|    Oct 19 Fri, 2018 12:08 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വികസന വിഷയത്തില്‍ സമയവായമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു മുഖ്യ പങ്ക് : സ്പീക്കര്‍

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി വികസനത്തില്‍ സമവായം ഉണ്ടാക്കിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാവുമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭാ മാധ്യമ പുരസ്‌കാര വിതരണത്തിന്റെയും പ്രഭാഷണ പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും മാധ്യമങ്ങളുടെ ഇടപെടലുണ്ട്. അഭിപ്രായരൂപീകരണത്തിലും ജനാധിപത്യത്തിലും ഇടപെടാന്‍ കഴിയുന്ന ശക്തിയായി മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയകക്ഷികള്‍ക്കുള്ളതുപോലെ ഉത്തരവാദിത്തങ്ങളും ബാധ്യതയും മാധ്യമങ്ങള്‍ക്കുമുണ്ട്. ആ ഉത്തരവാദിത്തം വേണ്ടരീതിയില്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന വേണം. ദൃശ്യമാധ്യമങ്ങള്‍ക്കുള്ളതുപോലെ പത്രങ്ങള്‍ക്കും കാഴ്ചകളിലൂടെ സ്വാധീനിക്കാനാവും. ഈ ശക്തി നേരായ ദിശയില്‍ വിനിയോഗിക്കാനുള്ള ശ്രമങ്ങളുണ്ടാവണം. നമ്മുടെ നാടിന് നഷ്ടപ്പെട്ട വികസന അവസരങ്ങളില്‍ ഇനിയെന്ത് ചെയ്യാനാവുമെന്ന പൊതുസമവായം സൃഷ്ടിക്കുന്നതില്‍ മാധ്യമസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.വി പി നിസാര്‍ (മംഗളം), സി അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്), എ എസ് ഉല്ലാസ് കുമാര്‍ (മലയാള മനോരമ), ജെയ്‌സണ്‍ മണിയങ്ങാട് (ഏഷ്യാനെറ്റ് ന്യൂസ്), സി പി ശ്രീഹര്‍ഷന്‍ (കേരളകൗമുദി), സീജി ജി എസ് (മാതൃഭൂമി ന്യൂസ്), അനൂപ് കെ എസ് (മനോരമ ന്യൂസ്) എന്നിവര്‍ വിവിധ മാധ്യമ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്പീക്കര്‍ നിര്‍വഹിച്ചു. മുഹമ്മദ് ഷമീം എച്ച്, സുപര്‍ണ എസ് നായര്‍, ഹരിശങ്കര്‍ ജി എന്നിവര്‍ ആദ്യ മൂന്ന് റാങ്കുകള്‍ നേടി. കോഴ്‌സിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു.തുടര്‍ന്ന്, യൂനിസെഫിന്റെ സഹകരണത്തോടെ ‘സ്ത്രീകളുടെയും കുട്ടികളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കുക’ എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു. യുനിസെഫ് കേരള-തമിഴ്‌നാട് മേഖലാ മേധാവി ജോബ് സക്കറിയ വിഷയാവതരണം നടത്തി. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അധ്യക്ഷത വഹിച്ചു. തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നിയമസഭാ സെക്രട്ടറി വി കെ ബാബു പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss