|    Oct 18 Wed, 2017 3:56 am
FLASH NEWS

വികസനത്തിന് തുരങ്കംവയ്ക്കാന്‍അനുവദിക്കില്ല: കലക്ടര്‍

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവയ്ക്കുന്ന സാങ്കേതിക തടസ്സവാദങ്ങള്‍ അനുവദിക്കില്ലെന്നു ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംപിഎല്‍എഡിഎസ് റിവ്യൂ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എംപിമാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതായുള്ള പരാതികള്‍ ഏറിവരുന്നു. ജനപ്രതിനിധികള്‍ നാടിന്റെ വികസനത്തിനു വേണ്ടിയാണു പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടുവരുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണം. സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. നാട്ടുകാര്‍ക്ക് ഉപയുക്തമാവുന്ന പദ്ധതികള്‍ ജനപ്രതിനിധികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് സ്വന്തമെന്നു കരുതി ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം ഉദ്യോഗസ്ഥതലത്തില്‍ നിന്ന് ഉണ്ടാവണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ശശി തരൂര്‍ എംപിയുടെ പ്രതിനിധിയായി എത്തിയ ഷിബു യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കണം. പദ്ധതികളുടെ ഓഡിറ്റ് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ് ഓഫിസര്‍ വി എസ് ബിജുവിന്റെ നേതൃത്വത്തില്‍ മൊത്തം 202 പദ്ധതികള്‍ യോഗത്തില്‍ വിശകലനം ചെയ്തു. ശശി തരൂര്‍, എ കെ ആന്റണി, സി പി നാരായണന്‍ എന്നീ എംപിമാരുടെയും മുന്‍ എംപി ടി എന്‍ സീമയുടെയും പദ്ധതികളാണു യോഗത്തില്‍ അനന്തര നടപടികളുടെ പരിശോധനക്ക്‌വിധേയമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക