|    Oct 18 Wed, 2017 9:39 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വികസന രംഗത്തെ വികലനയങ്ങള്‍

Published : 31st August 2016 | Posted By: SMR

അമിതവ് ഘോഷ്

ലോകത്തെ മഹാദുരന്തങ്ങളിലൊന്ന് സംഭവിച്ചതും ബംഗാള്‍ ഡെല്‍റ്റയിലാണ്. 1971ലെ ഭോല കൊടുങ്കാറ്റ് മൂന്നുലക്ഷത്തിലധികം ആളുകളെയാണ് കൊന്നത്. 1991ല്‍ ബംഗ്ലാദേശിലടിച്ച കൊടുങ്കാറ്റില്‍ 1,38,000 പേരാണു മരിച്ചത്. അതില്‍ 90 ശതമാനം പേരും സ്ത്രീകളായിരുന്നു. സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും കാറ്റിന്റെ തീവ്രതയും തീരപ്രദേശങ്ങളിലെ പ്രളയത്തിനു കാരണമായി.
ഏഷ്യയിലെ മറ്റു ഡെല്‍റ്റകളെപ്പോലെത്തന്നെ ബംഗാളിലും ലോകത്തെ മറ്റുള്ളവയെ അപേക്ഷിച്ച് സമുദ്രനിരപ്പ് താഴ്ന്നുപോയിക്കൊണ്ടിരിക്കുന്നു. ഭൂഗര്‍ഭത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ഇതിനൊരു കാരണമാണ്. ഡാം നിര്‍മാണം, ഭൂഗര്‍ഭജലത്തിന്റെയും എണ്ണയുടെയും പര്യവേക്ഷണം തുടങ്ങിയ മനുഷ്യന്റെ ഇടപെടലുകളും സമുദ്രനിരപ്പിനെ ബാധിക്കുന്നു. അതുപോലെത്തന്നെ, കൃഷ്ണ-ഗോദാവരി, ഗംഗ-ബ്രഹ്മപുത്ര നദികളിലെ തുരുത്തുകളും അപകടഭീഷണിയിലാണ്. പാകിസ്താന്‍ കൂടുതലായും ആശ്രയിക്കുന്ന സിന്ധുനദിയില്‍നിന്ന് 65 കിലോമീറ്ററോളം ഉപ്പുജലം കരയിലേക്ക് കവിഞ്ഞൊഴുകുകയും അതിന്റെ ഫലമായി ഒരു ദശലക്ഷം ഏക്കറോളം കൃഷിഭൂമി നശിപ്പിക്കപ്പെടുകയും ചെയ്തു.
ഇന്ത്യയില്‍ സമുദ്രനിരപ്പിന്റെ ഉയര്‍ച്ച രാജ്യത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുടെ നാശത്തിനു വഴിവച്ചേക്കാം. ലക്ഷദ്വീപ് സമൂഹങ്ങളെപ്പോലെ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹങ്ങളും അതില്‍ ഉള്‍പ്പെടും. 6,000 ചതുരശ്ര കിലോമീറ്ററോളം കൃഷിഭൂമിയാണ് ഇങ്ങനെ ഇല്ലാതാവുക. ഇന്ത്യയില്‍നിന്ന് അഞ്ചുകോടിയും ബംഗ്ലാദേശില്‍നിന്ന് 7.5 കോടിയും ജനങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവും.
ഇന്ത്യയില്‍ 24 ശതമാനത്തിലധികം കൃഷിഭൂമി ഇപ്പോള്‍ തന്നെ തരിശായി മാറിയിട്ടുണ്ട്. താപത്തിന്റെ ആഗോള ശരാശരിയിലുള്ള രണ്ടു ശതമാനം വര്‍ധനപോലും രാജ്യത്തിന്റെ ഭക്ഷ്യവിതരണത്തെ നാലിലൊന്നാക്കി ചുരുക്കിയേക്കും. പാകിസ്താനിലാവട്ടെ, ഉപ്പിന്റെ സാന്നിധ്യംകൊണ്ട് ലക്ഷം ഏക്കര്‍ കൃഷിസ്ഥലം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ലോകത്തിലെ 20 ശതമാനം ആളുകള്‍ ആശ്രയിക്കുന്ന, ലോകത്തെ കൃഷിയോഗ്യമായ ഭൂമിയില്‍ ഏഴുശതമാനവും കൈവശംവയ്ക്കുന്ന ചൈനയില്‍ മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞുവരുകയാണ്. ഇതുമൂലം ഏകദേശം 650 കോടി ഡോളറിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു.
ഈ ഭയാനതകള്‍ക്കൊപ്പം തന്നെ ഏഷ്യയില്‍ ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചൈനയടക്കമുള്ള തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളെ നിലനിര്‍ത്തുന്നത് തിബത്തില്‍ നിന്നും ഹിമാലയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന നദികളാണ്. എന്നാല്‍, ആഗോള ശരാശരിയുടെ ഇരട്ടി വേഗത്തിലാണ് പര്‍വതനിരകളിലെ ഹിമവാഹിനികള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. ഒരു കണക്കുപ്രകാരം 2050 ആവുന്നതോടെ ഇങ്ങനെ ശേഖരിക്കപ്പെട്ടതിലെ മൂന്നില്‍ ഒരുഭാഗം നഷ്ടമായിക്കഴിഞ്ഞിരിക്കും.
ഹിമാലയത്തിലെ മഞ്ഞുരുകല്‍ ത്വരിതപ്പെടുന്നതോടെ നദീപ്രവാഹത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയും 2008ല്‍ ബിഹാറിലെ കോസി നദിയിലും 2010ല്‍ സിന്ധുനദിയിലും സംഭവിച്ചതുപോലെ വേനല്‍ക്കാല പ്രളയത്തിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. മഞ്ഞുരുകല്‍ തുടരുകയാണെങ്കില്‍ ഒന്നു രണ്ട് ദശാബ്ദത്തിനകം തന്നെ ഏഷ്യയിലെ പല ജനനിബിഡ മേഖലകളും കടുത്ത ജലക്ഷാമത്തെ അഭിമുഖീകരിക്കേണ്ടിവരും. ലോകത്തെ നദികളിലെ കാല്‍ഭാഗവും കടലിലെത്തിച്ചേരുന്നതിനു മുമ്പുതന്നെ വരണ്ടുപോവും. ഇതിന്റെ പ്രത്യാഘാതം വളരെ വലുതാവും. ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുക ദരിദ്രരെയും സ്ത്രീകളെയുമായിരിക്കും. ഇവ ഏറ്റവുമധികം ബാധിക്കുക ഏഷ്യയെ ആയതുകൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രതിരോധപദ്ധതികള്‍ പ്രതീക്ഷിക്കേണ്ടതില്ല.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ആലോചനകളെല്ലാം ധാര്‍മിക-രാഷ്ട്രീയ മേഖലയില്‍ നടത്തുന്നത് ദോഷകരമായേക്കും. പല ആക്ടിവിസ്റ്റുകളും കാലാവസ്ഥാ വ്യതിയാനത്തെ ധാര്‍മിക പ്രശ്‌നമായാണു മനസ്സിലാക്കുന്നത്. ഇത് കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള സംഘടിത പ്രയത്‌നങ്ങളെ പരാജയപ്പെടുത്തുന്നു. ആഗോളാടിസ്ഥാനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി കൈകാര്യം ചെയ്യേണ്ടതാണീ വിഷയം. വ്യക്ത്യാധിഷ്ഠിതമായ പരിശ്രമങ്ങള്‍ അത്തരം സാധ്യതകള്‍ മുടക്കുന്നു.
ആഗോള താപനം എന്ന വിഷയം പൊതുസമൂഹത്തിന്റെ വിഷയമായി മനസ്സിലാക്കുന്നതില്‍ ഒരു ഗുണമുണ്ട്. സാമ്പത്തികശാസ്ത്രസംജ്ഞകള്‍ ഉപയോഗിച്ച് നമ്മെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉദ്യോഗവൃന്ദത്തെ ഇത് ചോദ്യംചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ എതിരാളികള്‍ക്ക് ഗുണം ചെയ്യുന്ന ‘മാന്യതയുടെ രാഷ്ട്രീയ’ത്തില്‍ ഇവ കുടുങ്ങിപ്പോവുന്നതും പ്രശ്‌നമാണ്. വ്യക്തിയുടെ അവബോധവുമായി ബന്ധപ്പെടുത്തി കാലാവസ്ഥാ രാഷ്ട്രീയത്തെ മനസ്സിലാക്കുമ്പോള്‍ വ്യക്തിപരമായ ജീവിതശൈലി നോക്കി അവരെ വിമര്‍ശിക്കാന്‍ ‘എതിരാളികള്‍’ക്കു കഴിയുന്നു. ഇങ്ങനെ നാം കാര്യങ്ങളെ മനസ്സിലാക്കുമ്പോള്‍ വ്യക്തിതലത്തില്‍ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമായി കാലാവസ്ഥാമാറ്റം മാറും. ഉദാഹരണത്തിന് നമ്മുടെ വീട്ടില്‍ എത്ര എല്‍ഇഡി ബള്‍ബുണ്ട് തുടങ്ങിയവയാവും ചോദ്യങ്ങള്‍.
അവസാനമായി കാര്‍ബണധിഷ്ഠിതമായ ഈ സാമ്പത്തികവ്യവസ്ഥയ്‌ക്കെതിരേ ആത്മാര്‍ഥതയുടെ രാഷ്ട്രീയംകൊണ്ടു മാത്രം പോരാടുക സാധ്യമല്ല. ഗാന്ധിയുടെ ഉദാഹരണത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും അതറിയാം. പാശ്ചാത്യ സാമ്പത്തികവ്യവസ്ഥ ഇന്ത്യയിലേക്കു കടക്കുന്നതിനെ ചെറുക്കാനായി ഗാന്ധി തന്റെ ശരീരവും ആത്മാവും സമര്‍പ്പിച്ചു. വ്യത്യസ്ത പാരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ആശയങ്ങള്‍ കടമെടുത്ത് നിരാകരണത്തിന്റെ ശക്തമായ ഒരു രാഷ്ട്രീയം തന്നെ അദ്ദേഹം അവതരിപ്പിച്ചു. എന്താണ് അദ്ദേഹം ത്യജിച്ചതെന്ന് ഒരു റിപോര്‍ട്ടര്‍ക്കും ചോദിക്കേണ്ടിവന്നില്ല. ത്യാഗം എന്ന ആശയംതന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയചര്യ. സദാചാരത്തിലധിഷ്ഠിതമായ ആത്മാര്‍ഥതയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഗാന്ധി.
ബ്രിട്ടിഷുകാരെ ഇന്ത്യയില്‍നിന്നു തുരത്തുന്നതില്‍ ഗാന്ധിക്ക് വിജയിക്കാനായെങ്കിലും ഇന്ത്യയെ തികച്ചും വ്യത്യസ്തമായ ഒരു വികസനപാതയിലൂടെ കൊണ്ടുപോവുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. കാര്‍ബണധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ കടന്നുവരവിനെ ചെറുതായി വൈകിപ്പിക്കാന്‍ അദ്ദേഹത്തിനായി എന്നു പറയാം. എന്നാല്‍, ആഗോള താപനത്തിനെതിരേ പോരാടാന്‍ അതു മതിയാവില്ല.
(അവസാനിച്ചു)

(ദ ഗ്രേറ്റ് ഡിറേഞ്ച്‌മെന്റ എന്ന കൃതിയില്‍നിന്നൊരു ഭാഗം.)
പരിഭാഷ: അബ്ദുല്‍ അഹദ് കെ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക