|    Nov 20 Tue, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വികസന കാഴ്ചപ്പാടുകള്‍ മാറണം: വി എസ് അച്യുതാനന്ദന്‍

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വികസന കാഴ്ചപ്പാടുകള്‍ മാറണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. നമ്മുടെ നയരൂപീകരണ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാവണം. വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുതെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വി എസ് പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിലും കാണിക്കണം.
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണം കനത്ത മഴയാണ്. പക്ഷേ, ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. അനധികൃത ഖനനവും മണ്ണിടിച്ചിലും ദുരന്തത്തിന്റെ ആഘാതം കൂട്ടി. പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതുസര്‍ക്കാരിന്റെ മുദ്രാവാക്യം. എന്നാല്‍ ഇത് ചിലര്‍ക്കു മുന്നില്‍ മാത്രം വഴിമാറുന്നുണ്ട്. കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റര്‍ പ്ലാനിന്റെയും അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗത ലക്ഷ്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കരുത്. വിഴിഞ്ഞം അടക്കം മഹാവികസനങ്ങള്‍ ഏതെല്ലാം ദുരന്തങ്ങള്‍ക്കു കാരണമാവുമെന്ന് വിലയിരുത്തണം. ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കുന്നതാണ് നല്ലത്.
സംസ്ഥാനത്തെ വന്‍കിട കൈയേറ്റങ്ങളും അനധികൃത ഭൂവിനിയോഗങ്ങളും അംഗീകരിക്കാനാവില്ല. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിക്കണം. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ആ പ്രക്രിയ ഇടയ്ക്കു വച്ച് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പുനപ്പരിശോധിക്കണം. നവകേരള സൃഷ്ടിക്കായി നമുക്ക് ആദ്യം വേണ്ടത് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാനാണ്. ഗാഡ്ഗില്‍ റിപോര്‍ട്ടിനെ ശാസ്ത്രീയമായി സംസ്ഥാനം പരിഗണിച്ചില്ല. അതിനെ രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചതെന്നും വി എസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss