|    Apr 20 Fri, 2018 10:48 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വികസനത്തിനു വികലമായ അജണ്ട

Published : 6th October 2015 | Posted By: RKN

കല്‍പ്പവൃക്ഷത്തണലില്‍/ അശീഷ് കോത്താരി
നിലനിര്‍ത്താനാവുന്ന വികസനപ്രക്രിയയുടെ അജണ്ട അംഗീകരിക്കാനായി കഴിഞ്ഞ ദിവസമാണ് ലോകനേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ വേദിയില്‍ സമ്മേളിച്ചത്. കേള്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകമായ കാര്യമായാണ് അത് അനുഭവപ്പെടുക. പ്രകൃതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള വികസന പരിപ്രേക്ഷ്യം അവസാനം ലോകാംഗീകാരം നേടുകയാണെന്ന പ്രതീതിയാണ് അത് ഉല്‍പാദിപ്പിക്കുന്നത്. അതേസമയം, ലോകമെങ്ങും കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് കഴിഞ്ഞുകൂടുന്നതെന്ന വസ്തുത വേറെ. എന്നാല്‍, യു.എന്‍. അവതരിപ്പിച്ച പുതിയ പരിപ്രേക്ഷ്യം ലോകത്തിനു സന്തോഷിക്കാന്‍ വക നല്‍കുന്നതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

യു.എന്‍. സമ്മേളനവേദിയില്‍ അവതരിപ്പിച്ച ‘ലോകത്തെ മാറ്റിമറിക്കല്‍: നിലനില്‍ക്കുന്ന വികസനത്തിന് 2030 അജണ്ട’ എന്ന രേഖ നിരവധി മാസങ്ങള്‍ വിവിധ രാജ്യങ്ങളിലെ വിദഗ്ധരും സംഘടനകളും നടത്തിയ ചര്‍ച്ചയുടെ ഫലമായി തയ്യാറാക്കിയതാണ്. ജനങ്ങളുമായി പല തലങ്ങളിലുള്ള സംവാദങ്ങളും ഇതിന്റെ ഭാഗമായി നടക്കുകയുണ്ടായി. 2030നകം പൂര്‍ത്തീകരിക്കുന്നതിനായി 17 ലക്ഷ്യങ്ങളും 169 ഉദ്ദേശ്യങ്ങളുമാണ് അതു മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗവിവേചനം, ജലം, ശുചിത്വം, ഇന്ധനം, സാമ്പത്തിക വളര്‍ച്ച, അസമത്വം, അടിസ്ഥാന സൗകര്യങ്ങള്‍,

ഉല്‍പ്പാദനവും ഉപഭോഗവും, ജനവാസപ്രദേശങ്ങള്‍, പ്രകൃതിയും പ്രകൃതിവിഭവങ്ങളും, കാലാവസ്ഥ എന്നിങ്ങനെ നാനാമുഖമായ പ്രശ്‌നങ്ങളെ അത് അഭിസംബോധന ചെയ്യുന്നുണ്ട്. 2000-2015 കാലത്ത് യു.എന്‍. നടപ്പാക്കിയ മില്ലേനിയം വികസനലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും വളരെയേറെ മെച്ചപ്പെട്ട ഒരു രേഖയാണ് ഇപ്പോള്‍ ലോകം അംഗീകരിച്ചിരിക്കുന്നത്. വികസനം ലോകത്തിനു താങ്ങാവുന്നതാവണമെന്ന കാഴ്ചപ്പാട് ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്. മാത്രമല്ല, ലിംഗപരമായ വിവേചനങ്ങളും അസമത്വത്തിന്റെ പ്രശ്‌നങ്ങളും ശക്തമായി ഈ രേഖ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. രേഖയുടെ മുഖവും ഇങ്ങനെ പറയുന്നു: ”മനുഷ്യാവകാശങ്ങളും മാനവികമായ അന്തസ്സും പ്രധാനമായി കാണുന്ന ഒരു ലോകമാണ് നാം വിഭാവന ചെയ്യുന്നത്.

നിയമവാഴ്ചയും നീതിയും തുല്യതയും അവസരസമത്വവും അതിന്റെ നിര്‍ണായക ഘടകങ്ങളായി വര്‍ത്തിക്കണം. ഭാവിലോകത്ത് ഉല്‍പ്പാദനവും ഉപഭോഗവും പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും പ്രകൃതിക്ക് താങ്ങാവുന്ന വിധത്തില്‍ ക്രമപ്പെടുത്തണം. പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന മാനവലോകം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വന്യമൃഗങ്ങളും മറ്റു ജീവജാലങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു ലോകമാണ് നാം മുന്നില്‍ കാണുന്നത്.” എന്നാല്‍, ഈ പുതിയ ലക്ഷ്യങ്ങള്‍ (സസ്റ്റൈനബ്ള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് (എസ്.ഡി.ജി.) എന്നാണ് ഇവ അറിയപ്പെടുന്നത്) ലോകത്തെ പാരിസ്ഥിതികമായ ഒരു സന്തുലനാവസ്ഥയില്‍ എത്തിക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.

അതേപോലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിലും അസമത്വം അവസാനിപ്പിക്കുന്നതിലും അതു വിജയിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. അതിനു പ്രധാന കാരണം, ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രായോഗിക മാര്‍ഗമായി രേഖ ചൂണ്ടിക്കാണിക്കുന്നത് സാമ്പത്തിക വികസനം എന്ന വഴി മാത്രമാണെന്നതാണ്. വികസനത്തിന്റെ പേരില്‍ ഇന്നു ലോകത്തു നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകൃതിക്കു താങ്ങാവുന്നതിലും അപ്പുറത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു.  ഇനി സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നിയുള്ള വികസനലക്ഷ്യങ്ങള്‍ പ്രായോഗികമല്ല. സാമ്പത്തിക വളര്‍ച്ചയെ പ്രകൃതിയുടെ നാശത്തില്‍ നിന്നു വ്യതിരിക്തമാക്കി മാറ്റുമെന്ന ലക്ഷ്യം രേഖ ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍, അത്തരമൊരു വികസന സമീപനം ലോകത്ത് എവിടെയും സംഭവിച്ചതായി ഇതുവരെ തെളിവൊന്നുമില്ല. ഇന്ധനത്തിന്റെയോ ഉപഭോഗ വസ്തുക്കളുടെയോ കാര്യത്തില്‍ പ്രകൃതിചൂഷണം ഒഴിവാക്കാവുന്ന സാങ്കേതികവിദ്യകള്‍ ഉണ്ടായിട്ടുപോലും, അത്തരമൊരു നീക്കവും പ്രായോഗികതലത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. നിലനില്‍ക്കുന്ന വികസനം ഇന്നും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. മറ്റൊരു പ്രധാന പ്രശ്‌നം, ദാരിദ്ര്യം തുടച്ചുനീക്കുന്നതില്‍ പറയത്തക്ക നേട്ടമൊന്നും ഇതുവരെയും ലോകം ഉണ്ടാക്കിയിട്ടില്ലെന്ന വസ്തുതയാണ്.

നോം ചോംസ്‌കിയും നവോമി ക്ലെയ്‌നും മറ്റ് ആയിരം ചിന്തകരും ഒപ്പിട്ട ഒരു നിവേദനത്തില്‍ പറയുന്നത് 200 കോടി ജനങ്ങളെയെങ്കിലും ദാരിദ്ര്യത്തില്‍ നിന്നു രക്ഷിക്കാന്‍ ഇന്നത്തെ രീതിയില്‍ നോക്കിയാല്‍ ചുരുങ്ങിയത് 100 കൊല്ലം വേണ്ടിവരുമെന്നാണ്! അതിനു ലോക സമ്പദ്ഘടനയില്‍ 12 ഇരട്ടി വര്‍ധനവു വേണ്ടിവരുകയും ചെയ്യും. അതിനു നല്‍കേണ്ടിവരുന്ന പാരിസ്ഥിതികമായ വില അതിബൃഹത്തായതായിരിക്കുകയും ചെയ്യും. ലോകം ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു രക്ഷ നേടണമെങ്കില്‍ വിഭവങ്ങളുടെയും സമ്പത്തിന്റെയും രാഷ്ട്രീയശക്തിയുടെയും പുതിയ ഒരു പുനര്‍വിഭജനമാണ് അനിവാര്യമായിരിക്കുന്നത്. ഭൂമിയിലെ സമ്പത്തിന്റെ പകുതിയും ജനസംഖ്യയില്‍ ഒരു ശതമാനം കൈയടക്കിവയ്ക്കുന്ന അവസ്ഥ മാറണം. ഇത്തരത്തിലുള്ള അസമത്വം ലോകത്തിനു താങ്ങാവുന്നതിലും അപ്പുറമാണെന്നു നാം തിരിച്ചറിയണം.  എന്നാല്‍, യു.എന്‍. രേഖ ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുടെ നേരെ കണ്ണടയ്ക്കുകയാണ്.

അസമത്വം തടയാന്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 40 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് മറ്റുള്ളവരുടേതിനേക്കാള്‍ ത്വരിതമാക്കണമെന്നു മാത്രമാണ് രേഖ പറയുന്നത്. അതിധനവാന്മാരുടെ സമ്പത്ത് പുനര്‍വിതരണം ചെയ്യുന്ന പ്രശ്‌നത്തെക്കുറിച്ച് അതു തീര്‍ത്തും മൗനം അവലംബിക്കുകയാണ്. അതേപോലെ അതിസമ്പന്ന വിഭാഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന അമിതവിസര്‍ജ്യങ്ങളുടെ പ്രശ്‌നവും അതു പരിഗണിക്കുന്നില്ല.  ഭരണസംവിധാനം കൂടുതല്‍ ജനകീയവും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതും ആക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു രേഖ സ്വാഗതാര്‍ഹമായ ചില പ്രസ്താവനകള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഭരണം ജനങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന പുതിയൊരു കാഴ്ചപ്പാടിനെ സംബന്ധിച്ചു രേഖ മൗനമവലംബിക്കുകയാണ്. ഉല്‍പ്പാദനോപകരണങ്ങളും ഉല്‍പ്പാദനവ്യവസ്ഥയും ഭരണകൂടവും സ്വകാര്യമേഖലയും ചേര്‍ന്നു നിയന്ത്രിക്കുന്നത് തുടരും. കാരണം, അതു തൊഴിലാളികള്‍ക്കോ ജനങ്ങള്‍ക്കോ കൈമാറുന്ന വിഷയം പോലും രേഖ ചര്‍ച്ചാവിഷയമാക്കുന്നില്ല.

ഐക്യരാഷ്ട്ര സംവിധാനം ഉടച്ചുവാര്‍ക്കുന്ന പ്രശ്‌നവും ഈ രേഖയുടെ പരിഗണനയിലില്ല. ഇന്നത്തെ യു.എന്‍. വ്യവസ്ഥ വന്‍ശക്തികള്‍ക്കും ദേശരാഷ്ട്രഭരണകൂടങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. സാധാരണ ജനങ്ങള്‍ക്കോ ആദിവാസി സമൂഹങ്ങള്‍ക്കോ ഭരണകൂട വ്യവസ്ഥയുടെ പുറത്തുനില്‍ക്കുന്നവര്‍ക്കോ അതിലൊരു പങ്കാളിത്തവും ലഭിക്കുന്നില്ല. പറഞ്ഞു പഴകിയ സാമ്പത്തിക വളര്‍ച്ചയുടെയും മുതലാളിത്ത വികസന സമ്പ്രദായത്തിന്റെയും ലക്ഷ്യങ്ങള്‍ക്കു പകരം യു.എന്‍. പുതിയൊരു ലോകക്രമത്തെക്കുറിച്ചാണ് യഥാര്‍ഥത്തില്‍ പരിചിന്തനം നടത്തേണ്ടിയിരുന്നത്. ജി.ഡി.പി. വളര്‍ച്ച എന്ന രീതിയില്‍ നിന്നു മാറി സമൂഹക്ഷേമം എന്ന പുതിയൊരു സമീപനമാണ് സ്വീകരിക്കേണ്ടത്.  ലാറ്റിനമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും വിവിധ സമൂഹങ്ങളില്‍ നടക്കുന്ന പുതിയ പരീക്ഷണങ്ങള്‍ ഇത്തരമൊരു നവീന പരിപ്രേക്ഷ്യം പ്രായോഗികമാണെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഗ്രീക്ക് പ്രതിസന്ധിയില്‍ ആ സമൂഹം തകരാതെ നിലനില്‍ക്കുന്നത് ഇത്തരത്തിലുള്ള പുതിയ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ നയങ്ങളുടെ ഫലമായാണ്. മെക്‌സിക്കോയില്‍ സപാടിസ്റ്റ പ്രസ്ഥാനം ഇങ്ങനെ സമൂഹങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന രീതിക്ക് ഉദാഹരണമാണ്. ഇത്തരത്തിലുള്ള പുതിയ സാമൂഹിക സഹകരണത്തിന്റെ ഉദാഹരണങ്ങള്‍ ഇന്നു ലോകമെമ്പാടും ലഭ്യമാണ്. മാര്‍പാപ്പയും ഇസ്‌ലാമിക സമൂഹത്തിലെ ഒരു വലിയ വിഭാഗം പണ്ഡിതന്‍മാരും ഈയിടെ പ്രകൃതിക്കും സമത്വത്തിനും നീതിക്കും ഊന്നല്‍ നല്‍കുന്ന പുതിയൊരു ആഗോള പരിപ്രേക്ഷ്യത്തിനു വേണ്ടി തങ്ങളുടെ ശബ്ദം ഉയര്‍ത്തുകയുണ്ടായി. എന്നാല്‍, അത്തരം ശബ്ദങ്ങളൊന്നും 2030ന്റെ ലോകം സംബന്ധിച്ച ഐക്യരാഷ്ട്ര പ്രസ്താവനയില്‍ വേണ്ടവിധം പ്രതിധ്വനിക്കുന്നതായി കാണുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss