|    Nov 18 Sun, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വികസനപ്രക്രിയയില്‍ തുല്യവിഭവ വിതരണം വേണം: മുഖ്യമന്ത്രി

Published : 18th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ സംസ്ഥാനങ്ങള്‍ക്കു തുല്യ വിഭവവിതരണം അനുവദിച്ചാല്‍ മാത്രമേ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാവുകയുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീതി ആയോഗിന്റെ നാലാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുവര്‍ഷം മുമ്പ് നിലവില്‍ വന്ന നീതി ആയോഗിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുടെ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണം. ആഗോള സമ്പദ്‌വ്യവസ്ഥയിലും വ്യാപാരരംഗത്തും സമൂല മാറ്റം വന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ ചേരുന്ന നീതി ആയോഗ് യോഗത്തിന് എന്തുകൊണ്ടും പ്രസക്തിയുണ്ട്. കേരളത്തിന്റെ വികസനരംഗത്ത് പുത്തന്‍ അധ്യായം രചിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 13ാം പഞ്ചവല്‍സര പദ്ധതി രണ്ടാംവര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്.  കാര്‍ഷിക വ്യാവസായിക മേഖലകളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക, തൊഴിലവസരം വര്‍ധിപ്പിക്കുക, നൈപുണി വികസനം, സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള നയപരിപാടികള്‍, സാമൂഹിക സുരക്ഷ തുടങ്ങിയവയും ഇതില്‍പ്പെടുന്നു. സുസ്ഥിര വികസനവും ജനകീയ പങ്കാളിത്തവും ചേര്‍ത്തുകൊണ്ട് നാല് മിഷനുകളിലൂടെ നവകേരളം കെട്ടിപ്പടുക്കുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത ഐക്യം രൂപപ്പെടുന്നതിനിടെയാണ് നാലാമത് നീതി ആയോഗ് ഭരണസമിതി യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരേ തുടരുന്ന സമരത്തിന് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിന്തുണയറിയിച്ചതിന് പിറകെയാണ് രാഷ്ട്രപതി ഭവനില്‍ നാലാമത് നീതി ആയോഗ് ഭരണസമിതി യോഗം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പങ്കെടുത്തു.
യോഗത്തില്‍ ഡല്‍ഹി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ പങ്കെടുത്തില്ല. നേരത്തേ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ യോഗത്തില്‍ എങ്ങനെ പങ്കെടുപ്പിക്കാന്‍ പറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിക്കല്ലേ അതിനുള്ള അധികാരമെന്നും അദ്ദേഹം ചോദിച്ചു. ഇതിനുള്ള മറുപടിയായി യോഗത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുക്കുന്നില്ലെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് പ്രതികരിച്ചു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികളടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. വികസന പദ്ധതിയായ ന്യൂ ഇന്ത്യ 2022 സംബന്ധിച്ചും നീതി ആയോഗ് ഭരണസമിതി യോഗം ചര്‍ച്ചചെയ്തതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആയുഷ്മാന്‍ ഭാരത്, പോഷണ്‍ അഭിയാന്‍ തുടങ്ങിയ പദ്ധതികളിലെ പുരോഗതിയും യോഗം വിലയിരുത്തി.ആന്ധ്രപ്ര—ദേശിന് പ്രത്യേക സംസ്ഥാനപദവി അനുവദിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നീതി ആയോഗ് യോഗത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss