|    Dec 17 Mon, 2018 4:24 am
FLASH NEWS
Home   >  Kerala   >  

വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാനത്തിിന്റെ താല്‍പര്യം-പിണറായി

Published : 4th July 2018 | Posted By: sruthi srt

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് തടസമായ സമീപനങ്ങള്‍ എംപിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന് നഷ്ടമാകുന്ന ഭക്ഷ്യവിഹിതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിനെതിരെയും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ റെയില്‍വേയും കേന്ദ്രസര്‍ക്കാരും കാട്ടുന്ന നിസഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യോഗം പ്രമേയം പാസാക്കി.
കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗ് ആസൂത്രണ കമ്മീഷന് പകരമാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു. ജി. സി വേണ്ടെന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഇത് വലിയ ആശങ്ക ഉളവാക്കുന്നു. ഈ രംഗത്ത് ലഭിച്ചുകൊണ്ടിരുന്ന ഗ്രാന്റ് ഇല്ലാതാകുന്ന സ്ഥിതി വരും. അങ്ങനെയായാല്‍ കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ജലപാത നടപ്പാക്കുന്നതില്‍ കേന്ദ്രസഹായം ആവശ്യമാണ്. കുടുംബ കോടതികള്‍ മറ്റു കോടതികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിയമത്തിനെതിരായതിനാല്‍ ഇവയെ പ്രത്യേകം വളപ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

നിപ്പാ വൈറസ് ബാധ ഉണ്ടായ സാഹചര്യം പരിഗണിച്ച് ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സെന്ററിന്റെ വികസനത്തിന് കേന്ദ്രസഹായം ആവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ബയോസേഫ്റ്റി ലാബ് സ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉണ്ടാവണം. ഓഖി പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുകൂല നില കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഹില്‍ ഹൈവേ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് ജില്ലകളിലായി 66.20 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. ഇതില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വനഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ചില കാര്യങ്ങളില്‍ സംസ്ഥാനത്തെ മറികടന്ന് കേന്ദ്രം നേരിട്ടുള്ള ഇടപെടല്‍ നടത്തുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം നേരിട്ട് ബന്ധപ്പെടുന്ന നിലവരുന്നു. ഇത് ഫെഡറല്‍ തത്വത്തിന് നിരക്കാത്തതാണ്. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കാന്‍ എം. പിമാര്‍ ഫലപ്രദമായി ഇടപെടണം.
കേരളത്തിന് ആവശ്യമായ പരിഗണന ചില പദ്ധതികളില്‍ ലഭിക്കുന്നതിന് കേന്ദ്ര മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്. സംസ്ഥാനത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് എം.പിമാരുടെ ഇടപെടല്‍ ആവശ്യമാണ്. ഇത്തരം കരാറുകള്‍ ഒപ്പുവയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളുമായും പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യണം. ജി. എസ്. ടി നടപ്പായതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായി. സംസ്ഥാനങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതില്‍ സംഭവിക്കുന്നത്. സംസ്ഥാനങ്ങള്‍ സാമ്പത്തികാവശ്യങ്ങള്‍ക്ക് കേന്ദ്രത്തെ ആശ്രയിക്കേണ്ട നിലയാണ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് പോലെയുള്ള പരീക്ഷകളില്‍ മലയാള ഭാഷയെ അവഗണിക്കുന്ന സ്ഥിതിയുണ്ട്. അന്താരാഷ്ട്ര കാര്‍ഷിക കരാറുകള്‍ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണം. സംസ്ഥാനവുമായി ആലോചിക്കാതെ കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് 483 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കത്തു നല്‍കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയത്.ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ സംസ്ഥാനത്തു നിന്നുള്ള എം. പിമാരുടെ സഹകരണം ഉണ്ടാവണം. റെയില്‍വേ കോച്ച് ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ വലിയ അലംഭാവം ഉണ്ടായി. ഈ വിഷയം കൂട്ടായി ഉന്നയിക്കാന്‍ കഴിയണം.
മറ്റു റെയില്‍വേ സോണുകളില്‍ നിന്ന് പുതിയ ട്രെയിനുകള്‍ വരുമ്പോള്‍ കേരളത്തിന് നഷ്ടമുണ്ടാവുന്ന സ്ഥിതിയുണ്ട്. അങ്കമാലി ശബരി റെയില്‍പാത ദേശീയ പദ്ധതിയായി കണക്കാക്കി നടപ്പാക്കണം. ഇതിന്റെ ചെലവ് വഹിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പിന്നാക്കം പോകുന്ന അവസ്ഥയാണ്. ഇക്കാര്യത്തില്‍ ഒന്നിച്ച് സമ്മര്‍ദ്ദം ചെലുത്തണം. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അവലോകന യോഗം നടത്തി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
റെയില്‍പാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ കൃത്യമായി സര്‍ക്കാര്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി ചിങ്ങവനം സെക്ഷനില്‍ വികസനത്തിനുള്ള ഭൂമി ജനുവരിയിലും ഹരിപ്പാട് അമ്പലപ്പുഴ സെക്ഷനിലെ ഭൂമി ഫെബ്രുവരിയിലും കൈമാറി. കുറുപ്പന്തറ ഏറ്റുമാനൂര്‍ സെക്ഷനിലെ ഭൂമി ഏപ്രിലില്‍ കൈമാറിയിട്ടുണ്ട്. ഏറ്റുമാനൂര്‍ കോട്ടയം ചിങ്ങവനം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ബാക്കി ഭൂമി ഉടന്‍ കൈമാറും. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാനുള്ള റെയില്‍വേയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇതില്‍ നടപടി ആരംഭിച്ചു. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനെ 27 റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണം ഏല്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളതിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss