|    Feb 21 Tue, 2017 5:45 pm
FLASH NEWS

വികാരംകൊള്ളുന്ന പ്രധാനമന്ത്രി

Published : 30th November 2016 | Posted By: SMR

അഫീര്‍ഖാന്‍ അസീസ്

വേദി, ദിവസങ്ങള്‍ക്കു മുമ്പ് ഗോവയിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ചതിനെക്കുറിച്ചുള്ള ന്യായീകരണത്തിന്റെ തള്ളലും അതിനപ്പുറം ഒരു കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ വികാരംകൊള്ളലും ആയിരുന്നു. രാജ്യത്തിനു വേണ്ടി കുടുംബവും വീടും ഉപേക്ഷിച്ച താന്‍ ഓഫിസ് കസേരയില്‍ ഇരിക്കാന്‍ വേണ്ടിയല്ല ജനിച്ചത്. ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കുന്നുവെന്നും 50 ദിവസത്തെ കഷ്ടപ്പാടുണ്ടാവുമെന്നും അതിനുശേഷം തന്റെ പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് എന്നെ തൂക്കിലേറ്റാമെന്നും ആരെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ വേദനയുണ്ടെന്നും പറഞ്ഞ് വൈകാരികതയുടെ കെട്ടഴിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്തിനാണ് പ്രധാനമന്ത്രി നാഴികയ്ക്കു നാല്‍പതുവട്ടം ജനങ്ങളുടെ പേരുപറഞ്ഞ് വികാരംകൊള്ളുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ജനങ്ങളെ അറിയിച്ച് എടിഎമ്മുകളിലും ബാങ്കുകളിലും ആവശ്യത്തിന് പണം നല്‍കിയശേഷം നോട്ടുകള്‍ പിന്‍വലിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന ജനം ഇരുകൈയും നീട്ടി സ്വീകരിക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഈ വികാരംകൊള്ളലിന്റെ ആവശ്യം വരുമായിരുന്നില്ല. നോട്ടുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം പറഞ്ഞ തൊടുന്യായം കള്ളപ്പണവും അത് കൈവശംവയ്ക്കുന്നവരെയും കൈയോടെ പിടിക്കുക എന്നതായിരുന്നു. അധികാരം എങ്ങെനയൊക്കെ ജനങ്ങളിലേക്ക് കടന്നുകയറുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നോട്ട് പിന്‍വലിക്കല്‍. സത്യത്തില്‍ രാജ്യത്ത് കള്ളപ്പണം വ്യാപകമായി കൈവശമിരിക്കുന്നവര്‍ പ്രധാനമന്ത്രിയുടെ ഈ ചെപ്പടിവിദ്യക്ക് മുന്നില്‍ മൂക്കുംകുത്തിവീഴുന്നവരല്ല. കള്ളപ്പണം വന്‍കിടക്കാരുടെ കൈയിലുണ്ടെങ്കില്‍ അത് എങ്ങനെയൊക്കെ വിനിയോഗിക്കണമെന്ന് അവര്‍ക്കു വ്യക്തമായി അറിയാം. എന്നാല്‍ കള്ളപ്പണക്കാരെ പിടിക്കാന്‍ മോദി വച്ച കെണിയില്‍ വീണിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അതായത്, പുലിയെ പിടിക്കാന്‍ എലിപ്പെട്ടി വച്ച അവസ്ഥ. അവര്‍ തങ്ങളുടെ ജോലിയും കൂലിയും ഉപേക്ഷിച്ച് ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്ന് വിയര്‍ത്തുകുളിക്കുമ്പോഴാണ് പ്രധാനമന്ത്രി വികാരംകൊള്ളുന്നത്.
തൊഴിലാളികള്‍ രാവും പകലും ദുരിതമനുഭവിച്ച് പണിയെടുത്തുണ്ടാക്കിയ പണമാണ് മോദി ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയത്. രാജ്യത്തിന് പുറത്തെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന ധീര പ്രഖ്യാപനം നടത്തി ഒന്നും ചെയ്യാനാവാതെ വഴിമുട്ടിനില്‍ക്കുമ്പോഴാണ് രാജ്യത്തെ സാധാരണക്കാരെ ഒന്നടങ്കം സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കു തള്ളിയിട്ട് നരേന്ദ്രമോദി ജപ്പാനിലേക്ക് വിമാനം കയറിയത്. അവിടെ ചെന്നും മലയാളിസമൂഹത്തിനു മുന്നില്‍ വികാരംകൊണ്ടു. വിഷയം കള്ളപ്പണം തന്നെ. ഇങ്ങനെ ഉലകം ചുറ്റും വാലിബനായി സെല്‍ഫിയും എടുത്ത് നടക്കുന്ന മോദി രണ്ടുവര്‍ഷം മുമ്പ് ധീരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ രാജ്യത്തിനു പുറത്തെ കള്ളപ്പണം ഇന്ത്യയിലേക്കു കൊണ്ടുവന്ന് ഓരോ പൗരനും 15 ലക്ഷം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ തള്ളല്‍.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ മോദിയുടെ ഭരണത്തിന്റെ സ്‌റ്റോക്ക് ടേക്കിങ് എടുത്തുനോക്കിയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നും കാണാന്‍ കഴിയില്ല. ആകെ മൊത്തം അലമ്പായി കിടക്കുന്ന ഭരണത്തില്‍ മോദി വക തള്ളലും സംഘപരിവാരത്തിന്റെ വക മറ്റു കോലംകെട്ടലും മാത്രം. ഇതില്‍നിന്നുള്ള രക്ഷപ്പെടലും വരാന്‍ പോവുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടുള്ള ഒന്നാം നമ്പര്‍ തട്ടിക്കൂട്ടലും പൊളിറ്റിക്കല്‍ ഗിമ്മിക്കുമാണ് നോട്ട് പിന്‍വലിക്കല്‍. കള്ളപ്പണത്തിനെതിരേ ഇപ്പോഴുള്ള നടപടി വെറും തൊലിപ്പുറത്തെ ചികില്‍സ മാത്രമാണ്. കാരണം, രാജ്യത്തെ കള്ളപ്പണം കൈകാര്യം ചെയ്യുന്നവര്‍ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ഓഹരിവിപണി എന്നിവിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഇപ്പോള്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നവരാവട്ടെ നാട്ടിലെ ചെറിയ പലിശക്കാരും പണം തിരിമറി നടത്തുന്നവരുമായിരിക്കും. അല്ലാതെ വന്‍കിടക്കാര്‍ കള്ളപ്പണം പരണത്ത് ഉണക്കാനൊന്നും വച്ചിട്ടുണ്ടാവില്ല. മോദിയും കൂട്ടരും ഇപ്പോള്‍ കള്ളപ്പണത്തിനെതിരേ നടത്തുന്നത് നിഴല്‍യുദ്ധം മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ വിദേശരാജ്യങ്ങളിലും സ്വിസ് ബാങ്ക് അക്കൗണ്ടിലും കിടക്കുന്ന പണം തിരികെ കൊണ്ടുവരാന്‍ പറ്റാത്തതിന്റെ നിരാശ തീര്‍ക്കല്‍ മാത്രമായി ഇപ്പോഴത്തെ കള്ളപ്പണ വേട്ടയെ കണ്ടാല്‍ മതി.
എന്നാല്‍ മോദിയുടെ നോട്ട് പിന്‍വലിക്കലിലെ വൈരുധ്യം മനസിലാക്കേണ്ടതുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005ന് മുമ്പുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാന്‍ മുന്‍കൂര്‍ നോട്ടീസിറക്കി തീരുമാനിച്ചപ്പോള്‍ അതിനെ പ്രതിപക്ഷത്തിരുന്ന് ശക്തമായി എതിര്‍ത്ത് മുദ്രാവാക്യം വിളിച്ചത് ബിജെപിയും സഖ്യകക്ഷികളുമായിരുന്നു. അതേ ബിജെപി തന്നെയാണ് ഒരൊറ്റ രാത്രികൊണ്ട് ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് മാനിക്കാതെ ഒരു ഏകാധിപതിയുടെ രീതിയില്‍ തന്റെ 55 ഇഞ്ച് നെഞ്ചുയര്‍ത്തി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വ്യാപകമാവുന്ന കള്ളപ്പണം ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ജനങ്ങള്‍ സ്വാഗതം ചെയ്യുകയല്ലാതെ തള്ളിക്കളയില്ല. പക്ഷേ, അത്തരമൊരു നടപടിക്ക് മുതിരുമ്പോള്‍ വ്യക്തമായ കണക്കുകൂട്ടലുകള്‍ ആവശ്യമല്ലേ? കുറഞ്ഞപക്ഷം രാജ്യത്തെ 29 സംസ്ഥാനങ്ങളോടും ആലോചിച്ചിട്ടുവേണമായിരുന്നു ഈ നടപടിക്ക് മോദി ഇറങ്ങിത്തിരിക്കാന്‍. അങ്ങനെ പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കാനുള്ള അധികാരത്തെ ചോദ്യംചെയ്യുന്നുവെന്ന് വാദിക്കും. ജനം പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനു കീഴില്‍ വരുന്നവരല്ല എന്നത് ഓര്‍ക്കണം. കൈയിലിരിക്കുന്ന 1000ത്തിന്റെയും 500ന്റെയും നോട്ടുകളുമായി സാധാരണക്കാര്‍ ബാങ്കുകളില്‍ നിന്ന് ബാങ്കുകളിലേക്ക് നെട്ടോട്ടം ഓടുകയാണ്. കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചും അവരുടെ മേല്‍ കൈവയ്ക്കാന്‍ ശ്രമിക്കാതെയും മോദിയും കൂട്ടരും ഇപ്പോള്‍ നടത്തുന്നത് വെറും പിത്തലാട്ടങ്ങളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക