|    Jan 23 Mon, 2017 4:17 pm

വികാരിയുടെ വീട്ടില്‍ 17കാരി കൊല്ലപ്പെട്ട സംഭവം: പ്രതികളായ നാല് പുരോഹിതര്‍ കീഴടങ്ങി

Published : 13th August 2016 | Posted By: SMR

പാലക്കാട്: വാളയാര്‍ ചന്ദ്രാപുരത്തെ സ്റ്റെന്‍സിലാസ് പള്ളിക്കടുത്തുള്ള വികാരിയുടെ വീട്ടില്‍ 17കാരി കൊല്ലപ്പെട്ട കേസില്‍ വിവരം പോലിസില്‍ അറിയിക്കാതെ മറച്ചുവച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന നാല് പുരോഹിതര്‍ പാലക്കാട് ഡിവൈഎസ്പി എം സുള്‍ഫിക്കറിന് മുന്നില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം അവരെ സ്വന്തം ജ്യാമ്യത്തില്‍ വിട്ടയച്ചു. നേരത്തേ പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി ഇവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാളയാര്‍ ചന്ദ്രാപുരം സ്റ്റെന്‍സിലാസ് ചര്‍ച്ച് വികാരി ഫാദര്‍ മതലൈ മുത്തു, കോയമ്പത്തൂര്‍ കാട്ടൂര്‍ ക്രൈസ്റ്റ് കിങ് പള്ളി വികാരി ഫാദര്‍ കുളന്തൈരാജ്, കോയമ്പത്തൂര്‍ ബിഷപ് ഹൗസിലെ വികാരിമാരായ ഫാദര്‍ ആരോഗ്യ സ്വാമി, ഫാദര്‍ മേല്‍ക്ക്യുര്‍ എന്നിവരാണ് കീഴടങ്ങിയത്.
കീഴടങ്ങിയ പുരോഹിതരുടെ മൊഴിയെടുത്ത് നിയമോപദേശം തേടിയതിനു ശേഷം 17ന് കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി എം സുള്‍ഫിക്കര്‍ അറിയിച്ചു അതേസമയം ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ ബിഷപ് ഡോ. തോമസ് അക്കുനസ്സ് ഹാജരായില്ല. ഈ കേസിലെ മുഖ്യപ്രതി ആരോഗ്യരാജിനെ കഴിഞ്ഞ ഡിസംബര്‍ ആറിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വത്തിക്കാനില്‍ നിന്നും പോപ്പ് ആരോഗ്യരാജിനെ വൈദിക പദവിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു. 2013 ജൂലൈ 23നാണ് ഫാത്തിമ സോഫിയയെ ദൂരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂര്‍ സ്വാമിയാര്‍ ന്യൂ വീഥിയില്‍ സഹായരാജിന്റേയും ശാന്തി റോസിലിയുടെയും മകളാണ് ഈ പതിനേഴുകാരി. ചന്ദ്രാപുരം സെന്റ് സ്റ്റെന്‍സിലാസ് പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജ് താമസിച്ചിരുന്ന വീട്ടിലെ മുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഒന്നാം വര്‍ഷ ബികോമിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ സോഫിയ. കോയമ്പത്തൂരില്‍ പള്ളി വികാരിയായിരുന്ന ആരോഗ്യരാജ് ഫാത്തിമ സോഫിയയുടെ കുടുംബ സുഹൃത്ത് ആയിരുന്നു.
മരണം നടന്നദിവസം കോയമ്പത്തൂരിലെ വീട്ടില്‍ നിന്നു ചികില്‍സിക്കുന്ന ഡോക്ടര്‍ വാളയാര്‍ വരുന്നുണ്ടെന്നു പറഞ്ഞു സോഫിയയെ ആരോഗ്യരാജ് കാറില്‍ കൊണ്ടു വന്നു പകല്‍ പന്ത്രണ്ടോടെ ആരോഗ്യരാജ് താമസിച്ച വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ചതാണെന്ന് പറഞ്ഞു വാളയാര്‍ പോലിസ് കേസ് എഴുതിത്തള്ളി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും തൂങ്ങി മരണം ആണെന്ന് വ്യക്തമാക്കിയതോടെ സോഫിയയുടെ അമ്മ ശാന്തി റോസിലി മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ചു കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ആരോഗ്യരാജിനെ അറസ്റ്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 298 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക