|    Jan 19 Thu, 2017 2:22 pm
FLASH NEWS

വികസനജ്വരവും ജൈവവൈവിധ്യനാശവും

Published : 17th July 2016 | Posted By: SMR

slug-enikku-thonnunnathuആദി, റിയാദ്

‘മൂലധനം’ എന്ന ഗ്രന്ഥത്തില്‍ കാറല്‍ മാര്‍ക്‌സ് എഴുതി: ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവരും കൂടിയാലും അവര്‍ ഭൂമിയുടെ ഉടമകളാവുന്നതല്ല. അവര്‍ താല്‍ക്കാലിക ഗുണഭോക്താക്കള്‍ മാത്രമായിരിക്കും. മാര്‍ക്‌സ് ഇങ്ങനെ എഴുതിയെങ്കിലും പ്രകൃതിവിഭവങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ചുതീര്‍ക്കാനുള്ളതാണെന്ന മുതലാളിത്ത വികസന പരിപ്രേക്ഷ്യങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വക്താക്കളും പിന്തുടരുന്നതെന്നു തോന്നുന്നു. പ്രകൃതിവിഭവങ്ങളെ അവയുടെ ഉപയോഗമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാതെ, മൊത്തം ചരക്കുകളായി മാറ്റുന്ന പ്രക്രിയയില്‍ ജലം, ജൈവസമ്പത്ത്, വനം, ധാതുക്കള്‍, ഇന്ധനങ്ങള്‍ എന്നിവ പുനരുല്‍പാദനം സാധ്യമല്ലാത്ത രീതിയില്‍ ഒടുങ്ങിക്കൊണ്ടിരിക്കുകയാണ്.
ജനങ്ങളെ ഭാഗികമായി വിശ്വസിപ്പിച്ച്, ജനസമ്മതി നേടിയെടുക്കുന്ന രീതിയിലാണ് ഇന്ന് ലാഭപ്രചോദിതമായ ജലവൈദ്യുതപദ്ധതികള്‍ക്ക് ഇടതു മുന്നണികള്‍പോലും തുനിഞ്ഞിറങ്ങുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആതിരപ്പിള്ളിയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍. ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി സംഭവിച്ചേക്കാവുന്ന ജൈവവൈവിധ്യനാശം മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചുകൊണ്ട് എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് ഇടതുസര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പരിണത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുക യഥാര്‍ഥത്തില്‍ ആരൊക്കെയാണ്?
രണ്ടുവട്ടം ആതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതികാനുമതി ഹൈക്കോടതി റദ്ദാക്കിയതാണ്. എനര്‍ജി മാനേജ്‌മെന്റ് സെന്ററും വൈദ്യുതി ബോര്‍ഡും കണ്ടെത്തിയ 150ഓളം ചെറുകിടപദ്ധതികള്‍ നടപ്പാക്കാതെയാണ് ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നതെന്ന് ഓര്‍ക്കണം. ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ള 55 പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുക 95.90 മെഗാവാട്ട് വൈദ്യുതിയാണ്. ആതിരപ്പിള്ളിയുമായി താരതമ്യം ചെയ്യുമ്പോള്‍ 60 മെഗാവാട്ടിന്റെ കുറവേയുള്ളൂ. ഈ കുറവ് നികത്താനാണ് മേഖലയിലെ പ്രകൃതിസ്രോതസ്സിനെ എന്നെന്നേക്കുമായി കൊല്ലാന്‍ തീരുമാനിക്കുന്നത്.
ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പായാല്‍ നഷ്ടമാവാന്‍ പോവുന്നത് അമൂല്യമായ ജൈവവൈവിധ്യ സ്രോതസ്സുകളാണ്. കേരളത്തില്‍ കാണുന്ന 486 തരം പക്ഷികളില്‍ 234 തരം പക്ഷികളും ആതിരപ്പിള്ളിയിലും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലുമാണ് അധിവസിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ ആവാസവ്യവസ്ഥ ഇതോടെ ഇല്ലാതാവും. കാംബ്രിജിലെ അന്താരാഷ്ട്ര പക്ഷിജീവന്‍ സംഘടന അപൂര്‍വ പക്ഷിസങ്കേതമായി വിലയിരുത്തിയിട്ടുള്ള ആതിരപ്പിള്ളി 169 തരം ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ്. ചാലക്കുടിപ്പുഴയിലാവട്ടെ 104 മല്‍സ്യ ഇനങ്ങളുണ്ട്. ലോകത്ത് വംശനാശഭീഷണി നേരിടുന്ന 15 ഇനം മല്‍സ്യങ്ങളുടെയും ആവാസമേഖല ആതിരപ്പിള്ളി-വാഴച്ചാല്‍ പ്രദേശങ്ങളിലെ നദികളാണ്. വെള്ളിവാള, കല്‍നക്കി, കല്ലേമുട്ടി, ആറ്റുണ്ട, ഞെഴു, കൊയ്മ, നീലക്കൂരി, വെള്ളിച്ചി എന്നീ മല്‍സ്യങ്ങള്‍ ഇന്ന് ഭൂമുഖത്ത് അവശേഷിക്കുന്നത് ചാലക്കുടിപ്പുഴയിലാണ്. കേരളത്തില്‍ അനവധി നദികളുണ്ടായിരുന്നിട്ടും ഇവ ചാലക്കുടിപ്പുഴയില്‍ മാത്രമായി ശേഷിക്കുന്നത് ആവാസവ്യവസ്ഥയുമായി ഈ മേഖലയ്ക്കുള്ള നിഷേധിക്കാനാവാത്ത പൊരുത്തംമൂലമാണെന്നു പറയേണ്ടതില്ലല്ലോ. അപൂര്‍വയിനം ഉരഗങ്ങളുടെയും പക്ഷികളുടെയും മല്‍സ്യങ്ങളുടെയും പ്രജനനവും നിലനില്‍പ്പും തകരാറിലാവും. 140 ഹെക്റ്റര്‍ വനഭൂമി ഇല്ലാതാവും. പറമ്പിക്കുളത്തുനിന്നു പൂയംകൂട്ടിയിലേക്ക് ആനകള്‍ സഞ്ചരിക്കുന്ന പാത ഇല്ലാതാവുക മൂലം പ്രദേശത്തെ പ്രധാനമായ ആനത്താരകള്‍ മുഴുവനും അപ്രത്യക്ഷമാവും. കേരള വനഗവേഷണകേന്ദ്രം, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, നേച്വര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ ഇതേക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക