയാറ്റൂരിലെത്തിയത്. എടയാറ്റൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ പൊതുദര്‍ശനം വേണ്ടെന്നുവച്ചിരുന്നു.
ബുധനാഴ്ച വൈകീട്ടായിരുന്നു മലപ്പുറം പാറക്കടവ് നെച്ചിക്കുറ്റി കടവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് സലീമും ബന്ധുക്കളുമെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ ആനക്കയം പാലത്തില്‍നിന്ന് കടലുണ്ടി പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതായി പിതൃസഹോദരന്‍ മുഹമ്മദ് വെളിപ്പെടുത്തിുയ 24 മുതല്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കുട്ടിയെ എറിഞ്ഞത് പ്രളയ സമയത്തായതിനാല്‍ മൃതദേഹം തേടി കടലിലുള്‍പ്പെടെ പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.
നാട്ടുകാര്‍ കഴിഞ്ഞ ദിവസം നെച്ചിക്കുറ്റി കടവിലും പരിശോധിച്ചിരുന്നതാണ്. പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന കുറ്റിക്കാടുകള്‍ക്കിടയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്തിയതായി വിവരം ലഭിച്ചതുമുതല്‍ കണ്ണീരിലായിരുന്നു നാട്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മുഹമ്മദിനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന നടുക്കുന്ന വിവരമാണ് പിന്നീട് നാട്ടുകാര്‍ കേട്ടത്. അന്നുമുതല്‍ പ്രാര്‍ഥനയിലായിരുന്നു എടയാറ്റൂര്‍ ഗ്രാമം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss