|    Mar 23 Thu, 2017 1:50 pm
FLASH NEWS

വികാരാധീനരായി മമ്മൂട്ടിയും മഞ്ജു വാര്യരും

Published : 4th May 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വികാരാധീനരായി നടന്‍ മമ്മൂട്ടിയുടെയും നടി മഞ്ജു വാര്യരുടെയും ഫേസ്ബൂക്ക് പോസ്റ്റ്.
കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം. പക്ഷേ, പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോവുന്നു. അവരിലൊരാളാവുന്നതായും ഇനിയൊരു ജിഷ ഉണ്ടാവാതിരിക്കാന്‍ ഓരോ സ്ത്രീക്കും കാവലാകണമെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിയമവിദ്യാര്‍ഥിനിയായ ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാവാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണെന്ന് മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു കടലാസ്‌കഷ്ണമെന്നോണം വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനെക്കാള്‍ ചൂടുണ്ടെന്നും കുറ്റവാളി മൃഗത്തെക്കാള്‍ നികൃഷ്ടനാണെന്നും അവര്‍ കുറിച്ചു. മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാവില്ല. ജിഷ, അവളിപ്പോള്‍ കേരളത്തിന് നിര്‍ഭയയെക്കാള്‍ വലിയ ചോദ്യചിഹ്നമാണ്. കേരളത്തിന്റെ തെരുവിലും രാത്രിയിലും മാത്രമല്ല, സ്വന്തം വീടിനുള്ളില്‍കൂടി സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യംചെയ്യപ്പെടുന്നതായും മഞ്ജു പ്രതികരിച്ചു. സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവന്‍ ഭീരുവാണെന്നും അവനെ ആണെന്ന് വിളിക്കാനാവില്ലെന്നും മഞ്ജു വാര്യന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക