|    Oct 24 Tue, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വികെ സിങിനെതിരേ ആരോപണവുമായി കരസേന മേധാവി

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: തന്റെ മുന്‍ഗാമിയും നിലവില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ജനറല്‍ വികെ സിങിനെതിരേ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചാര്‍ത്തി തന്റെ സ്ഥാനക്കയറ്റം തടയാന്‍ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞുവെന്ന് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കരസേന മേധാവി വ്യക്തമാക്കി. ബാഹ്യമായ കാരണങ്ങളാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ആര്‍മി കമാന്‍ഡറായുള്ള തന്റെ സ്ഥാനക്കയറ്റം തടയുക എന്ന ഏക ലക്ഷ്യത്തില്‍ 2012 മെയ് 19ന് വ്യാജവും അടിസ്ഥാനരഹിതവും അബദ്ധങ്ങളും നിറഞ്ഞ ഭാവനാപരമായ ആരോപണങ്ങള്‍ നിരത്തി വികെ സിങ് തനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നും കരസേന മേധാവി ആരോപിക്കുന്നുണ്ട്. ദല്‍ബീര്‍ സിങിനെ ആര്‍മി കമാന്‍ഡറായി നിയമിച്ചതിനെ ചോദ്യംചെയ്ത് റിട്ട. ലഫ്.ജനറല്‍ രവി ദസ്താനെ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കരസേന മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.നിയമപ്രകാരം അടുത്തടുത്ത ആര്‍മി കമാന്‍ഡറാവേണ്ടത് ജനറല്‍ വിക്രം സിങാണെന്നും അതിനു പകരം ദല്‍ബീര്‍ സിങിനെ കമാന്‍ഡറാക്കിയത് പക്ഷപാതപരമാണെന്നും ആരോപിച്ചാണ് സുപ്രിംകോടതിയില്‍ രവി ദസ്താനെ ഹരജിനല്‍കിയത്.
2011 ഡിസംബറില്‍ 20-21 തിയ്യതികളില്‍ അസമിലെ ജൊര്‍ഹത്തിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ജനറല്‍ കമാന്‍ഡിങ് ഓഫിസറായിരുന്ന ദല്‍ബീര്‍ സിങ് പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് അന്ന് കരസേനാ മേധാവിയായിരുന്ന വികെ സിങ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍, ആ ദിവസങ്ങളില്‍ താന്‍ വാര്‍ഷിക അവധിയില്‍ ആയിരുന്നുവെന്നും 2011 ഡിസംബര്‍ 26നാണ് ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ചതെന്നുമാണ് കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ദല്‍ബീര്‍ സിങ് വ്യക്തമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക