|    Jan 16 Mon, 2017 10:46 pm
FLASH NEWS

വികസനോന്മുഖ രാഷ്ട്രീയത്തിന്കോന്നിയില്‍ മഹിളകളുടെ അങ്കം

Published : 25th October 2015 | Posted By: SMR

കോന്നി: നിലവിലുള്ള ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷന്‍ ഹരിദാസ് ഇടത്തിട്ട പ്രതിനിധാനം ചെയ്യുന്ന മണ്ഡലമെന്ന നിലയില്‍ കോന്നിയിലെ പോരാട്ടത്തിനു പ്രത്യേകതകളേറെയാണ്. മന്ത്രി അടൂര്‍ പ്രകാശിന്റെ തട്ടകത്തിലെ മല്‍സരം കൂടിയാണിത്. എല്‍ഡിഎഫിനെ സംബന്ധിച്ച് അവരുടെ പഴയകാല കോട്ട സ്ഥിരമായി കൈവിട്ടുപോവാതിരിക്കാനുള്ള ശ്രമം കൂടിയാണിത്. മണ്ഡലം വനിതാ സംവരണമായതോടെ മണ്ഡലത്തിന്റെ പ്രതിനിധി ഹരിദാസ് ഇടത്തിട്ട മല്‍സരരംഗത്തുനിന്നു മാറി. രണ്ടാമതൊരങ്കത്തിന് അദ്ദേഹത്തിന് അവസരം നഷ്ടപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്തിലേക്കു നവാഗതയായ ബിനിലാലിനെ രംഗത്തിറക്കി പോരാടുകയാണ് യുഡിഎഫ്. കോന്നിയുടെ തട്ടകത്തില്‍ 2005ല്‍ വെന്നിക്കൊടി പാറിച്ച എം പി മണിയമ്മയെ വീണ്ടും രംഗത്തിറക്കി അഭിമാന പോരാട്ടത്തിലാണ് എല്‍ഡിഎഫ്. ശ്രീദേവി പുഷ്പനാണ് ബിജെപി സ്ഥാനാര്‍ഥി.
ചരിത്രം
മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കോന്നി ജില്ലാ പഞ്ചായത്ത് മണ്ഡലത്തിനു മഹിളകളുടെ പോരിനു പുത്തരിയില്ല. 1995ലും 2000ലും കോണ്‍ഗ്രസ്സിലെ മാത്യു കുളത്തുങ്കല്‍ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ 2005ലാണ് ്ആദ്യമായി വനിതാപോരാട്ടം നടന്നത്. അന്ന് മണിയമ്മ വിജയിച്ചു. യുഡിഎഫിലെ ശോഭന സദാനന്ദനായിരുന്നു എതിരാളി. കഴിഞ്ഞതവണ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 75 വോട്ടുകള്‍ക്കാണ് ഹരിദാസ് ഇടത്തിട്ട വിജയിച്ചത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിന് മുമ്പ് ജില്ലാ കൗണ്‍സില്‍ ഡിവിഷനായിരുന്നു കോന്നിയെ സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി കെ സാലിയാണ് പ്രതിനിധീകരിച്ചത്. ഇത്തവണ പോരാട്ടത്തിനു വീര്യമേറും. വികസന വിഷയങ്ങള്‍തന്നെ പ്രധാന പ്രചാരണായുധം. മന്ത്രി അടൂര്‍ പ്രകാശ് തന്നെ പ്രചാരണത്തിനു നേതൃത്വം നല്‍കുമ്പോള്‍ മണ്ഡലത്തിലാകമാനം തന്റെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ എന്ന നിലയില്‍ അംഗീകാരം തേടുകയാണ് അദ്ദേഹം. അടുത്ത മേയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് പോരാട്ടം സെമിഫൈനലായി കണ്ടുതന്നെയാണ് അടൂര്‍ പ്രകാശിന്റെ പ്രചാരണം. ജില്ലാ പഞ്ചായത്ത് മണ്ഡല പരിധിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ടയും യുഡിഎഫിനുവേണ്ടി രംഗത്തുണ്ട്.
ഇതോടെ യുഡിഎഫിന് കോന്നിയിലെ വിജയം പ്രസ്റ്റീജായി മാറുന്നു. മറുപക്ഷത്ത് യുഡിഎഫിനെ മുട്ടുകുത്തിക്കാന്‍ ലഭിച്ച അവസരമായി കാണുന്നു. സംസ്ഥാന നേതാക്കളെയടക്കം രംഗത്തിറക്കി പോരാടാനാണ് അവരുടെ തീരുമാനം. കോണ്‍ഗ്രസ്സിനുള്ളിലെ പടല പിണക്കവും യുഡിഎഫിലെ പ്രശ്‌നങ്ങളും മുതലെടുക്കാമെന്ന ആത്മവിശ്വാസവും കഴിഞ്ഞതവണത്തെ നേരിയ ഭൂരിപക്ഷം മറികടക്കാമെന്ന ചിന്തയുമാണ് എല്‍ഡിഎഫിലുള്ളത്. ശക്തമായ പോരാട്ടത്തിനുറച്ചാണ് ബിജെപിയും രംഗത്തുള്ളത്
ബിനിലാല്‍ (യുഡിഎഫ്)
ജനപ്രതിനിധിയായും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ശോഭിച്ച വ്യക്തിത്വമാണ് ബിനിലാല്‍. നിലവില്‍ കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗം.
പാര്‍ട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി, ക്ഷീരശ്രീ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, മഹിളാ കോണ്‍ഗ്രസ് നേതാവ്, അഖിലകേരള ജ്യോതിഷ മണ്ഡലം ജില്ലാ ജോയിന്റ് സെക്രട്ടറി, വാസ്തുവിദ്യാ ഗുരുകുലം കൗണ്‍സില്‍ അംഗം, എസ്എന്‍ഡിപി യോഗം ഗുരുകുലം കുടുംബയോഗം കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. അതിരുങ്കല്‍ ഭാനുവിലാസത്തില്‍ പി കെ സന്തോഷ് ലാലിന്റെ ഭാര്യയാണ് 49കാരിയായ ബിനിലാല്‍. മക്കള്‍: ദേവിക ലാല്‍, ലക്ഷ്മിക ലാല്‍.
എ പി മണിയമ്മ
(എല്‍ഡിഎഫ്)
രണ്ടു പതിറ്റാണ്ടിലേറെയായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. കലഞ്ഞൂര്‍ ചന്ദ്രത്തില്‍വീട്ടില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യയായ എം പി മണിയമ്മ (56). 2005-10 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ കോന്നി മണ്ഡലം കമ്മിറ്റിയംഗം, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കലഞ്ഞൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.
കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്തു വന്നു. മക്കള്‍: സൂരജ്, സുധീഷ്.
ശ്രീദേവി പുഷ്പന്‍
(ബിജെപി)
പാടം ആര്യാ ഭവനത്തില്‍ പുഷ്പന്റെ ഭാര്യ ശ്രീദേവിക്ക് ഇത് കന്നിയങ്കമാണ്. ചെറുപ്പകാലം മുതല്‍ സഹോദരന്മാര്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുകയാണ് 35 കാരിയായ ശ്രീദേവി പുഷ്പന്‍. മക്കള്‍: ആര്യ, അപര്‍ണ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക