|    Apr 21 Sat, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വികസനക്കരുത്തില്‍ ചരിത്രവിജയം തേടി പ്രഫ. അനസിന്റെ തേരോട്ടം

Published : 2nd November 2015 | Posted By: swapna en

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: ഭരണാധികാരികളുടെ നീതിനിഷേധത്തിനെതിരേ ജനങ്ങള്‍ നല്‍കിയ ചരിത്രവിജയം ആവര്‍ത്തിക്കാന്‍ തന്നെയാണ് ഇത്തവണയും പ്രഫ. അനസിന്റെ തേരോട്ടം. എറണാകുളം ജില്ലയിലെ കീഴ്മാട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന അനസ് ഇതിനകം തന്നെ പ്രചാരണരംഗത്ത് മുന്നണികളെ പിറകിലാക്കി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. കഴിഞ്ഞ തവണ പ്രചാരണത്തിനിറങ്ങാതെയാണ് അനസ് വിജയം നേടിയത്. പ്രവാചകനെ നിന്ദിച്ച കേസില്‍ പ്രതിയായ മൂവാറ്റുപുഴയിലെ അധ്യാപകനെ ആക്രമിച്ച കേസില്‍ അനസിനെ പോലിസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു.

തുടര്‍ന്ന് അധ്യാപകജോലി നഷ്ടമായി. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ജയിലില്‍ക്കിടന്ന് അനസ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. ഒരു ദിവസംപോലും പ്രചാരണത്തിനിറങ്ങാന്‍ അനസിനെ ജയിലധികൃതരും പോലിസും അനുവദിച്ചില്ല. എന്നാല്‍, പോലിസിന്റെയും ഭരണാധികാരികളുടെയും നീതിനിഷേധത്തെ സമ്മതിദായകര്‍ തന്നെ ചോദ്യംചെയ്തതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തള്ളി അനസ് വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

അനസിനു ജാമ്യം അനുവദിച്ച കോടതി പിന്നീട് ഈ കേസില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന അനസ് അഞ്ചുവര്‍ഷം കൊണ്ട് വഞ്ചിനാട് ഡിവിഷനില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. കാലങ്ങളായി മുന്നണി നേതൃത്വങ്ങളൊന്നും ഇടപെടാതിരുന്ന ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പരിഹരിച്ചു. ഒരുകോടി 4.67 ലക്ഷംരൂപയുടെ പദ്ധതികള്‍ക്കു രൂപം നല്‍കി. പോലിസ് ഒരുക്കിയ വ്യവഹാരക്കുരുക്കുകള്‍ക്കിടയിലും അനസ് 100 ശതമാനം പദ്ധതിവിഹിതം ജനങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു.

തന്റെ വാര്‍ഡിലെ വൃദ്ധജനങ്ങള്‍ക്കായി പ്രതിമാസ ജനകീയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതാണ് അനസിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതി. തന്റെയും സഹപ്രവര്‍ത്തകരുടെയും പരിശ്രമത്തിലൂടെ ദാതാക്കളെ കണ്ടെത്തി അവരില്‍നിന്നു ശേഖരിക്കുന്ന പണമാണ് പെന്‍ഷന്‍ പദ്ധതിക്കായി ചെലവഴിച്ചു വരുന്നത്. തന്റെ അവസരം കഴിഞ്ഞാലും ഈ പദ്ധതി തുടരാന്‍ തന്നെയാണ് അനസിന്റെ തീരുമാനം. നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകളും ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ പിഎസ്‌സി പരിശീലനപ്രോഗ്രാമുകളും അനസിന്റെ നേതൃത്വത്തില്‍ മുടക്കമില്ലാതെ നടന്നുവരുന്നുണ്ട്. തന്റെ ഡിവിഷനില്‍ താന്‍ നടപ്പാക്കിയ ജനകീയ വികസന പദ്ധതികള്‍ അണിനിരത്തിയാണ് അനസ് ജില്ലാ പഞ്ചായത്തിലേക്കു സമ്മതിദായകരെ സമീപിക്കുന്നത്.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കളെയാണ് അനസ് തിരഞ്ഞെടുപ്പില്‍ നേരിടുന്നത്. കെപിസിസി സെക്രട്ടറിയും സിറ്റിങ് മെംബറുമായ അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് യുഡിഎഫില്‍ നിന്നും സിനിമാ നിര്‍മാതാവ് കൂടിയായ മമ്മി സെഞ്ച്വറി എല്‍ഡിഎഫിലും ഇവിടെ നിന്ന് ജനവിധി തേടുമ്പോള്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് ആണ് ബിജെപിക്കു വേണ്ടി മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്സിനിടയിലെ പടലപ്പിണക്കവും എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയിലുള്ള പാരവയ്പും അനസിന് കൂടുതല്‍ ഗുണകരമാവുമെന്നു തന്നെയാണു പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss