|    Oct 18 Wed, 2017 8:36 pm
FLASH NEWS

വികസന പ്രതീക്ഷയില്‍ മലയോരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

Published : 8th October 2016 | Posted By: Abbasali tf

മുക്കം: മുക്കം, കോടഞ്ചേരി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ജോര്‍ജ് എം തോമസ് എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ ആരോഗ്യ മന്ത്രി നല്‍കിയ മറുപടിയാണ് പ്രതീക്ഷ നല്‍കുന്നത്. രണ്ട് സിഎച്ച്‌സികളുടേയും നിലവാരമുയര്‍ത്തണമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഗ്‌നി രക്ഷാ സംവിധാനമുള്‍പ്പെടെയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുക, അത്യാഹിത വിഭാഗം, ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിക്കുക, ഗൈനക്കോളജി വിഭാഗം ആരംഭിക്കുക തുടങ്ങിയവയാണ് മുക്കം സിഎച്ച്‌സിയുടെ സമഗ്ര വികസനത്തിന് ആവശ്യമുളളതെന്ന് മന്ത്രി പറഞ്ഞു. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കുന്നതിനുളള ശുപാര്‍ശ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിക്കുന്ന മുറക്ക് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ കോടഞ്ചേരി സിഎച്ച്‌സിയുടെ കാര്യവും പ്രതീക്ഷ നല്‍കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സിഎച്ച്‌സിയായി ഉയര്‍ത്തിയ കോടഞ്ചേരിയില്‍ ആവശ്യമായ ബെഡ് സൗകര്യവും ജീവനക്കാരുടെ തസ്തികകളും ഇല്ലാത്തതിനാല്‍ കിടത്തി ചികില്‍സ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ അത്യാവശ്യം വേണ്ട തസ്തികകളുടെ വിവരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചാല്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതോടെ മലയോര മേഖലയിലെ മൂന്നു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടെണ്ണം വികസന പ്രതീക്ഷയില്‍ തന്നെയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക